ദക്ഷിണേന്ത്യയിലെ കാടുകളിൽ ഏറ്റവും പ്രധാനപ്പെട്ടവയാണ് ബന്ദിപ്പൂർ ടൈഗർ റിസർവും നാഗർഹോളേ ടൈഗർ റിസർവും. വന്യമൃഗങ്ങളെ കാണുന്നതിന് ഇവിടെയൊക്കെ സഞ്ചാരികളുടെ വലിയ ഒഴുക്ക് ആയിരുന്നു. പ്രത്യേകിച്ച് കടുവകളുടെ ചിത്രം പകർത്താൻ വന്യജീവി ഫോട്ടോഗ്രാഫർമാർ ഏറ്റവും കൂടുതൽ ആശ്രയിച്ചിരുന്ന സ്ഥലങ്ങളാണ് ബന്ദിപ്പൂരും കബനി എന്ന പേരിൽ അറിയപ്പെടുന്ന നാഗർഹോളേ ടൈഗർ റിസർവും. എന്നാൽ മനുഷ്യ വന്യജീവി സംഘർഷത്തെ തുടർന്ന് കഴിഞ്ഞ കുറച്ചുകാലങ്ങളായി ഈ രണ്ട് കടുവാ സംരക്ഷണ കേന്ദ്രവും അടച്ചിരുന്നു. ഈ രണ്ട് കേന്ദ്രങ്ങളിലും സഫാരികളും നിരോധിച്ചിരുന്നു. ഇതോടെ വലിയ നിരാശയിൽ ആയിരുന്നു സഞ്ചാരികളും വന്യജീവി ഫോട്ടോഗ്രാഫർമാരും. എന്നാൽ ഇവർക്കെല്ലാം സന്തോഷം പകരുന്ന വാർത്തയാണ് പുറത്ത് വരുന്നത്. രണ്ട് കടുവാ സംരക്ഷണ കേന്ദ്രങ്ങളും വീണ്ടും തുറക്കുന്നു. രണ്ട് സ്ഥലത്തും വാഹനങ്ങളിലുള്ള സഫാരി വീണ്ടും ആരംഭിക്കുന്നു. ഇതിന്റെ പൂർണ്ണ വിവരങ്ങൾ കർണാടക സർക്കാർ പുറത്തുവിട്ടു.

കടുവ ആക്രമണത്തെ തുടർന്ന് പ്രദേശവാസികൾ നേരത്തെ കൊല്ലപ്പെട്ടിരുന്നു. ഇതോടെ നാട്ടുകാർ വലിയ രീതിയിൽ സംഘടിച്ച് പ്രതിഷേധം ഉയർത്തി. അങ്ങനെ 2025 നവംബർ ഏഴിനാണ് ബന്ദിപ്പൂരിലെയും കബനിയിലെയും സഫാരികൾ നിരോധിച്ചുകൊണ്ട് കർണാടക സർക്കാർ ഉത്തരവിറക്കിയത്. തുടർന്ന് വനമേഖലകളിൽ നിരീക്ഷണം ശക്തമാക്കി. മനുഷ്യ വന്യജീവി സംഘർഷം കുറയ്ക്കുന്നതിന് നിരവധി പരിപാടികൾ ആസൂത്രണം ചെയ്യുകയും ചെയ്തു. ഇതിന് പിന്നാലെയാണ് വന്യജീവികൾ മനുഷ്യരെ ആക്രമിക്കുന്ന സംഭവങ്ങൾ കുറഞ്ഞത്.
