ആറ്റുകാൽ പൊങ്കാല;അറിയേണ്ടതെല്ലാം

AATHUKAL-PONKALA-FAITH-CUSTOMS

 ഭക്തജന ലക്ഷങ്ങൾ ആറ്റുകാലിലേക്ക്  ഒഴുകിയെത്തുന്ന മണിക്കൂറുകളാണ് ഇനി. തിരുവനന്തപുരം നഗരം അക്ഷരാർത്ഥത്തിൽ  ഒരു യാഗശാലയായി മാറുന്ന അപൂർവ നിമിഷം. യാഗത്തിന്റെ യജമാനന്മാർ പക്ഷേ സ്ത്രീകളാണ് എന്ന് മാത്രം. ഇത്ര അധികം സ്ത്രീകൾ ഒരുമിച്ച് ദേവിയെ ആരാധിച്ചുകൊണ്ട് സമർപ്പണം നടത്തുന്ന ഒരു ചടങ്ങ് ലോകത്തിൽ തന്നെ അപൂർവ്വം. അതുകൊണ്ടുതന്നെയാണ് സ്ത്രീകളുടെ ശബരിമല എന്ന വലിയ വിശേഷണത്തോടുകൂടി ആറ്റുകാൽ ദേവീക്ഷേത്രം അറിയപ്പെടുന്നത്.

 ആറ്റുകാൽ പൊങ്കാല വർഷങ്ങളായി കേട്ടറിയുന്നവർ ആണ് മലയാളികളിൽ ഭൂരിപക്ഷം ആളുകളും. ഇതിനകം തന്നെ ലക്ഷക്കണക്കിന് സ്ത്രീകൾ പൊങ്കാലയുടെ ഭാഗമായി കഴിഞ്ഞു. ഒരിക്കലെങ്കിലും പോയവരെ വീണ്ടും വീണ്ടും   അമ്മയുടെ അടുത്തേക്ക്   തിരികെയെത്തിക്കുന്ന  അനുഭവമാണ് വിശ്വാസികൾക്കുള്ളത്. എന്നാൽ ആറ്റുകാൽ പൊങ്കാലയുടെ ഐതിഹ്യവും ചരിത്രവും ചടങ്ങുകളും ഒന്നും ധാരണയുള്ളവരായിരിക്കില്ല എല്ലാവരും. ക്ഷേത്രാരാധനയുടെ ഭാഗമായി പങ്കെടുക്കുന്നവരാണ് ഏറെയും.പൊങ്കാല നിവേദ്യം ഉൾപ്പെടെയുള്ള ചടങ്ങുകളെ കുറിച്ച് മാത്രമായിരിക്കും പ്രാഥമിക ധാരണ. എന്താണ് ആറ്റുകാൽ പൊങ്കാല? ആറ്റുകാൽ അമ്മയെ സംബന്ധിച്ചുള്ള ഐതിഹ്യം എന്താണ്. ചരിത്രത്തിൽ ആറ്റുകാൽ പൊങ്കാലയുടെ ഇടം എന്താണ്?

 ക്ഷേത്രാചാരങ്ങളെ കുറിച്ച് വിശ്വാസികൾക്കുള്ള ധാരണ എത്രത്തോളമാണ് എന്നത് പലപ്പോഴും ചോദ്യമായി അവശേഷിക്കുന്നു.  പൂജയും ആരാധനയും നടത്തുന്ന പുരോഹിതന്മാർക്ക് പോലും ഇതിനെക്കുറിച്ച് കൃത്യമായ അറിവില്ലാത്തത് പലപ്പോഴും പുറത്തുവന്നതാണ്. ശബരിമലയിലെ മേൽശാന്തി അഭിമുഖം ഉൾപ്പെടെയുള്ള കാര്യങ്ങൾ  വാർത്തകളിൽ ഇടം പിടിച്ചതും ശ്രദ്ധേയമായിരുന്നു. ചെയ്യുന്ന ആരാധനാക്രമത്തെക്കുറിച്ച് കൃത്യമായ ധാരണ ഉണ്ടായാൽ കുറച്ചുകൂടി ഫലം കിട്ടും എന്ന് പറയാറുണ്ട്. അതുകൊണ്ടുതന്നെ ആറ്റുകാൽ പൊങ്കാലയെ കുറിച്ച് ആഴത്തിൽ മനസ്സിലാക്കി അത് ചെയ്യുന്ന ഭക്തർക്ക് ഗുണം മാത്രമാണ് ലഭിക്കുക.

