Headlines

“ആട് 3 മുതൽ പാട്രിയറ്റ് വരെ: വേനലവധിയിൽ തിയേറ്ററുകൾ നിറയ്ക്കാൻ ഒരുങ്ങുന്ന13 മലയാള സിനിമകൾ”

aadu3-drishyam3-patriot-vazha

മലയാള സിനിമ പ്രേക്ഷകർക്ക് ഇനി ഉത്സവകാലമാണ്. ലോകത്താകമാനം യുദ്ധത്തിന്റെ വലിയ വെല്ലുവിളി നിലനിൽക്കുമ്പോഴും തീരുമാനിച്ച ഡേറ്റുകളിൽ റിലീസുകളുമായി മുന്നോട്ടു പോകാൻ ആണ് നിർമ്മാതാക്കളുടെ തീരുമാനം. വേനലവധി തുടങ്ങും മുൻപ് തന്നെ തിയേറ്ററുകൾ പൂരപ്പറമ്പ് ആകുമെന്ന് ഉറപ്പായിക്കഴിഞ്ഞു. ചിരിയുടെ മാലപ്പടക്കം കൊളുത്താൻ ആട് മൂന്ന് ആണ് ഇക്കൂട്ടത്തിൽ ആദ്യം തിയേറ്ററുകളിൽ എത്തുന്നത്. മാർച്ച് 19 നാണ് ആട് മൂന്നാം ഭാഗത്തിന്റെ റിലീസ്. ഏറെ ആകാംക്ഷയോടെ സിനിമാപ്രേമികൾ കാത്തിരിക്കുന്ന ഷാജി പാപ്പനെയും കൂട്ടുകാരെയും  ഒരുപാട് പുതുമകളോടെയാണ് ഇത്തവണ രംഗത്ത് എത്തിക്കുന്നത്.

 ആട് മൂന്ന് റിലീസ് ആകുന്നതിന് തൊട്ട് പിന്നാലെ ദൃശ്യം മൂന്നും തിയേറ്ററുകൾ നിറയ്ക്കും. ഹിറ്റ് സിനിമകളുടെ തുടർഭാഗങ്ങളാണ് ഇത്തവണ അവധിക്കാലത്ത് പ്രേക്ഷകരെ കാത്തിരിക്കുന്നത്. ആടിനും ദൃശ്യത്തിനും പിന്നാലെ വാഴയുടെ രണ്ടാം ഭാഗമാണ് ഇത്തരത്തിൽ തിയേറ്ററുകളിൽ എത്തുന്ന ഒരു സിനിമ. ഏറെക്കാലത്തിനുശേഷം മമ്മൂട്ടിയും മോഹൻലാലും പ്രധാന വേഷങ്ങളിൽ എത്തുന്ന പാട്രിയറ്റ് മലയാള സിനിമ പ്രേമികളെ മാത്രമല്ല ആകാംക്ഷയിൽ ആക്കുന്നത്.പാൻ ഇന്ത്യൻ സിനിമ എന്ന നിലയിലാണ് സിനിമക്കായി ആരാധകരുടെ കാത്തിരിപ്പ്. മമ്മൂട്ടിക്കും മോഹൻലാലിനും ഒപ്പം ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനും ഇതേ സിനിമയിൽ രംഗത്ത് എത്തുന്നു എന്നതാണ്  ആകാംക്ഷ കൂട്ടുന്നത്. ആടിനൊപ്പം മാർച്ച് 19ന് തന്നെ നിവിൻപോളി നായകനായി പ്രതിച്ഛായയും റിലീസ് ചെയ്യുന്നുണ്ട്. ഏതായാലും സിനിമകളുടെ റിലീസ് ഡേറ്റ് ഉൾപ്പെടെ ഏതാണ്ട് തീരുമാനമായിട്ടുണ്ട്.

