നാടന്‍ രുചിയില്‍ തൈര് ഒഴിച്ച മുരിങ്ങയില കറി

Drumstick-leaves-with-curd-curry

മുരിങ്ങയില എല്ലാവർക്കും വളരെ സുപരിചിതമായ ഒന്നാണ്. ഒരു കപ്പ് മുരിങ്ങയിലയിൽ പ്രോട്ടീൻ, വൈറ്റമിൻ എ, ബി, സി, ഇ, ഫോളേറ്റ്സ്, പൊട്ടാസ്യം, കാൽസ്യം, ഇരുമ്പ്, മഗ്നീഷ്യം എന്നിവയുൾപ്പെടെയുള്ള ധാതുക്കൾ അടങ്ങിയിട്ടുണ്ട്. കൂടാതെ, ഇവയ്ക്ക് ആന്റിഫംഗൽ, ആന്റി വൈറൽ, ആന്റീഡിപ്രസന്റ്, ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളും അടങ്ങിയിരിക്കുന്നു. മറ്റൊരു തരത്തിൽ പറഞ്ഞാൽ മരുന്നായും, ഭക്ഷണമായും ഉപയോഗിക്കാൻ പറ്റുന്ന ഒന്നാണ് മുരിങ്ങയില.

നാടൻ കറികളിൽ എടുത്തു പറയേണ്ട ഒന്നു തന്നെയാണ് മുരിങ്ങയില കൊണ്ടുള്ള കറികൾ. തോരനായും, ചാറു കറിയായും, സൂപ്പായും അങ്ങനെ നിരവധി വിഭവങ്ങളായ് മുരിങ്ങയില ഇന്ന് നമ്മുടെ മുൻപിൽ എത്താറുണ്ട്. മുരിങ്ങയില പാചകത്തിന് എടുക്കുമ്പോൾ അധികം വേവിക്കേണ്ട ആവശ്യമില്ല. ചില സ്ഥലങ്ങളിൽ മുരിങ്ങയില കറി വെയ്ക്കുമ്പോൾ പരിപ്പ്, ചെറുപയർ എന്നിവ ചേർക്കാറുണ്ട്. ഓരോ സ്ഥലങ്ങളിലേയും വിഭവങ്ങളും രുചികളും വ്യത്യസ്തമാക്കുന്നത് ഈ പറയുന്ന വിഭവങ്ങളിലെ മാറ്റങ്ങൾ കൊണ്ടു തന്നെയാണ്. ചിലയിടത്ത് തേങ്ങാ അരച്ചുള്ള മുരിങ്ങയില കറി ആണെങ്കിൽ മറ്റ് ചിലയിടങ്ങളിൽ തൈരിനാണ് പ്രാധാന്യം. നമുക്ക് തൈര് ഒഴിച്ചുള്ള നാടൻ മുരിങ്ങയില കറി എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം.

സാധാരണ ഇല കറികൾ ഉണ്ടാക്കുമ്പോൾ അരിഞ്ഞെടുക്കാറാണ് പതിവെങ്കിൽ മുരിങ്ങയിലയ്ക്ക് അങ്ങനെയൊരു കാര്യമേ ചെയ്യേണ്ട. മുരിങ്ങയില ‘ഊരിയെടുക്കുക’ എന്നാണ് പൊതുവെ പറയുക. അതായത് തണ്ട് ഒന്നുമില്ലാതെ ഇലകൾ മാത്രം വേർതിരിച്ചെടുക്കുന്ന രീതി. ഇങ്ങനെ ആവശ്യത്തിന് കഴുകി വൃത്തിയാക്കി ഊരിയെടുത്ത ഒരു കപ്പ് മുരിങ്ങയില, ഒരു പിടി തേങ്ങാ ചിരകിയത്, രണ്ടോ മൂന്നോ പച്ചമുളക്, നാല് ചെറിയ ഉള്ളി, അര ടീസ് സ്പൂൺ ജീരകം, ഒരു കപ്പ് തൈര്, അര ടീസ് സ്പൂൺ മഞ്ഞൾ പൊടി, അര ടീസ് സ്പൂൺ മുളക് പൊടി , രണ്ട് വറ്റൽ മുളക്, കറിവേപ്പില, ഉപ്പ് എന്നിവയാണ് ഈ കറിയ്ക്ക് ആവശ്യമായി വേണ്ടത്.

അടുപ്പ് കത്തിച്ച് ചീനച്ചട്ടി ചൂടായി വരുമ്പോൾ അതിലേക്ക് കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് മുരിങ്ങയില വറുത്ത് എടുക്കുക. ഇല കരിഞ്ഞു പോകാതെ ഇരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇതിലേക്ക് അര ടീസ് സ്പൂൺ മഞ്ഞൾ പൊടി, അര ടീസ് സ്പൂൺ മുളക് പൊടി , ഉപ്പ് എന്നിവ ചേർത്ത് വഴറ്റി എടുക്കുക. ഇതിലേക്കാണ് ഇനി കറിയുടെ അരപ്പ് ചേർക്കേണ്ടത്.

തേങ്ങയും, ജീരകവും, പച്ചമുളകും, ചെറിയ ഉള്ളിയും, കുറച്ച് തൈരും ചേർത്ത് നന്നായി അരച്ച് എടുക്കുക. ഈ അരപ്പാണ് വറുത്ത മുരിങ്ങയിലയിലേക്ക് ചേർക്കേണ്ടത്. ഇതിലേക്ക് അൽപം വെള്ളം കൂടി ചേർത്തതിനു ശേഷം, അരയ്ക്കാൻ എടുത്തതിൽ നിന്ന് മിച്ചമുള്ള തൈര് കൂടി ഇതിലേക്ക് ചേർക്കാം. ശേഷം ആവശ്യത്തിന് ഉപ്പും ചേർത്ത് ചെറു തീയിൽ മുരിങ്ങയില കറി ചൂടാകാനായി ഇളക്കി കൊടുക്കാം. കറി തിളയ്ക്കാൻ പാടില്ല. നന്നായി ചൂടായ ശേഷം കറി അടുപ്പിൽ നിന്ന് ഇറക്കി മാറ്റി വെയ്ക്കാം. ഇതിലേക്ക് വെളിച്ചെണ്ണയിൽ കടുകും, വറ്റൽ മുളകും, ചെറിയ ഉള്ളിയും , കറിവേപ്പിലയും ചേർന്ന് താളിച്ച് എടുത്ത് ചേർക്കുന്നതോടു കൂടി രുചികരമായ തൈര് ഒഴിച്ചുള്ള മുരിങ്ങയില കറി തയ്യാറാക്കും. ചൂട് ചോറിൽ ചേർത്ത് കഴിക്കാൻ പറ്റുന്ന അടിപൊളി വിഭവമാണ് ഇത്.

Share This Post

One thought on “നാടന്‍ രുചിയില്‍ തൈര് ഒഴിച്ച മുരിങ്ങയില കറി

Leave a Reply

Your email address will not be published. Required fields are marked *