സർക്കാർ എടുത്ത പുതിയ തീരുമാനത്തിന്റെ വിവരങ്ങൾ കർണാടക വനം മന്ത്രി ഈശ്വർ ഖാന്ദ്രേ ആണ് മാധ്യമങ്ങളെ അറിയിച്ചത്. നിലവിൽ ഇരു കടുവാ സംരക്ഷണ കേന്ദ്രങ്ങളിലും സർക്കാർ നടത്തിയ പ്രവർത്തനങ്ങൾ അദ്ദേഹം മാധ്യമങ്ങളോട് വിശദീകരിച്ചു. രണ്ടിടത്തും നാട്ടുകാരുടെ സംഘടിത പ്രക്ഷോഭങ്ങൾ ഉണ്ടായത് അദ്ദേഹം ചൂണ്ടിക്കാട്ടി. സഫാരികൾ നിർത്തലാക്കിയത് മുതൽ ഈ മേഖലയിൽ ഉണ്ടായിരുന്ന റിസോർട്ടുകളുടെ പ്രതിസന്ധി ഉടമകൾ ചൂണ്ടിക്കാണിച്ചതായി അദ്ദേഹം വ്യക്തമാക്കി. പ്രശ്നം പരിഹരിക്കുന്നതിന് പ്രത്യേക കമ്മറ്റിയെ സർക്കാർ നിയോഗിച്ചിരുന്നു. ഈ കമ്മറ്റിയുടെ കൂടി ശുപാർശ പരിഗണിച്ചാണ് രണ്ട് കടുവാ സംരക്ഷണ കേന്ദ്രങ്ങളും തുറക്കാൻ കർണാടക സർക്കാർ തീരുമാനിച്ചത്.

നാളെ മുതൽ രണ്ട് കടുവാ സംരക്ഷണ കേന്ദ്രങ്ങളിലും സഫാരികൾ ഉണ്ടായിരിക്കും എന്ന് കർണാടക വനം വകുപ്പ് മന്ത്രി ഈശ്വർ ഖാന്ദ്രേ വ്യക്തമാക്കി. എന്നാൽ നിയന്ത്രണങ്ങളോടുകൂടി ആയിരിക്കും സഫാരികൾ ഉണ്ടാകുക.രാവിലെ എട്ട് മണി മുതൽ വൈകിട്ട് അഞ്ചുമണി വരെ മാത്രം ആയിരിക്കും സഫാരി. നേരത്തെ ഇത് പുലർച്ചെ ആറ് മുതൽ വൈകുന്നേരം ആറുവരെ പ്രവർത്തിച്ചിരുന്നു. വിവിധ സമയക്രമങ്ങൾ നടത്തി ആയിരുന്നു അന്ന് സഫാരികൾ നടത്തിയത്. നേരത്തെ ഉപയോഗിച്ച സഫാരി വാഹനങ്ങളുടെ എണ്ണത്തിലും കടുത്ത നിയന്ത്രണം ഏർപ്പെടുത്തി. അന്ന് ഉപയോഗിച്ചതിന്റെ പകുതി വാഹനങ്ങൾ മാത്രമേ ഇനിമുതൽ സഫാരിക്കായി ഉപയോഗിക്കു. അതായത് 50 ശതമാനം വാഹനങ്ങളുടെ കുറവ് ഇനിമുതൽ ഉണ്ടാകും. ഏതായാലും വീണ്ടും സഫാരി തുടങ്ങിയത് വന്യജീവി പ്രേമികളെ സന്തോഷത്തിൽ ആക്കിയിട്ടുണ്ട്. എന്നാൽ വീണ്ടും മനുഷ്യ വന്യജീവി സങ്കർഷം ഉണ്ടാകുമോ എന്ന ആശങ്ക ബാക്കിയാണ്. അങ്ങനെ വന്നാൽ വീണ്ടും നിയന്ത്രണങ്ങൾക്കുള്ള സാധ്യതയാണ് ഉള്ളത്. ഇരു കടുവാ സംരക്ഷണ കേന്ദ്രങ്ങളും അടച്ചിട്ടത് മൂലം വലിയ നഷ്ടം ഈ മേഖലയിൽ ഉണ്ടായിരുന്നു. ഇന്ത്യയിലെ മറ്റ് കടുവാ സംരക്ഷണ കേന്ദ്രങ്ങളെ ആശ്രയിച്ചായിരുന്നു ഈ ഘട്ടങ്ങളിൽ കേരളത്തിൽനിന്ന് ഉൾപ്പെടെയുള്ള വന്യജീവി പ്രേമികൾ യാത്ര നടത്തിയത്.