ആട് 3

 മലയാള സിനിമ പ്രേക്ഷകരെ ഇപ്പോഴും കൂടുകൂടെ ചിരിപ്പിക്കുന്ന സിനിമയാണ് ആട്. ഒന്നാം ഭാഗം തിയേറ്ററിൽ ആരും അറിയാതെ പരാജയപ്പെട്ടെങ്കിലും ടിവിയിൽ സിനിമയെത്തിയതോടെ വൻ ഹിറ്റായി. ഡിവിഡി പുറത്തിറക്കി കച്ചവടം നടത്തിയതോടെ ആടിനെ മലയാളി പ്രേക്ഷകർ ഏറ്റെടുത്തു. ഷാജി പാപ്പനെയും കൂട്ടുകാരെയും മാത്രമല്ല സർബത്ത് ഷമീറിനെയും, അറക്കൽ അബുവിനെയും, ഡ്യൂഡിനേയും, സാത്താൻ സേവ്യറേയുമെല്ലാം പ്രേക്ഷകർ നെഞ്ചിലേറ്റി. ഇതോടെയാണ് ആടിന് രണ്ടാം ഭാഗം ഒരുക്കാൻ നിർമ്മാതാക്കൾ തീരുമാനിച്ചത്. രണ്ടാം ഭാഗത്തിന് കുറച്ചു തിയേറ്ററുകൾ മാത്രമാണ് തുടക്കത്തിൽ ലഭിച്ചത്. എന്നാൽ ആദ്യ ആഴ്ച പിന്നിട്ടതോടെ തിയേറ്ററുകളുടെ എണ്ണം മൂന്നിരട്ടിയായി. അങ്ങനെ രണ്ടാം ഭാഗം വൻ ഹിറ്റ് ആയതോടെയാണ് മൂന്നാം ഭാഗത്തിനായുള്ള കാത്തിരിപ്പ് പ്രേക്ഷകർ തുടങ്ങിയത്. ഏറെക്കാലമായുള്ള ആ കാത്തിരിപ്പിനാണ് ഇപ്പോൾ അന്ത്യം കുറിക്കുന്നത്. മലയാളത്തിലെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രങ്ങളിൽ ഒന്നായാണ് ആടിന്റെ മൂന്നാം ഭാഗം റിലീസിന് എത്തുന്നത്. 

 രണ്ട് കാലഘട്ടങ്ങളെ അടയാളപ്പെടുത്തി കൊണ്ടാണ് ആട് മൂന്നാം ഭാഗം പ്രേക്ഷകരെ ചിരിപ്പിക്കാൻ എത്തുന്നത്. എപ്പിക് ഫാന്റസി എന്ന നിലയിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്.ബിഗ് ബജറ്റ് ചിത്രമായതുകൊണ്ടുതന്നെ വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിംസ് വേണുകുന്നപ്പള്ളിയുടെ കാവ്യ ഫിലിംസുമായി ചേർന്നു കൊണ്ടാണ് ഇത്തവണ സിനിമ ഒരുക്കുന്നത്. എട്ടുമാസത്തോളം നീണ്ട ചിത്രീകരണത്തിനൊടുവിൽ ആണ് സിനിമ പ്രേക്ഷകരിലേക്ക് എത്തുന്നത്. യുദ്ധം ഉൾപ്പെടെയുള്ള വലിയ പ്രതിസന്ധികൾ നിലനിൽക്കുന്നുണ്ടെങ്കിലും തിയേറ്ററുകളിലേക്ക് ജനം ഒഴുകിയെത്തും എന്ന പ്രതീക്ഷയാണ് നിർമ്മാതാക്കൾക്ക് ഉള്ളത്. അതുകൊണ്ടുതന്നെ ആട് മൂന്നിന്റെ റിലീസ് മാറ്റിവെക്കാൻ നിലവിൽ നിർമാതാക്കൾ തയ്യാറായിട്ടില്ല. ലോകത്താകമാനം റിലീസുമായി മുന്നോട്ടു പോകാൻ ആണ് വിജയ് ബാബുവും സംഘവും തീരുമാനിച്ചിരിക്കുന്നത്.