 പൊങ്കാലയുടെ ഐതിഹ്യം

 ഓരോ ക്ഷേത്രത്തിലെ ആരാധനയെ കുറിച്ചും പലതരത്തിലുള്ള ഐതിഹ്യങ്ങൾ  പ്രചരിക്കാറുണ്ട്. ചിലതിനൊക്കെ ചരിത്രത്തിന്റെ പിൻബലവും ഉണ്ടാകാറുണ്ട്. ഏതായാലും ഐതിഹ്യ കേന്ദ്രീകൃതമാണ് ആചാരങ്ങളിൽ ഏറെയും. ആറ്റുകാൽ പൊങ്കാലയുടെ ഐതിഹ്യവും ക്ഷേത്രപ്രതിഷ്ഠയും എല്ലാം ഇങ്ങനെ വിവിധ ഐതിഹ്യങ്ങളാൽ നിറഞ്ഞതാണ്. കണ്ണകിയുടെ ചരിതവുമായി ബന്ധപ്പെട്ടാണ് ആറ്റുകാൽ പൊങ്കാല ഏറ്റവും ചേർന്നു നിൽക്കുന്നത്. 

കണ്ണകീ ചരിതം 

 കണ്ണകിയുടെ ഭർത്താവായ കോവാലനെ കാരണമില്ലാതെ കൊന്ന  പാണ്ഡ്യരാജാവിന്റെ കഥ പ്രസിദ്ധമാണ്. ഇതിനെ തുടർന്ന് കോപത്താൽ ആളിക്കത്തിയ കണ്ണകി  പാണ്ഡ്യരാജാവിന്റെ ആസ്ഥാനമായ മധുര ചുട്ടെരിച്ചു എന്നതാണ് ഐതിഹ്യം. മധുര ചുട്ടരിച്ച കണ്ണകി  ചേര രാജ്യത്തേക്ക് കാൽനടയായി എത്തി എന്നതാണ് വിശ്വാസം. കൊടുങ്ങല്ലൂരിലേക്കുള്ള യാത്രാമധ്യേ  ഏറെ ദൂരം നടന്ന് തളർന്ന കണ്ണകി തിരുവനന്തപുരത്ത് കിള്ളിയാറിന് സമീപമുള്ള സ്ഥലത്ത് എത്തി. അവിടെ ഉണ്ടായിരുന്ന സ്ത്രീകൾ കണ്ണകിക്ക് ഭക്ഷണവും വെള്ളവും നൽകി പരിപാലിച്ചു. ഇതോടെ അവരുടെ സങ്കടവും കോപവും എല്ലാം ശമിച്ചു. തനിക്ക് ഭക്ഷണം നൽകിയ സ്ത്രീകളെ കണ്ണകി സന്തോഷം കൊണ്ട് മനസ്സ് നിറഞ്ഞ് അനുഗ്രഹിച്ചു.  അനുഗ്രഹം കിട്ടിയ സ്ത്രീകൾ പിന്നീട് ഇത് എല്ലാവർഷവും പൊങ്കാലയിട്ട് ദേവിക്ക് നിവേദ്യം നൽകി എന്നതാണ് പ്രബലമായ ഒരു  വിശ്വാസം.

 ക്ഷേത്ര പ്രതിഷ്ഠ

 ആറ്റുകാൽ ദേവീക്ഷേത്രത്തിലെ പ്രതിഷ്ഠയുമായി ബന്ധപ്പെട്ടും ഐതിഹ്യങ്ങളാണ് നിലവിലുള്ളത്. ആറ്റുകാലിലെ പ്രധാനപ്പെട്ട തറവാട് ആയിരുന്നു മുല്ല വീട്ടിൽ തറവാട്. അവിടുത്തെ കാരണവർ കിള്ളിയാറിൽ കുളിച്ചു കൊണ്ടിരുന്നപ്പോൾ ഒരു ബാലിക കടന്നുവന്നു.തന്നെ ആറു മുറിച്ചു കടക്കാൻ സഹായിക്കുമോ എന്ന് ചോദിച്ചാണ് ആ ബാലിക എത്തിയത്. കാരണവർ ബാലികയെ ആറിന്റെ മറുകരയിൽ എത്തിച്ചു. പിന്നീട് തന്റെ വീട്ടിൽ കൊണ്ടുപോയി. തുടർന്ന് ബാലികക്ക് നൽകാനായി ഭക്ഷണം എടുക്കാൻ  ഉള്ളിലേക്ക് പോയി തിരികെ വന്നപ്പോഴേൾ ബാലിക അപ്രത്യക്ഷയായി.

