Headlines

“അവസാന നിമിഷം ബോർഡിങ് മാറ്റാം! റെയിൽവേയുടെ വലിയ മാറ്റങ്ങൾ ഏപ്രിൽ 1 മുതൽ”

INDIAN-RAILWAY-TICKET-UPDRADATION

റെയിൽവേ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർ ഉറപ്പായും അറിഞ്ഞിരിക്കേണ്ട പുതിയ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ടിക്കറ്റ് റദ്ദ് ചെയ്യുമ്പോഴുള്ള നിരക്ക് മുതൽ നിരവധി പരിഷ്കാരങ്ങളാണ് കേന്ദ്ര റെയിൽവേ മന്ത്രാലയം വരുത്തിയിരിക്കുന്നത്. യാത്രക്കാർക്ക് ഏറെ ഗുണകരമാകുന്ന പരിഷ്കാരങ്ങളും റെയിൽവേ പുതിയ തീരുമാനത്തിലൂടെ നടപ്പിലാക്കുകയാണ്. ഏപ്രിൽ ഒന്നുമുതലാണ് ടിക്കറ്റ് ബുക്കിംഗ് സംവിധാനത്തിലെ പുതിയ പരിഷ്കാരങ്ങൾ  പ്രാബല്യത്തിൽ വരിക.

 ടിക്കറ്റ് ബുക്ക് ചെയ്തു കഴിഞ്ഞാൽ ബോർഡിങ് പോയിന്റ് മാറ്റാൻ ഏറെ ബുദ്ധിമുട്ടുന്നവരാണ് യാത്രക്കാരിൽ പലരും. യാത്രകളിൽ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങൾ പലപ്പോഴും വലക്കാറുണ്ട്. ബോർഡിങ് സ്റ്റേഷനുകളിൽ നിന്ന് തന്നെ കയറിയില്ലെങ്കിൽ ഉടൻ ടിക്കറ്റ് റദ്ദാക്കുന്ന രീതിയും നിലവിൽ വന്നിരുന്നു. നേരത്തെ മൂന്ന് സ്റ്റേഷനിൽ വരെ കഴിഞ്ഞ ശേഷം ആയിരുന്നു ടിക്കറ്റുകൾ റദ്ദാക്കപ്പെട്ടിരുന്നതെങ്കിൽ അടുത്തിടെയാണ്  യാത്ര തുടങ്ങുന്ന സ്റ്റേഷനിൽ നിന്ന് തന്നെ കയറണം എന്ന നിബന്ധന വന്നത്. ഇത് യാത്രക്കാരെ ഏറെ വലച്ചിരുന്നു. ഇതിനൊരു പരിഹാരമായാണ് പുതിയ രീതി നിലവിൽ വരുന്നത്.

 യാത്ര തുടങ്ങുന്നതിന് അരമണിക്കൂർ മുൻപ് വരെ ബോർഡിങ് സ്റ്റേഷൻ മാറ്റാം എന്നതാണ് യാത്രക്കാർക്ക് ഉപകാരം വരുന്ന പുതിയ തീരുമാനം. അതായത് അവസാനം നിമിഷം നിങ്ങളുടെ യാത്ര തുടങ്ങുന്ന സ്റ്റേഷൻ മാറ്റാൻ കഴിയും. ട്രെയിൻ വരുന്ന വഴി എവിടെ നിന്നാണോ നിങ്ങൾക്ക് കയറാൻ കഴിയുന്നത് അവിടേക്ക് നിങ്ങളുടെ ബോർഡിങ് സ്റ്റേഷൻ മാറ്റാം . സമാനമായ മറ്റൊരു പരിഷ്കാരം കൂടി റെയിൽവേ നിലവിൽ വരുത്തിയിട്ടുണ്ട്. ട്രാവൽ ക്ലാസുകൾ അപ്ഗ്രേഡ് ചെയ്യാം എന്നതാണ് ഈ പരിഷ്കാരം.