 പ്രതിച്ഛായ

 ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന സിനിമയാണ് പ്രതിച്ഛായ. നിവിൻ പോളി നായകനായ സിനിമ ആട് മൂന്നിനൊപ്പം മാർച്ച് 19ന് തന്നെ റിലീസ് ചെയ്യും. ഗോകുലം ഗോപാലൻ നിർമ്മാണം നിർവഹിച്ച സിനിമ ഏറെക്കാലത്തിനുശേഷം മലയാളത്തിൽ രാഷ്ട്രീയ പശ്ചാത്തലം പങ്കുവെക്കുന്ന ഒന്നാണ്. പുതിയകാലത്തെ സൈബർ രാഷ്ട്രീയത്തെ കുറിച്ചാണ് സിനിമ പ്രധാനമായും പരാമർശിക്കുന്നത്. ഇതു കൂടാതെ അച്ഛൻ –  മകൻ ബന്ധവും സിനിമയുടെ പ്രധാന ഇതിവൃത്തമാണ്. 2019 ൽ എഴുതിയ ആദ്യ സ്ക്രിപ്റ്റ് മാറ്റി പുതിയത് ഒരുക്കിയാണ്  ബി ഉണ്ണികൃഷ്ണൻ പ്രതിച്ഛായയുമായി രംഗത്ത് വരുന്നത്

ദൃശ്യം 3

 മലയാളസിനിമയെ ഇന്ത്യൻ സിനിമയിൽ തന്നെ വലിയ ചർച്ചയാക്കി മാറ്റിയ ഒന്നാണ് ദൃശ്യം. ജോർജുകുട്ടിയുടെയും കുടുംബത്തെയും കഥ പല ഭാഷകളിലേക്ക് ഇതിനകം മാറിക്കഴിഞ്ഞു. ഇന്ത്യൻ ഭാഷയ്ക്ക് പുറത്തേക്കും പോയ ഒരു ചിത്രം എന്ന നിലയിലാണ് ദൃശ്യം ശ്രദ്ധേയമായത്. ഒന്നും രണ്ടും ഭാഗങ്ങളിലെ സസ്പെൻസ് മൂന്നാം ചിത്രത്തിലും ഉണ്ടാകുമോ എന്നതാണ് പ്രേക്ഷകരുടെ ആകാംക്ഷ. കുടുംബ ബന്ധങ്ങളും അതിനിടയിലെ വൈകാരികതകളും ചൂണ്ടിക്കാട്ടുകയാണ്  ദൃശ്യം മൂന്നാം ഭാഗം  എന്ന് സംവിധായകൻ ജീത്തു ജോസഫ് ഇതിനകം വ്യക്തമാക്കി കഴിഞ്ഞു. ജോർജുകുട്ടിയുടെ മൂത്ത മകളുടെ വിവാഹവും തുടർന്നുണ്ടായ സംഭവവികാസങ്ങളും എല്ലാം സിനിമയുടെ ഇതിവൃത്തമാണ്. ഏതായാലും വരുൺ പ്രഭാകറിന്റെ കൊലപാതകം മാറ്റിവെച്ച് ഒരു ദൃശ്യമില്ല എന്നതാണ് യാഥാർത്ഥ്യം. സസ്പെൻസ് ആണ് ദൃശ്യത്തിന്റെ നട്ടെല്ല് എന്നതും ഇതുവരെ വ്യക്തമായതാണ്. അതുകൊണ്ടുതന്നെ മൂന്നാം ഭാഗത്തിൽ എന്തൊക്കെയാകും പ്രേക്ഷകരെ കാത്തിരിക്കുക എന്നതാണ് ഇനി അറിയാനുള്ളത്. ഏപ്രിൽ രണ്ടിനാണ് ദൃശ്യം മൂന്ന് തിയറ്ററുകളിൽ എത്തുക.

വാഴ 2

 യുവനിരയുമായി തിയേറ്ററുകൾ നിറച്ച സിനിമയാണ് വാഴയുടെ ഒന്നാം ഭാഗം. ഇത് വൻ വിജയമായതിന് പിന്നാലെയാണ് വാഴ രണ്ട് തിയേറ്ററുകളിൽ എത്തുന്നത്. ജിത്തു ജോസഫിന്റെ ദൃശ്യം മൂന്നാം ഭാഗത്തോട്  മത്സരിച്ചുകൊണ്ട് ഏപ്രിൽ രണ്ടിന് തന്നെയാണ് വാഴയുടെ രണ്ടാം ഭാഗം റിലീസിന് എത്തുന്നത്. ‘ഒരു ബില്യൻ ബ്രോസിന്റെ ജീവചരിത്രം’ എന്ന പേരിലാണ് വാഴയുടെ രണ്ടാം ഭാഗം ഒരുങ്ങുന്നത്. ആദ്യഭാഗത്തിൽ നിന്ന് വ്യത്യസ്തമായി നവാഗതനായ സവിൻ സാ ആണ്  ചിത്രം സംവിധാനം ചെയ്യുന്നത്. ആദ്യ ചിത്രത്തിന് സമാനമായി വിപിൻദാസ് ആണ് വാഴ രണ്ടിന്റെ തിരക്കഥ ഒരുക്കിയത്. സോഷ്യൽ മീഡിയയിലൂടെ താരങ്ങളായ ഹാഷിറും സംഘവും ആണ് രണ്ടാം ഭാഗത്തിലും  പ്രേക്ഷകരെ ചിരിപ്പിക്കാൻ എത്തുന്നത്.