 രാത്രി ഉറങ്ങാൻ കിടന്ന കാരണവരുടെ സ്വപ്നത്തിൽ ബാലിക എത്തി. താൻ ആദിപരാശക്തിയായ പ്രപഞ്ചനാഥയാണെന്ന് ബാലിക കാരണവരെ അറിയിച്ചു. പറയുന്ന സ്ഥലത്ത് തന്നെ കുടിയിരുത്തിയാൽ അഭിവൃദ്ധി ഉണ്ടാകുമെന്ന് ബാലിക പറഞ്ഞതായാണ് വിശ്വാസം. തൊട്ടടുത്ത ദിവസം തന്നെ അടുത്തുള്ള കാവിൽ എത്തിയ കാരണവർ  ത്രിശൂലം കൊണ്ട് അടയാളപ്പെടുത്തിയ സ്ഥലം കണ്ടു. അവിടെ ദേവിയുടെ നിർദ്ദേശപ്രകാരം ക്ഷേത്രം നിർമ്മിച്ചുഎന്നാണ് വിശ്വാസം. ഇതാണ് ആറ്റുകാൽ ക്ഷേത്രമായി മാറിയത്.

 ആറ്റുകാൽ വിശ്വാസം ബുദ്ധമതത്തിലേക്കും 

 കേരളത്തിൽ  ഒരുകാലത്ത് ബുദ്ധമതത്തിന് ഉണ്ടായിരുന്ന ശക്തി പ്രസിദ്ധമാണ്. ബിസി മൂന്നാം നൂറ്റാണ്ട് മുതൽ എഡി എട്ടാം നൂറ്റാണ്ട് വരെ കേരളത്തിൽ പ്രബലമായി ഉണ്ടായിരുന്നത് ബുദ്ധമതമാണെന്നാണ്  ചില ചരിത്രകാരന്മാർ ചൂണ്ടിക്കാട്ടുന്നത്. ഈ ഘട്ടത്തിൽ ബുദ്ധമത ആചാരങ്ങൾ കേരളത്തിൽ വ്യാപകമായി ഉണ്ടായിരുന്നു. ശങ്കരാചാര്യരുടെ കാലത്ത് ഇത്തരം കേന്ദ്രങ്ങൾ ഹിന്ദുമത സംസ്കാരത്തിലേക്ക് മാറി എന്നതാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളിലെ ആചാരങ്ങളിലെല്ലാം ബുദ്ധമതത്തിന്റെ സ്വാധീനമുണ്ട് എന്ന് ഒരു വിഭാഗം ചരിത്രകാരന്മാർ ചൂണ്ടിക്കാണിക്കുന്നത് അതുകൊണ്ടുതന്നെയാണ്. ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട ചടങ്ങുകളിലും ഇത്തരം സാദൃശ്യങ്ങൾ ചൂണ്ടിക്കാണിക്കപ്പെടുന്നു.

 ബുദ്ധമത വഴിപാടുകളിൽ പ്രധാനപ്പെട്ടവയാണ് ഘോഷയാത്രകളും കെട്ടുകാഴ്ചയും എല്ലാം. സമൂഹമായി അരി കൊണ്ടുള്ള ഭക്ഷണപദാർത്ഥങ്ങൾ ഉണ്ടാക്കി നടത്തുന്ന ആചാരങ്ങളും ബുദ്ധമതത്തിൽ ഉണ്ട്. പൊങ്കാല ഇതിന് സമാനമാണെന്നാണ് ഈ ചരിത്രകാരന്മാരുടെ വാദം.