 ഇന്ത്യയിൽ റെയിൽവേയെ ആശ്രയിച്ച് യാത്ര ചെയ്യുന്നവരുടെ എണ്ണം വലിയ രീതിയിൽ കൂടിയിട്ടുണ്ട്. വന്ദേ ഭാരത് ഉൾപ്പെടെയുള്ള ആധുനിക ട്രെയിൻ സംവിധാനങ്ങൾ നിലവിൽ വന്നതോടെ ട്രെയിൻ ടിക്കറ്റ് കിട്ടാത്ത അവസ്ഥയായി. പലപ്പോഴും എസി ടിക്കറ്റ് വേണ്ടവർക്ക് സ്ലീപ്പർ ടിക്കറ്റു കൊണ്ട് തൃപ്തിപ്പെടേണ്ട അവസ്ഥ ആയിരുന്നു പല ട്രെയിനുകളിലും.എന്നാൽ ഈ അവസ്ഥയ്ക്ക് ഒരു പരിഹാരം എന്ന നിലയിലാണ് പുതിയ മാറ്റം. യാത്ര തുടങ്ങുന്നതിന് അരമണിക്കൂർ മുൻപ് വരെ നിങ്ങൾക്ക് ട്രെയിൻ ടിക്കറ്റ് അപ്ഗ്രേഡ് ചെയ്യാം. അതായത് സ്ലീപ്പർ ക്ലാസിലാണ് നിങ്ങൾ ടിക്കറ്റ് എടുത്തതെങ്കിൽ എസി കമ്പാർട്ട്മെന്റുകളിൽ എവിടെയെങ്കിലും ഒഴിവുണ്ടെങ്കിൽ നിങ്ങൾക്ക് അതിലേക്ക് മാറ്റാം. നേരത്തെ ചാർട്ട് പ്രസിദ്ധീകരിക്കുന്നതിന് മുൻപ് മാത്രമാണ് അപ്ഗ്രേഡ് ചെയ്യാൻ അവസരം ഉണ്ടായിരുന്നത്.

 ടിക്കറ്റ് റദ്ദാക്കൽ 

 അടിയന്തരമായി യാത്ര ചെയ്യേണ്ടവർ മാത്രമല്ല നമ്മളിൽ പലരും. യാത്രകൾ പെട്ടെന്ന് റദ്ദാക്കേണ്ടിവരുന്ന അവസ്ഥയും ഉണ്ടാകാറുണ്ട്. അങ്ങനെ യാത്രകൾ റദ്ദാക്കാൻ ആഗ്രഹിക്കുന്നവർക്കും അനുകൂലമായ ചില നടപടികൾ റെയിൽവേ കൈക്കൊള്ളുകയാണ്. യാത്ര തുടങ്ങുന്നതിന് 72 മണിക്കൂർ മുൻപ് ടിക്കറ്റ് ക്യാൻസൽ ചെയ്യുന്നവർക്ക് പരമാവധി തുക തിരികെ നൽകാനാണ് റെയിൽവേയുടെ തീരുമാനം. യാത്രയ്ക്ക് 24 മണിക്കൂർ മുൻപാണ് ക്യാൻസൽ ചെയ്യുന്നതെങ്കിൽ 25% തുക ഈടാക്കി ബാക്കി തിരികെ നൽകും. യാത്രക്ക് എട്ട് മണിക്കൂർ മുൻപ് വരെ 50 ശതമാനം ചാർജ് ഈടാക്കാൻ ആണ് റെയിൽവേയുടെ പുതിയ തീരുമാനം. അതായത് ഈ സമയത്തിനുള്ളിൽ  ടിക്കറ്റ് ക്യാൻസൽ ചെയ്താൽ പകുതി തുക നിങ്ങൾക്ക് ലഭിക്കും. എന്നാൽ എട്ടു മണിക്കൂറിൽ താഴെ മാത്രമാണ് റദ്ദാക്കുന്നതിന് എടുക്കുന്ന സമയമെങ്കിൽ ടിക്കറ്റ് തുക നിങ്ങൾക്ക് നഷ്ടമാകും എന്നാണ് റെയിൽവേയുടെ പുതിയ തീരുമാനം. 

 പുതിയ തീരുമാനങ്ങളോട് സമ്മിശ്രമായ പ്രതികരണമാണ് ജനങ്ങളിൽനിന്ന് ഉണ്ടാകുന്നത്. തീരുമാനങ്ങളിൽ പലതും ഉപകാരപ്രദം ആകുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. നേരത്തെ അൺ റിസർവെഡ് ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിന് ഉണ്ടായിരുന്ന  ആപ്ലിക്കേഷൻ പിൻവലിച്ച് റെയിൽ വൺ ആപ്പ് മാത്രമാക്കി റെയിൽവേ തീരുമാനമെടുത്തിരുന്നു. ആവശ്യക്കാരുടെ എണ്ണം വർദ്ധിച്ചതോടെ ആപ്ലിക്കേഷന്റെ കാര്യക്ഷമത വർദ്ധിപ്പിക്കാനും റെയിൽവേ തീരുമാനമെടുത്തിരുന്നു. 

Share This Post

Leave a Reply

Your email address will not be published. Required fields are marked *