പള്ളി ചട്ടമ്പി

 ടോവിനോ തോമസിനെ നായകനാക്കി ഡിജോ ജോസ് ആന്റണി നിർമ്മിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് പള്ളി ചട്ടമ്പി. 1957 -58 കാലഘട്ടങ്ങളിൽ നടക്കുന്ന കഥയാണ് സിനിമയുടെ ഇതിവൃത്തം. കേരളത്തിന്റെ മലയോര മേഖലകളിലെ അക്കാലത്തെ ജീവിതമാണ് സിനിമ പറയുന്നത്. തൊടുപുഴ, മൂലമറ്റം,പൈനാവ്,കുട്ടിക്കാനം ഉൾപ്പെടെയുള്ള സ്ഥലങ്ങളിലാണ് പള്ളി ചട്ടമ്പി ചിത്രീകരിച്ചത്. ഇതുകൂടാതെ മൈസൂരും,ചാലക്കുടിയും ലൊക്കേഷനുകൾ ആയിരുന്നു. ഇതുവരെ പുറത്തുവന്ന പാട്ടുകൾ ഹിറ്റായത് പള്ളി ചട്ടമ്പിയുടെ ആകാംക്ഷ വർദ്ധിപ്പിക്കുന്നു.

 ഭരതനാട്യം 2 മോഹിനിയാട്ടം.

 തിയേറ്ററിൽ വൻ വിജയമായില്ലെങ്കിലും ഓ ടി ടി യിലൂടെ പ്രേക്ഷകരെ സന്തോഷിപ്പിച്ച സിനിമയാണ് ഭരതനാട്യം. കുടുംബബന്ധങ്ങൾക്കുള്ളിലെ സങ്കീർണതകൾ നർമ്മത്തിൽ ചാലിച്ച് എത്തിയ ഭരതനാട്യം വൻ വിജയമായതോടെയാണ് രണ്ടാം ഭാഗത്തിലേക്ക് കടക്കാൻ നിർമ്മാതാക്കൾ തീരുമാനിച്ചത്. ആദ്യഭാഗത്തിന് സമാനമായി സൈജു കുറുപ്പ് ഉൾപ്പെടെയുള്ള വലിയ താരനിരയാണ് രണ്ടാം ഭാഗത്തിലും ഉള്ളത്. ഏപ്രിൽ 10ന് സിനിമ തീയേറ്ററുകളിൽ എത്തും.

വരവ് 

 വീണ്ടും തിയേറ്ററുകളിൽ ആവേശം കൊണ്ട് വരാൻ ഷാജി കൈലാസ് എത്തുന്നു. ജോജു ജോർജിനെ നായകനാക്കി  ഒരുക്കിയ വരവ് എന്ന ചിത്രത്തിലൂടെയാണ് ആക്ഷൻ സിനിമകളുടെ സംവിധായകൻ ഷാജി കൈലാസ്‌ വീണ്ടും എത്തുന്നത്. ഏറെ ആക്ഷൻ രംഗങ്ങൾ പ്രതീക്ഷിക്കുന്ന സിനിമ ഏപ്രിൽ 16ന് തിയേറ്ററുകളിൽ എത്തും