 കണ്ണകിയുമായി ബന്ധപ്പെട്ട കഥ പരാമർശിക്കുമ്പോഴും  ബുദ്ധമതവുമായി ചേർത്തു വായിക്കുകയാണ് ഈ ചരിത്രകാരന്മാർ. ‘ചിലപ്പതികാര’ത്തിലാണ് കണ്ണകിയുടെ കഥ പ്രധാനമായി ചൂണ്ടിക്കാട്ടുന്നത്. ‘ചിലപ്പതികാരം’ എഴുതിയത് ഇളങ്കോ അടിഗൾ (ilanko adigal )ആണ്. അദ്ദേഹത്തെ പരമ്പരാഗതമായി ഒരു ബുദ്ധമത സന്യാസിയായാണ് കരുതപ്പെടുന്നത്. അങ്ങനെ കണ്ണകിയുടെ ആരാധനയിൽ നിന്ന് ഉരുത്തിരഞ്ഞ ആറ്റുകാൽ ക്ഷേത്ര ഐതിഹ്യവും ബുദ്ധമതത്തോട് ചേർത്തുവയ്ക്കുകയാണ് ഇക്കൂട്ടർ.  അതുവഴിയാണ് ആചാരങ്ങളിലെ സമൂഹ പൊങ്കാല ഉൾപ്പെടെയുള്ള ചടങ്ങുകൾ ഉണ്ടായതെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. കേരളത്തിലെ കണ്ണകി പാരമ്പര്യത്തിലുള്ള ക്ഷേത്രങ്ങളായി വിശ്വസിക്കപ്പെടുന്ന ആറ്റുകാലും കൊടുങ്ങല്ലൂരും സമാനരീതിയിലുള്ളതാണെന്ന് ഇവർ വാദിക്കുന്നുണ്ട്.

 ആറ്റുകാൽ പ്രതിഷ്ഠയ്ക്ക് വിവിധ വാദങ്ങൾ

 ചരിത്രകാരനായ എംജി ശശിഭൂഷനെ പോലെയുള്ളവർ ആറ്റുകാലിനെ കുറിച്ച് പല അഭിമുഖങ്ങളിലും തന്റെ നിലപാടുകൾ വ്യക്തമാക്കിയിട്ടുണ്ട്. കണ്ണകി കൊടുങ്ങല്ലൂരിലേക്കുള്ള യാത്രയിൽ തിരുവനന്തപുരം വഴി വരാനുള്ള സാധ്യത അദ്ദേഹം തള്ളിക്കളയുകയാണ്. പെരിയാറിന് തീരത്ത് കൂടിയാണ് യാത്രയുണ്ടായിരുന്നത് എന്ന് പഠനങ്ങളിൽ വ്യക്തമായിരുന്നതായി അദ്ദേഹം പറയുന്നു. മാത്രമല്ല ആറ്റുകാലിൽ ഉള്ളത് ഭദ്രകാളി പ്രതിഷ്ഠയാണ് എന്നാണ് എം ജി ശശിഭൂഷൻ ചൂണ്ടിക്കാട്ടുന്നത്.  

 ഹൈന്ദവ പാരമ്പര്യം അനുസരിച്ച് ശൈവം, വൈഷ്ണവം,ശാക്തേയം എന്നീ മൂന്ന് ആരാധനാരീതികൾ ആണ് ഉള്ളത്. ഇതിൽ ശാക്തേയ രീതിയിലാണ് ആറ്റുകാലിൽ ആരാധനാക്രമങ്ങൾ നടന്നത്. ശാക്തേയത്തിൽ തന്നെ വാമാചാരവും ദക്ഷിണാചാരവും ഉണ്ട്. ഇതിൽ വാമാചാരം ആയിരുന്നു ആറ്റുകാലിൽ പിന്തുടർന്നത്. വാമാചാരത്തിൽ മൃഗബലി ഉൾപ്പെടെയുള്ള ചടങ്ങുകളും ആരാധനയുടെ ഭാഗമായിരുന്നു. ആറ്റുകാലും ഒരുകാലത്ത് മൃഗബലി ഉണ്ടായിരുന്നു എന്നാണ് എംജി ശശിഭൂഷൻ വ്യക്തമാക്കുന്നത്.

