കേരള സ്റ്റോറിയുടെ പേര് മാറ്റാൻ കഴിയില്ലെന്ന് നിർമ്മാതാവ്

KERALA-STORY-2-PRODUCER-ON-HIGH-COURT

കേരള സ്റ്റോറി രണ്ടാം ഭാഗം ഇതിനകം തന്നെ വലിയ  വിവാദമായി കഴിഞ്ഞു. സിനിമ നിരോധിക്കണം എന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ വന്ന ഹർജിയിൽ  വാദം തുടരുകയാണ്. സിനിമാ നേരിട്ട് കണ്ടു വിലയിരുത്താൻ കോടതി തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോടതി നടപടികളെ എതിർത്തുകൊണ്ട് നിർമ്മാതാവ് സത്യവാങ്മൂലം സമർപ്പിച്ചത്. കേരള സ്റ്റോറി രണ്ടാം ഭാഗവുമായി ബന്ധപ്പെട്ട വിവാദങ്ങളെക്കുറിച്ചും നിർമ്മാതാവ് വിപുൽ അമൃത് ലാൽ ഷാ കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.

 സിനിമ പ്രദർശിപ്പിക്കുന്ന കാര്യത്തിൽ നിലപാട് എടുക്കാനുള്ള അധികാരം സെൻസർ ബോർഡിന് ആണെന്ന് നിർമ്മാതാവ് വാദിക്കുന്നു. ബോർഡിന്റെ അധികാരത്തിന് മുകളിൽ ഹൈക്കോടതി ഇടപെടുന്നത് ശരിയല്ല. സിനിമയുടെ ടീസർ മാത്രം കണ്ട് സിനിമയെ ആകെ വിലയിരുത്തുന്നത് ശരിയല്ല. മാത്രമല്ല ടീസർ പുറത്തിറങ്ങി 16 ദിവസം കഴിഞ്ഞാണ് നിരോധിക്കണം എന്ന് ആവശ്യപ്പെട്ട് ഉള്ള ഹർജി കോടതിയിൽ എത്തിയത്. ഇത് വൈകിയെത്തിയ ഹർജി ആണെന്നും നിർമാതാവ് വാദിക്കുന്നു.

 കേരള സ്റ്റോറി രണ്ടാം ഭാഗത്തിന്റെ പേര് മാറ്റാനാകില്ല എന്നും നിർമ്മാതാവ് പറയുന്നു. കേരളം ഉൾപ്പെടെ മൂന്ന് സംസ്ഥാനങ്ങളിലെ സംഭവങ്ങളാണ് സിനിമയിൽ പറയുന്നത്. സിനിമയുടെ പേരിൽ ഉള്ള ‘ഗോസ് ബിയോണ്ട്’ ഇതാണ് വ്യക്തമാക്കുന്നത്. മൂന്ന് സംസ്ഥാനങ്ങളിൽ നിന്നുള്ള മൂന്നു സ്ത്രീകളാണ് പ്രധാന കഥാപാത്രങ്ങളായി സിനിമയിൽ എത്തുന്നത്. സിനിമയിൽ പ്രതിപാദിക്കുന്ന വിഷയം കേരളത്തിൽ മാത്രം ഉള്ളതല്ല എന്നും നിർമാതാവ് വ്യക്തമാക്കുന്നുണ്ട്. ഇതൊരു ദേശീയ പ്രശ്നമാണ്. അതുകൊണ്ടാണ് ‘ഗോസ് ബിയോണ്ട്’ എന്നത് സിനിമയുടെ പേരിൽ തന്നെ ഉൾപ്പെടുത്തിയിരിക്കുന്നത്. കേവലം ഇതൊരു ആലങ്കാരികമായ പ്രയോഗമല്ല എന്നും നിർമ്മാതാവ് വ്യക്തമാക്കുന്നു.

 സംസ്ഥാനത്താകെ വലിയ പ്രതിഷേധങ്ങളാണ് കേരള സ്റ്റോറിയുടെ രണ്ടാം ഭാഗത്തിനെതിരെ ഉയർന്നുവന്നത്. കേരളത്തിലെ പ്രശ്നമല്ല സിനിമയിൽ കാണിക്കുന്നത് എന്നായിരുന്നു പ്രധാന ആക്ഷേപം. കേരളത്തിൽ ഇതുവരെ ആർക്കും നിർബന്ധിച്ച് വായിൽ വച്ച് ബീഫ് നൽകുന്ന സംഭവമുണ്ടായിട്ടില്ല എന്ന് പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. സംസ്ഥാനത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ ഇതിനെതിരെ അതിശക്തമായ പ്രതിഷേധമാണ് ഉയർത്തിയത്. ഇടതുപക്ഷ വിദ്യാർത്ഥി സംഘടനയായ എസ്എഫ്ഐ തിരുവനന്തപുരത്ത് ബീഫ് വിളമ്പി കൊണ്ടുള്ള പ്രതിഷേധ പരിപാടി സംഘടിപ്പിച്ചിരുന്നു.

 സിനിമയെ സംബന്ധിച്ച വലിയ വിവാദങ്ങൾ തുടരുന്നതിനിടെ ഹൈക്കോടതിയുടെ ഇടപെടൽ നിർണായകമാണ്. സിനിമ കണ്ട ശേഷം കോടതി എന്ത് തീരുമാനം എടുക്കും എന്നാണ് കാത്തിരുന്നു കാണേണ്ടത്. വിഷയത്തിൽ സെൻസർ ബോർഡ് എടുക്കുന്ന നിലപാടുകളും പ്രധാനമാണ്. അതിനിടയിൽ കേരള സ്റ്റോറി സിനിമയുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം നടത്തിയ വാർത്ത സമ്മേളനം വിവാദമായിരുന്നു. ലൗ ജിഹാദിന് ഇരയായവർ എന്ന് ചൂണ്ടിക്കാട്ടിൽ ഒരുപറ്റം സ്ത്രീകളുമായാണ് സിനിമയുടെ അണിയറ പ്രവർത്തകർ വാർത്താ സമ്മേളനം നടത്തിയത്. ഇതിൽ കേരളത്തിൽ നിന്നുള്ള സ്ത്രീകൾ ആരും ഉണ്ടായിരുന്നില്ല എന്നതായിരുന്നു വിവാദം. ഏതായാലും സിനിമ പുറത്തു വരാനിരിക്കെ വിവാദങ്ങളും പ്രതിഷേധങ്ങളും കടുക്കും എന്ന് ഉറപ്പ്. കോടതി എടുക്കുന്ന തീരുമാനം ആയിരിക്കും ഇക്കാര്യത്തിൽ ഇനി നിർണായകം.

Share This Post

Leave a Reply

Your email address will not be published. Required fields are marked *