 പാട്രിയറ്റ് 

 ഒരുപക്ഷേ മലയാള സിനിമ സമീപകാലത്ത് ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന പാട്രിയറ്റ്. മോഹൻലാലും മമ്മൂട്ടിയും ഒരുമിച്ച് വീണ്ടും ബിഗ് സ്ക്രീനിൽ എത്തുന്നു എന്നതാണ് സിനിമയുടെ പ്രത്യേകത. ഈ രണ്ടുപേരെയും കൂടാതെ ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനും പാട്രിയറ്റിൽ അഭിനയിച്ചിട്ടുണ്ട്. ഒരുപക്ഷേ മലയാള സിനിമയിൽ അഭിനയത്തിന്റെ കാര്യത്തിൽ വലിയ മത്സരം നേരിട്ട ഒരു സിനിമ കൂടിയാകും ഇത്. ഇതിനകം പുറത്തുവന്ന മേക്കിങ് വീഡിയോ ഉൾപ്പെടെ പ്രേക്ഷകർ രണ്ട് കൈയും നീട്ടിയാണ് സ്വീകരിച്ചത്. മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ച് എത്തുന്ന സിനിമ തിയേറ്ററുകളിൽ തരംഗമാകുമെന്ന് ഉറപ്പ്. ഏപ്രിൽ 23നാണ് പാട്രിയറ്റ് തിയേറ്ററുകളിൽ എത്തുന്നത്.

 മധുവിധു മെയ് 1ന് 

 ഷറഫുദ്ദീൻ നായകനായി എത്തുന്ന മധുവിധു മെയ് ഒന്നിനാണ് റിലീസ് തീരുമാനിച്ചിരിക്കുന്നത്. കോമഡിക്ക് പ്രാധാന്യമുള്ള കുടുംബചിത്രം കൂടിയാണ് മധുവിധു. വിഷ്ണു അരവിന്ദ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയിൽ നായികയായി എത്തുന്നത് കല്യാണി പണിക്കരാണ്.

 അതിരടി

 ബേസിൽ ജോസഫ്, ടോവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന സിനിമയാണ് അതിരടി. വിനീത് ശ്രീനിവാസൻ സിനിമയിൽ വില്ലനായി എത്തുന്നു എന്നതാണ് ഇതുവരെ പുറത്തുവന്ന സൂചന. മിന്നൽ മുരളിയുടെ തിരക്കഥാകൃത്തുക്കളിൽ ഒരാളായ അരുൺ അനിരുദ്ധാണ് സംവിധായകൻ ആയി രംഗത്ത് വരുന്നത്. മെയ്‌ 14 ന് തിയേറ്ററുകളിൽ സിനിമ റിലീസിന് എത്തും.

 മോളിവുഡ് ടൈംസ്

 നസ്ലിൻ നായകനായി എത്തുന്ന സിനിമയാണ് മോളിവുഡ് ടൈംസ്. പ്രേമലുവിലെ ഹിറ്റ് കോംബോ ആയ സംഗീത് പ്രതാപും നസ്ലിനൊപ്പം സിനിമയിലെത്തുന്നു. അഭിനവ് സുന്ദർ നായക് ആണ് സിനിമയുടെ സംവിധാനം. ആഷിക് ഉസ്മാൻ നിർമ്മിച്ച സിനിമ മെയ് 14ന് തിയേറ്ററുകളിൽ എത്തും.

 ഇറ്റ്സ് എ മെഡിക്കൽ മിറാക്കിൾ 

 സംഗീത് പ്രതാപ്, ഷറഫുദ്ദീൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങൾ ആക്കി എത്തുന്ന സിനിമയാണ് ഇറ്റ്സ് എ മെഡിക്കൽ മിറാക്കിൾ. മെയ് മാസം തന്നെ സിനിമ തിയേറ്ററുകളിൽ റിലീസിന് എത്തുമെന്നാണ് പുറത്തുവരുന്ന വിവരം. ശ്യാമിൻ ഗിരീഷ് ആണ് സിനിമാ സംവിധാനം ചെയ്യുന്നത്.

 കാട്ടാളൻ

 ആന്റണി വർഗീസ് നായകനായ ബിഗ് ബജറ്റ് ചിത്രമാണ് കാട്ടാളൻ മെയ് മാസം തിയേറ്ററുകളിൽ റിലീസിന് ഒരുങ്ങുന്ന സിനിമ കൂടിയാണ് കാട്ടാളൻm ദുഷാര വിജയൻ, സുനിൽ, കബീർ സിംഗ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങൾ ആക്കി പോൾ ജോർജ് ആണ് സിനിമ സംവിധാനം ചെയ്തത്. 140  ദിവസത്തെ ദീർഘമായ ഷൂട്ടിംഗ് ഷെഡ്യൂളിന് ഒടുവിലാണ് സിനിമ റിലീസിന് ഒരുങ്ങുന്നത്.