 ആറ്റുകാലിൽ ചട്ടമ്പിസ്വാമിയുടെ ഇടപെടൽ 

 ആറ്റുകാലിന്റെ പിൽക്കാലത്തുള്ള വളർച്ചയിൽ ചട്ടമ്പിസ്വാമിയുടെ പങ്ക് വളരെ വലുതാണ് എന്നാണ് ചരിത്രകാരന്മാർ ചൂണ്ടിക്കാട്ടുന്നത്. സാമൂഹിക പരിഷ്കർത്താവായിരുന്ന ചട്ടമ്പിസ്വാമി പല അനാചാരങ്ങൾക്കെതിരെയും ശക്തമായി നിലപാടെടുത്തു. ആറ്റുകാലിലും ഇന്നുള്ള മാറ്റത്തിൽ ചട്ടമ്പിസ്വാമികളുടെ ഇടപെടൽ വളരെ വലുതാണെന്ന് എം ജി ശശിഭൂഷൻ പറയുന്നു. ആറ്റുകാലിലെ മൃഗബലി ഇല്ലാതാകാൻ പ്രധാന കാരണക്കാരൻ ആയത് ചട്ടമ്പിസ്വാമി ആണെന്നാണ് ശശിഭൂഷന്റെ നിലപാട്.

 വീടുകൾ കേന്ദ്രീകരിച്ച് താമസിച്ചു കൊണ്ടായിരുന്നു ചട്ടമ്പിസ്വാമി അന്ന് പ്രവർത്തിച്ചിരുന്നത്. ജാതി വ്യത്യാസമില്ലാതെ വിവിധ വീടുകളിൽ താമസിച്ചിരുന്ന ചട്ടമ്പിസ്വാമിയുടെ യാത്രകൾ പ്രസിദ്ധമാണ്.കാവി ധരിക്കാതെ സന്യാസിയായി നടന്നിരുന്ന ചട്ടമ്പിസ്വാമി അക്കാലത്ത് ആറ്റുകാൽ ക്ഷേത്രത്തിലും എത്തി. ക്ഷേത്രത്തിൽ മൃഗബലിക്കായി  കെട്ടിയിരുന്ന കാളയെ കണ്ട ചട്ടമ്പിസ്വാമി അതിനെ അഴിച്ചുവിടാൻ നിർദ്ദേശം നൽകി.  ഇതുമൂലം ഉണ്ടാകാവുന്ന ദോഷങ്ങൾ പൂർണമായും താൻ തന്നെ ഏറ്റുകൊള്ളാം എന്നും ക്ഷേത്രം ഭരണാധികാരികളെ അദ്ദേഹം അറിയിച്ചു. അങ്ങനെയാണ് അവിടുത്തെ പൂജാരിയുടെ കൂടി ഇടപെടലിലൂടെ മൃഗബലി അവസാനിച്ചതെന്ന്  അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

 ചങ്ങമ്പുഴയും ആറ്റുകാലിൽ

 തന്റെ പിതാവായ പ്രൊഫസർ എസ് ഗുപ്തൻ നായരും മഹാകവി ചങ്ങമ്പുഴയും ഒരുമിച്ച് ആറ്റുകാൽ ക്ഷേത്രത്തിലെത്തിയ ഓർമ്മകളും എം ജി ശശിഭൂഷൻ പങ്കുവയ്ക്കുന്നു. പുറമേക്ക് ഒരു ഭക്തനായിരുന്നില്ല ചങ്ങമ്പുഴ. എന്നാൽ പരിപൂർണ്ണമായി നിരീശ്വരവാദിയും ആയിരുന്നില്ല. ഇടപ്പള്ളി രാജവംശവുമായി വളരെ അടുപ്പം ഉണ്ടായിരുന്ന കുടുംബമാണ് ചങ്ങമ്പുഴ തറവാട്. അക്കാലത്തെ മഹാരാജാസ് ആർട്സ് കോളേജിൽ ചങ്ങമ്പുഴ പഠിക്കാൻ എത്തിയിരുന്നു. പിൽക്കാലത്ത് തിരുവനന്തപുരം ഗവൺമെന്റ് ആർട്സ് കോളേജ് മാറിയ ഇവിടെയാണ് ബി എ ഓണേഴ്സ് ബിരുദം പഠിക്കാനായി ചങ്ങമ്പുഴ എത്തിയത്. കോളേജിൽ എത്തുന്ന കാലത്ത് തന്നെ ചങ്ങമ്പുഴ പ്രസിദ്ധനായിരുന്നു. ചങ്ങമ്പുഴയുടെ സഹപാഠിയായിരുന്ന കുഞ്ഞു ശങ്കരപ്പിള്ളയാണ്  അദ്ദേഹത്തെ ആറ്റുകാലിലേക്ക് കൊണ്ടുവന്നത്. ഇവർക്കൊപ്പം തന്റെ പിതാവായിരുന്ന എസ് പ്രൊഫസർ എസ് ഗുപ്തൻ നായരും ഉണ്ടായിരുന്നു. 

