കേരളത്തിലെ സഞ്ചാരികൾ ഏറ്റവും കൂടുതൽ എത്തുന്ന ടൂറിസം കേന്ദ്രങ്ങൾ ഒന്നാണ് മൂന്നാർ. മലയാളികൾക്ക് അപ്പുറം വടക്കേ ഇന്ത്യയിൽ നിന്നുള്ളവരും വിദേശികളും ഉൾപ്പെടെ കാര്യമായി എത്തുന്ന കേന്ദ്രം. അവധി ദിവസങ്ങളിൽ മൂന്നാറിലേക്ക് ഒന്ന് എത്താൻ കാര്യമായി ബുദ്ധിമുട്ടേണ്ടി വരും. മണിക്കൂറുകളോളം നീണ്ടുനിൽക്കുന്ന ക്യൂവാണ് പലപ്പോഴും അനുഭവപ്പെടാറുള്ളത്. വാഹനങ്ങളുടെ നീണ്ട നിരയുടെ വീഡിയോ പലതവണ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആയിട്ടുണ്ട്. ഏതായാലും മൂന്നാറിൽ എത്തുന്ന സഞ്ചാരികൾ ഇനി ഒരു കാര്യം കൂടി മനസ്സിലാക്കണം. മൂന്നാറിലേക്ക് പ്രവേശിക്കുന്നതിന് ഇനിമുതൽ ഫീസ് നൽകണം.
മൂന്നാറിലെത്തുന്ന വാഹനങ്ങളിൽ നിന്നാണ് പ്രവേശന ഫീസ് ഈടാക്കാൻ പഞ്ചായത്ത് തീരുമാനമെടുത്തത്. കേവലം ഫീസ് ഏർപ്പെടുത്തുക എന്നുള്ളതിനപ്പുറം ഒരു ഹരിതചട്ടം തന്നെ മൂന്നാറിൽ നടപ്പാക്കാൻ പഞ്ചായത്ത് തീരുമാനിച്ചു. ജില്ലാ കളക്ടർമായും വിവിധ രാഷ്ട്രീയ സംഘടന പ്രതിനിധികളുമായും നടത്തിയ ചർച്ചക്കൊടുവിലാണ് പുതിയ തീരുമാനത്തിലേക്ക് പഞ്ചായത്ത് എത്തിയത്. മൂന്നുമാസത്തിനുള്ളിൽ വാഹനങ്ങൾക്ക് ഫീസ് വാങ്ങാൻ ആണ് പഞ്ചായത്തിന്റെ തീരുമാനം.
മാലിന്യം തടയുന്നതിനും പദ്ധതി
സഞ്ചാരികൾ കാര്യമായി എത്തുന്ന കേന്ദ്രം ആയതുകൊണ്ട് തന്നെ മാലിന്യ സംസ്കരണം ഇവിടെ ഒരു വലിയ വെല്ലുവിളിയായി അവശേഷിക്കുകയാണ്. തോട്ടം മേഖലയും കാടുമെല്ലാം ചേർന്ന മൂന്നാറിന്റെ പ്രകൃതിയെ ഇത് കാര്യമായി ബാധിച്ചിരുന്നു. മാലിന്യങ്ങൾ കുന്നു കൂടി കിടക്കുന്ന കാഴ്ച പലതവണ പുറത്തു വന്നതാണ്. മൂന്നാറിലെ മാലിന്യ കൂമ്പാരങ്ങളിൽ നിന്ന് ആനകൾ ഉൾപ്പെടെ പ്ലാസ്റ്റിക് മാലിന്യം കഴിക്കുന്നതും പുറത്തുവന്നിരുന്നു. ഏതായാലും മൂന്നാറിനെ സംരക്ഷിക്കാനുള്ള തീരുമാനവുമായി കൂടിയാണ് പഞ്ചായത്ത് രംഗത്ത് വന്നത്.

ഹരിത ചെക്ക് പോസ്റ്റുകൾ സ്ഥാപിച്ചുകൊണ്ടാണ് പുതിയ നീക്കത്തിന് പഞ്ചായത്ത് തുടക്കമിടുന്നത്. ഈ ചെക്ക് പോസ്റ്റുകൾ വഴിയാണ് വാഹനങ്ങളിൽ നിന്നും ഫീസ് ഈടാക്കുക. മൂന്നാറിലെത്തുന്ന സഞ്ചാരികൾ മാലിന്യം പ്രദേശങ്ങളിൽ ഉപേക്ഷിക്കുന്നത് തടയാനായി ചെക്ക് പോസ്റ്റുകളിൽ വച്ച് സഞ്ചികൾ കൈമാറും. മാലിന്യങ്ങൾ തരംതിരിച്ച ശേഷം മടക്കയാത്രയിൽ ഇതേ ചെക്ക് പോസ്റ്റുകളിൽ ഇത് നൽകാൻ കഴിയും.

ദിവസവും ആയിരക്കണക്കിന് വാഹനങ്ങൾ ആണ് മൂന്നാറിൽ എത്തുന്നത്. അവധി ദിവസങ്ങളിൽ ഇത് 5000 ആയി ഉയർന്നു വരാറുണ്ട്. വാഹനങ്ങളുടെ വലിപ്പവും യാത്രക്കാരുടെ എണ്ണവും പരിശോധിച്ച് ആയിരിക്കും ഫീസുകൾ വാങ്ങുക. എത്ര രൂപ വാങ്ങണം എന്ന കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടില്ല. ഇക്കാര്യത്തിൽ വൈകാതെ തീരുമാനമെടുക്കും എന്നാണ് പഞ്ചായത്ത് വ്യക്തമാക്കുന്നത്.
അതേസമയം ഹരിത ചെക്ക് പോസ്റ്റുകൾ വഴി ഫീസ് ഈടാക്കുന്ന പദ്ധതി എത്രത്തോളം പ്രായോഗികമാണ് എന്നതും സംശയകരമാണ്. തിരക്ക് കൂടിയ ദിവസങ്ങളിൽ വാഹനഗതാഗതം കൂടുതൽ ബുദ്ധിമുട്ടിലാകാൻ ഇത് കാരണമാകും എന്നാണ് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്. എന്നാൽ ഇക്കാര്യങ്ങളെല്ലാം പരിശോധിച്ച് സഞ്ചാരികൾക്ക് ബുദ്ധിമുട്ടുണ്ടാകാത്ത വിധം പദ്ധതി നടപ്പാക്കാനാണ് പഞ്ചായത്തിന്റെ നീക്കം.