  വൻ പ്രതീക്ഷയുള്ള മലയാള സിനിമകളാണ് ഈ മൂന്നു മാസങ്ങളിലായി തിയേറ്ററുകളിൽ എത്തുന്നത്. എന്നാൽ ഇവയ്ക്ക് എല്ലാം കനത്ത വെല്ലുവിളി ഉയർത്തിക്കൊണ്ട്  ഹോളിവുഡ് ബോളിവുഡ് സിനിമകളും തിയേറ്ററുകളിൽ എത്തുന്നുണ്ട്. ഇന്ത്യയിൽ ഏറ്റവും വലിയ കളക്ഷൻ നേടിയ ദുരന്തർ രണ്ട് ഉൾപ്പെടെയുള്ള സിനിമകൾ ഈ കാലയളവിലാണ് റിലീസിന് എത്തുന്നത്. ഏതായാലും മികച്ച സംവിധായകരുടെ ഭാഗത്തുനിന്ന് ഒരുപിടി സിനിമകൾ എത്തുന്നത് പ്രേക്ഷകരെ ആവേശത്തിൽ ആക്കുന്നുണ്ട്. ആയിരം കോടി ക്ലബ്ബിലെത്തിയ ദുരന്തർ രണ്ടാം ഭാഗം ഈ മാസം 19നാണ് തിയേറ്ററുകളിൽ എത്തുന്നത്. ആദ്യഭാഗത്തിന് ലഭിച്ച വലിയ പിന്തുണയാണ് വളരെ വേഗം രണ്ടാം ഭാഗം ഒരുക്കാൻ നിർമാതാക്കളെ പ്രേരിപ്പിച്ചത്. രൺവീർ സിംഗിനെ നായകനാക്കിയാണ് ദുരന്തർ രണ്ടാം ഭാഗം റിലീസിന് ഒരുങ്ങുന്നത്. ദുരന്തർ ദ റിവഞ്ച് എന്ന പേരിലാണ് രണ്ടാം ഭാഗം എത്തുന്നത്. ആദ്യഭാഗം റിലീസ് ആയി 53 ദിവസത്തിനുള്ളിൽ ആയിരം കോടി കളക്ഷൻ നേടി എന്നതാണ് ഇതിന്റെ പ്രത്യേകത.

 ഗീതു മോഹൻദാസിന്റെ ടോക്സിക്കും പ്രേക്ഷകർ ഏറെ ആകാംക്ഷയുടെ കാത്തിരിക്കുന്ന സിനിമയാണ്. യഷ് നായകനായി എത്തുന്ന ടോക്സിക്കിൽ മലയാളി താരം സുദേവ് നായർ പ്രധാന വേഷത്തിൽ അഭിനയിക്കുന്നു. 1940 മുതൽ 70 കൾ വരെയുള്ള പോസ്റ്റ് കൊളോണിയൽ ഗോവയാണ് ടോക്സിന്റെ കഥാപാശ്ചാത്തലം. ഇതിനകം തന്നെ സിനിമയിലെ ചില സീനുകൾ വലിയ വിവാദമായിരുന്നു. കെജിഎഫിന്റെ വിജയത്തിനുശേഷം യഷ് എത്തുന്ന പ്രധാന സിനിമ കൂടിയാണ്  ടോക്സിക്ക്.

 പ്രിയദർശൻ വീണ്ടും ഹിന്ദിയിൽ ഒരു സിനിമ കൂടി സംവിധാനം ചെയ്യുന്നു. അക്ഷയ് കുമാറിനെ നായകനാക്കി ഭൂത് ഭംഗ്ലാ ആണ് പുതിയ ചിത്രം. ഹിന്ദിയിൽ ഹിറ്റ് സിനിമകൾ സമ്മാനിച്ചുള്ള ഇരുവരും 14 വർഷത്തിനുശേഷമാണ് വീണ്ടും ഒരുമിക്കുന്നത്. ഹൊറർ കൂടി പശ്ചാത്തലം ആയിട്ടുള്ള സിനിമയിൽ കോമഡിക്ക് തന്നെയാണ് പ്രാധാന്യം.

Share This Post

Leave a Reply

Your email address will not be published. Required fields are marked *