 അക്കാലത്ത് ഗോപുരം പോലുമില്ലാത്ത ഒരു ക്ഷേത്രമായിരുന്നു ആറ്റുകാൽ. പിന്നീട് പ്രസിദ്ധമായ സ്തംഭവിളക്കും അക്കാലത്ത് ഇല്ല. ചങ്ങമ്പുഴ പുറത്ത് പ്രകൃതി ഭംഗി ആസ്വദിച്ച് നിൽക്കുകയായിരുന്നു. ക്ഷേത്രത്തിനുള്ളിലേക്ക് കുഞ്ഞു ശങ്കരപ്പിള്ളയും പ്രൊഫസർ എസ് ഗുപ്തൻ നായരും പോയി. തിരികെ എത്തിയപ്പോൾ ചങ്ങമ്പുഴ പാടിയത് ആറ്റുകാൽ അമ്മയെ കുറിച്ചുള്ള ഒരു നിമിഷ കവിത. കുഞ്ഞു ശങ്കരപ്പിള്ളയുടെ ആത്മകഥയിലാണ് ഈ അപൂർവ നിമിഷത്തെക്കുറിച്ച് പറയുന്നതെന്ന് എംജി ശശിഭൂഷൻ ചൂണ്ടിക്കാട്ടുന്നു. എന്നാൽ നിർഭാഗ്യവശാൽ അന്ന്  ചങ്ങമ്പുഴ ചൊല്ലിയ നിമിഷ കവിത ആരും എഴുതി വെച്ചിരുന്നില്ല എന്നും അദ്ദേഹം വ്യക്തമാക്കി. അക്കാലത്ത് പ്രസിദ്ധനായ നെല്ലുവേലി എന്ന നിമിഷ കവിയും ആറ്റുകാൽ അമ്മയെ പ്രകീർത്തിച്ച് കവിത എഴുതിയിരുന്നതായി ശശിഭൂഷൻ പറയുന്നു. സമകാലിക സംഭവങ്ങൾ കവിതയുടെ രൂപത്തിലാക്കി അവതരിപ്പിക്കുന്നതിൽ പ്രസിദ്ധനായിരുന്നു നെല്ലുവേലി. സുബൈദാർ വേലുപിള്ള എന്ന നിമിഷ കവിയും ആറ്റുകാലമ്മയെ സ്തുതിച്ചു അക്കാലത്ത് തന്നെ കവിത എഴുതിയിരുന്നു.

 പൂരം നക്ഷത്രത്തിലെ പൊങ്കാല.

 കുംഭ മാസത്തിലെ കാർത്തികയിൽ തുടങ്ങി  ഉത്രം നാൾ വരെയാണ് ആറ്റുകാൽ ക്ഷേത്രോത്സവം. ഇതിൽ ഒമ്പതാം നാളിലാണ് പൊങ്കാല മഹോത്സവം നടക്കുന്നത്. അതായത് കുംഭമാസത്തിലെ പൂരം നക്ഷത്രത്തിൽ ആണ് ആറ്റുകാൽ പൊങ്കാല. ഐതിഹ്യ പ്രസിദ്ധമാണ് ഈ നാളും. ആദ്യമായി ആറ്റുകാലിൽ എത്തിയ കണ്ണകിയെ മുല്ല വീട്ടിൽ കാരണവർ നിവേദ്യം സമർപ്പിച്ച് പ്രാർത്ഥിച്ചിരുന്നു. അത് കുംഭമാസത്തിലെ പൂരം നക്ഷത്രത്തിൽ ആണ് എന്നാണ് ഐതിഹ്യം. അതുകൊണ്ടാണ് ഇപ്പോഴും ആ ദിവസം പൊങ്കാല സമർപ്പിക്കുന്നത്. കാർത്തിക നാളിൽ കാപ്പു കെട്ടി ആണ് ക്ഷേത്രത്തിലെ ചടങ്ങുകൾ തുടങ്ങുന്നത്. ക്ഷേത്രത്തിന്റെ നാലമ്പലത്തിന് പുറത്ത് ഗോപുരത്തിന് മുന്നിൽ ഓലപ്പുര കെട്ടിയാണ്  ദേവി വർണ്ണന ഉൾപ്പെടുന്ന തോറ്റംപാട്ട്  നടത്തുന്നത്. ഇതും ഈ ദിവസങ്ങളിൽ ക്ഷേത്രത്തിലെത്തിയാൽ കാണാം.

