സിനിമയുടെ പ്രമോഷൻ പരിപാടിയിൽ പങ്കെടുക്കാത്ത ബിജുമേനോന്റെ നിലപാടിനെതിരെ ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെ നഷ്ടപരിഹാരമായി 15 ലക്ഷം രൂപ നൽകണമെന്നും ആവശ്യപ്പെട്ടിരുന്നു. ബിജു മേനോൻ പ്രമോഷന് വരാത്തതുമൂലം 25 ലക്ഷം രൂപയുടെ നഷ്ടമാണ് നിർമ്മാതാവിന് ഉണ്ടായത് എന്നായിരുന്നു ആരോപണം. ഇതിന് പിന്നാലെയാണ് വിഷയത്തിൽ പ്രതികരണവുമായി ഫ്രൈഡേ ഫിലിം ഹൗസ് ഉടമയും നിർമ്മാതാവുമായ വിജയ് ബാബു രംഗത്തുവന്നത്.
യഥാർത്ഥത്തിൽ ഈ വിഷയത്തിൽ സംഭവിച്ചത് എന്ത് എന്ന് തനിക്ക് അറിയില്ല എന്ന് വിജയ് ബാബു പറയുന്നു. ഏതു സിനിമയ്ക്കാണ് ഇങ്ങനെ ഒരു നഷ്ടമുണ്ടായത് എന്നും അറിയില്ല. പക്ഷേ സിനിമാ മേഖല പ്രമോഷന്റെ കാര്യത്തിൽ വലിയ പ്രതിസന്ധി നേരിടുന്ന കാലമാണ്. ഇന്ത്യയിലെ നാലാമത്തെ വലിയ ഇൻഡസ്ട്രി ആണ് മലയാളം സിനിമ. എന്നിട്ടുപോലും ഇറങ്ങുന്ന സിനിമ ഏത് എന്നത് കൃത്യമായി ജനങ്ങളിൽ എത്തുന്നില്ല. സാമൂഹ്യ മാധ്യമങ്ങളിലൂടെ കാര്യമായ പ്രചരണം നടത്തി എത്തുന്ന സിനിമകളെ കുറിച്ച് പോലും ജനങ്ങളിൽ പലരും അറിയുന്നില്ല. കാണുമ്പോൾ ആളുകളിൽ പലരും ‘ ഇപ്പോൾ സിനിമ ഒന്നുമില്ലേ’ എന്ന് ചോദിക്കുന്ന അവസ്ഥയാണ്. ഇത്രയും പ്രതിസന്ധി ഉള്ളതുകൊണ്ടുതന്നെ പ്രമോഷൻ പരിപാടികൾ നന്നായി വിജയിപ്പിക്കണമെന്നാണ് നിർമ്മാതാവും നടനുമായ അദ്ദേഹം വ്യക്തമാക്കുന്നത്.
ഒരു വർഷം 200 ഓളം സിനിമകൾ മലയാളം ഇൻഡസ്ട്രിയിൽ റിലീസ് ചെയ്യുന്നു. ഓരോ സിനിമയും നിർമ്മിക്കുന്ന നിർമ്മാതാവ് അതാതു സിനിമകൾ മാർക്കറ്റ് ചെയ്യണം എന്ന് ആഗ്രഹിക്കുക സ്വാഭാവികമാണ്. അങ്ങനെ നിൽക്കുമ്പോൾ താരങ്ങളെ കിട്ടാതെ വരുന്നത് ഒരു പ്രതിസന്ധി തന്നെയാണ്.
പ്രതിവിധി ഇതാണ്
താരങ്ങൾ പ്രമോഷൻ സമയത്ത് വരാതെ ഇരിക്കുന്നത് പലപ്പോഴും വിവാദങ്ങൾ ആകാറുണ്ട്. എന്നാൽ സിനിമയുടെ ഷൂട്ടിംഗ് സമയത്ത് തന്നെ പ്രമോഷൻ കാര്യത്തെക്കുറിച്ച് കൃത്യമായി പ്ലാൻ ചെയ്യുകയാണ് വേണ്ടതെന്ന് വിജയ് ബാബു നിർദ്ദേശിക്കുന്നു. പല താരങ്ങളും പ്രമോഷന് വരാത്തത് അവർക്ക് ആ സമയമുണ്ടാകുന്ന ഡേറ്റിന്റെ പ്രശ്നം കൊണ്ട് ആകാം. അതുകൊണ്ടുതന്നെ മുൻകൂട്ടിയുള്ള പ്ലാനുകൾ ആണ് ഇക്കാര്യത്തിൽ വേണ്ടത്. ബിജുമേനോൻ പോയിട്ടില്ലെങ്കിൽ അത് എന്തുകൊണ്ടാണ് കാരണമെന്ന് തനിക്കറിയില്ല എന്നും വിജയ് ബാബു ആവർത്തിച്ചു.
അതിനിടെ സിനിമാ പ്രമോഷന് താരങ്ങൾ പങ്കെടുക്കാത്ത സംഭവത്തിൽ നിലപാട് കൂടുതൽ കടുപ്പിച്ച് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ രംഗത്ത് വന്നു. താര സംഘടനയായ അമ്മയ്ക്ക് കത്തയച്ചു കൊണ്ടാണ് അസോസിയേഷൻ നിലപാട് കടുപ്പിച്ചത്. പ്രമോഷൻ പരിപാടികളിൽ പങ്കെടുക്കണമെന്ന് സംഘടനയുടെ അംഗങ്ങൾക്ക് അമ്മ നിർദ്ദേശം നൽകണമെന്നാണ് കത്തിലെ ആവശ്യം.
നേരത്തെ ബിജു മേനോനും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ കത്ത് നൽകിയിരുന്നു. നിർമ്മാതാവായ അനൂപ് കണ്ണന്റെ സിനിമയുടെ പ്രമോഷനിൽ നിന്ന് ബിജുമേനോൻ വീട്ടിൽ നിന്നു എന്നായിരുന്നു ആരോപണം. നഷ്ടപരിഹാരം നൽകണമെന്ന് കത്തിൽ ആവശ്യം ഉന്നയിച്ചിരുന്നു. ഇല്ലെങ്കിൽ ബിജുമേനോൻ അഭിനയിക്കുന്ന തൊട്ടടുത്ത സിനിമയിൽ നിന്ന് 15 ലക്ഷം രൂപ പിടിച്ചെടുത്തു നൽകണമെന്നാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ നിലപാട്. തർക്കങ്ങൾ തുടരുന്നതിനിടെ ബിജുമേനോൻ ഇതുവരെ നിലപാട് പറഞ്ഞിട്ടില്ല.