 പൊങ്കാലയെങ്ങനെ?

 ആറ്റുകാൽ ക്ഷേത്രത്തിനു മുന്നിലെ പ്രധാന അടുപ്പിൽ മേൽശാന്തി തീ കൊളുത്തുന്നതോടെയാണ് പൊങ്കാല ചടങ്ങുകൾക്ക് തുടക്കമാകുക. തുടർന്ന് ഒരു അടുപ്പിൽ നിന്ന് തൊട്ടടുത്ത അടുപ്പിലേക്ക് എന്നവണ്ണം ദീപകരും. ക്ഷേത്രത്തിന്റെ കിലോമീറ്റർ അപ്പുറം തിരുവനന്തപുരം നഗരമാകെ പൂർണ്ണമായും യാഗശാലയായി മാറുന്ന നിമിഷം. എല്ലാ കഷ്ടപ്പാടുകളും സഹിച്ച് ദിവസങ്ങളോളം നഗരത്തിന്റെ തെരുവിൽ തന്നെ കാത്തു കഴിഞ്ഞിരുന്ന ഭക്തർക്ക് ധന്യതയുടെ നിമിഷം. തുടർന്ന് ഉച്ചയ്ക്കുശേഷമാണ് നിവേദ്യം ഉൾപ്പെടെയുള്ള ചടങ്ങുകൾ ഉണ്ടാകുക. ഓരോ വർഷത്തെയും മുഹൂർത്തം അനുസരിച്ചായിരിക്കും ഈ സമയക്രമം വരുക. 

 പൊങ്കാല വ്രതം എങ്ങനെ?

 മനസ്സിന്റെയും ശരീരത്തിന്റെയും നിയന്ത്രണം തന്നെയാണ് ഓരോ പ്രധാന വ്രതങ്ങളിലും ഉള്ളത്. പൊങ്കാലയ്ക്കായി 9 ദിവസങ്ങളിലും വ്രതം എടുക്കണം എന്നാണ് ആചാര്യന്മാർ ചൂണ്ടിക്കാട്ടുന്നത്. 9 ദിവസം വ്രതം എടുക്കാൻ കഴിയാത്തവർക്ക് 3, 5,7  എന്നിങ്ങനെ ഇവയിൽ ഏതെങ്കിലും ഒരു ക്രമം അനുസരിച്ച് വ്രതം എടുക്കാം. എല്ലാ വ്രതങ്ങളിലും ഉള്ളതുപോലെ സസ്യാഹാരമാണ് ഇവിടെയും വേണ്ടത്. എല്ലാത്തരം ലഹരിയും പൂർണമായും വർജിക്കണം. ദേവി സ്തോത്ര നാമവും ക്ഷേത്രദർശനവും ഈ ദിവസങ്ങളിൽ ഉചിതമാണ്. പുല – വാലായ്മ ഉള്ളവർ പൊങ്കാല ഇടരുത് എന്നാണ് ആചാര്യന്മാർ പറയുന്നത്. പ്രസവിച്ചശേഷം 90 ദിവസം കഴിഞ്ഞുവേണം പൊങ്കാല പോലെയുള്ള ചടങ്ങുകളിൽ പങ്കെടുക്കാൻ.

 എന്തൊക്കെ വിഭവങ്ങൾ ആകാം?

 പ്രാദേശികമായി ഓരോ തരത്തിൽ വിഭവങ്ങൾ ഒരുക്കുന്നവർ ഉണ്ട്. എല്ലാം മനസ്സുകൊണ്ട് ദേവിക്കുള്ള സമർപ്പണം കൂടിയാണ്. ഉണക്കലരി കൊണ്ടുള്ള വെള്ളച്ചോറ് ഉണ്ടാക്കുന്നവരാണ് ഏറെ. നാളികേരവും, ശർക്കരയും, തേനും, നെയ്യും, പഞ്ചസാരയും, കൽക്കണ്ടവും, ഉണക്കമുന്തിരിങ്ങയും, ചെറുപയറും, കശുവണ്ടി പരിപ്പും, എള്ളും എല്ലാം ഇതിൽ ചേർക്കുന്നവരും ഉണ്ട്. ദേവിക്കുള്ള സമർപ്പണമായി സങ്കൽപ്പിക്കുന്നവർക്ക് സ്വന്തം വിശ്വാസമനുസരിച്ചുള്ള വിഭവങ്ങൾ തിരഞ്ഞെടുക്കാം. തലയ്ക്കുള്ള രോഗങ്ങൾ മാറുന്നതിന് മണ്ടപ്പുറ്റ് എന്ന വിഭവം ഒരുക്കുന്നവരും ഉണ്ട്. ദേവി ദേവന്മാരുടെ ഇഷ്ട വഴിപാടായ തിരളി ഒരുക്കുന്നവരെയും പൊങ്കാല സ്ഥലങ്ങളിൽ കാണാം. പുത്തൻ കലത്തിൽ തന്നെ വേണം പൊങ്കാലയിടാൻ എന്നത് വിശുദ്ധിയുടെ കൂടി അടയാളമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

 പൊങ്കാല പാത്രങ്ങൾ പിന്നീട് വീട്ടിൽ കൊണ്ടുപോയി ശുദ്ധിയായി അരിയിട്ട് വയ്ക്കുന്നതിന് ഉപയോഗിക്കാം എന്നും ആചാര്യന്മാർ പറയുന്നു. പൊങ്കാലയിട്ട കലം എന്ന പ്രത്യേകത ഇതിന് ഉണ്ടാകും. ഇതിൽനിന്ന്  ഒരു പിടി അരി കൂടി ചേർത്ത് ചോറ് വെക്കുന്നവരും ഉണ്ട്. ലളിതാസഹസ്രനാമത്തിലെ ദേവി സ്തുതി പൊങ്കാലയിടുന്നവർ  ജപിക്കുന്നത് ഉചിതമാണ്. 

ഐതിഹ്യങ്ങൾക്കും പൗരാണികതകൾക്കും അപ്പുറം ചരിത്രത്തിലേക്ക് നടന്നു നീങ്ങിയ വലിയൊരു ആചാരമായി ആറ്റുകാൽ പൊങ്കാല ഇന്ന് മാറിക്കഴിഞ്ഞു. സർക്കാർ സംവിധാനങ്ങളും നഗരസഭയും എല്ലാം ചേർന്ന് വലിയ സൗകര്യങ്ങളാണ് തിരുവനന്തപുരത്ത് ഒരുക്കുന്നത്. സന്നദ്ധ സംഘടനകളുടെ ഇടപെടലും വളരെ വലുതാണ്. എല്ലാത്തിനും അപ്പുറം മുഴുവൻ ത്യാഗങ്ങളും സഹിച്ച് തനു-മന-ധന സമർപ്പണത്തിലൂടെ ശക്തിസ്വരൂപണിയായ ദേവിയുടെ ചൈതന്യമാവാഹിച്ച മനുഷ്യരായി  അവിടെയെത്തുന്ന ഓരോ സ്ത്രീകളും മാറുകയാണ്. സമർപ്പണത്തിന്റെയും കൂട്ടായ്മയുടെയും ഒരുമയുടെയും എല്ലാം വലിയൊരു പ്രതീകം കൂടിയാണ് കേരളത്തിന്റെ വിശ്വപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല.

Share This Post

One thought on “ആറ്റുകാൽ പൊങ്കാല;അറിയേണ്ടതെല്ലാം

  1. It’s such an whole sum article. It takes us to the various aspects of the development of the existing so called practice the social reforms and how the various thought process of the changing society that can influence the religious practices. Thank you

Leave a Reply

Your email address will not be published. Required fields are marked *