കേരളത്തിൽ 160 കിലോമീറ്റർ വേഗതയിൽ ട്രെയിൻ പാത വരുന്നു.

KERALA-RAILWAY-NEW-TRACKS-APPROVED

അതിവേഗ ട്രെയിൻ ആയ വന്ദേ ഭാരത് ഇറങ്ങിയിട്ട് കാലമധികം ആയില്ല. ട്രെയിനിന് വേഗം ഉണ്ടെങ്കിലും  ആ വേഗത്തിൽ കേരളത്തിൽ ഓടിക്കാൻ കഴിഞ്ഞിരുന്നില്ല. വളവു നിറഞ്ഞ റെയിൽപാതകൾ നിവർത്തിയെടുക്കാൻ തന്നെ കാലങ്ങൾ വേണ്ടിവരും. ഷോർണൂർ കോഴിക്കോട് റൂട്ടിലെ 110 കിലോമീറ്റർ വേഗതയാണ് കേരളത്തിലെ പരമാവധി വേഗം. ഇനിയെത്ര വേഗത്തിലുള്ള ട്രെയിൻ വന്നാലും കേരളത്തിലെ പാതകളുടെ മോശം അവസ്ഥ മൂലം  ഇവിടെയുള്ളവർക്ക് ഗുണം കിട്ടില്ല. ഈ സാഹചര്യത്തിലാണ്  അതിവേഗപാതകളെ കുറിച്ച് കേന്ദ്രസർക്കാർ പഠനം തുടങ്ങിയത്. ഏഴു പാതകൾക്കാണ്  അണിയറയിൽ മുന്നൊരുക്കം തുടങ്ങിയത്.

 ഡിപിആർ തയാറാകുന്നു

 160 കിലോമീറ്റർ വേഗതയിൽ ട്രെയിൻ പോകാൻ സാധ്യമാകുന്ന പാതകളാണ് വരാൻ പോകുന്നത്. ഇതിന് വേണ്ടിയുള്ള ഡീറ്റെയിൽഡ് പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കാൻ കേന്ദ്ര റെയിൽവേ മന്ത്രാലയം അനുമതി നൽകി. നിലവിലുള്ള പാതകളുടെ വികസിപ്പിക്കൽ തന്നെയാണ് ഇതിൽ പ്രധാനം. ഏതൊക്കെ പദ്ധതികൾ ആണ് വരുന്നതെന്ന് റെയിൽവേ വാർത്ത കുറിപ്പിൽ വ്യക്തമാക്കി.

 ഏഴു പദ്ധതികൾ ഇതാണ്.

 1.ഷോർണൂർ മുതൽ മംഗലാപുരം വരെ നീളുന്നതാണ് ആദ്യത്തെ പാത. 307 കിലോമീറ്റർ ദൂരമാണ് ഈ പാതയ്ക്ക് വരുന്നത്. ഇവിടെ മൂന്ന് വരി ഉള്ളടത്ത് നാലുവരി ആക്കാനാണ് പദ്ധതി. രണ്ട് ഉള്ളടത്ത് മൂന്നും ആക്കും.

2. കോയമ്പത്തൂരിൽ നിന്നും ഷോർണൂർ വരെ നീളുന്നതാണ് രണ്ടാമത്തെ പാത. ഇവിടെ നിലവിൽ രണ്ടു പാതകൾ ഉള്ളടത്ത് മൂന്നാകും. മൂന്ന് നിലവിലുള്ളടത്ത് നാലാക്കാനാണ് പദ്ധതി. 99 കിലോമീറ്റർ ദൂരത്തിലാണ് ഈ പദ്ധതി നടപ്പാക്കുക.

3. ഷോർണൂരിൽ നിന്നും എറണാകുളം വരെ നിലവിൽ രണ്ട് ട്രാക്കുകൾ മാത്രമാണ് ഉള്ളത്. ഇത് മൂന്നാക്കാനുള്ള പദ്ധതിയാണ് അടുത്തതായി നടപ്പാക്കുന്നത്. 106 കിലോമീറ്റർ ദൂരത്താണ് മൂന്നാം പാത വരുന്നത്.

4. എറണാകുളത്ത് നിന്നും കായംകുളം വരെ നീളുന്നതാണ് നാലാമത്തെ പാത. കോട്ടയം വഴിയുള്ള പാതയ്ക്കാണ് നിലവിൽ പഠനം നടക്കുക. 115  കിലോമീറ്റർ ദൂരമാണ് ഈ പദ്ധതിക്ക് വേണ്ടി വരിക. നിലവിൽ ഇവിടെ രണ്ട് പാതകൾ മാത്രമാണുള്ളത്. അതായത് ഇവിടെ നടക്കുക മൂന്നാം പാതയുടെ നിർമ്മാണം.

5. തിരുവനന്തപുരത്തുനിന്നും നാഗർകോവിൽ വരെയുള്ളതാണ് അടുത്ത പാത. നിലവിൽ ഇവിടെ രണ്ട് ട്രാക്കുകൾ മാത്രമാണുള്ളത്. 71 കിലോമീറ്റർ ദൂരമാണ് ഇവിടെ മൂന്നാം ട്രാക്കിന് നിർമ്മിക്കുക.

6. കായംകുളം മുതൽ തിരുവനന്തപുരം വരെയുള്ളതാണ് അടുത്തഘട്ടം. ഇവിടെയും നിലവിൽ രണ്ടു പാതകൾ മാത്രമാണുള്ളത്. 105 കിലോമീറ്റർ ദൂരമാണ് ഇവിടെ മൂന്നാം പാതയ്ക്ക് വേണ്ടി വരുക.

7. തുറവൂർ – അമ്പലപ്പുഴ പാത ഇരട്ടിപ്പിക്കൽ ആണ് റെയിൽവേയുടെ മനസ്സിലുള്ള അടുത്ത പദ്ധതി. നിലവിൽ ഒറ്റ ട്രാക്ക് മാത്രമുള്ള ഇവിടെ 46 കിലോമീറ്റർ ദൂരമാണ് രണ്ടാം ട്രാക്ക് പണിയാൻ ഒരുങ്ങുന്നത്.

  നിലവിലുള്ള പാതയ്ക്ക് സമാന്തരമായാണ് ഈ പാതകൾ എല്ലാം തന്നെ നിർമ്മിക്കുന്നത്. പഴയതുപോലെ വളവും തിരിവും ഉണ്ടാകില്ല എന്ന് മാത്രം. കേരളത്തിൽ ഒച്ചു പോലെ നീങ്ങിയിരുന്ന റെയിൽവേ പാതാ വികസനം വേഗത്തിൽ ആകുമെന്ന സൂചനകളാണ് ഇതോടെ വരുന്നത്. ഡിപിആര്‍ തയ്യാറാക്കിയാൽ തുടർനടപടികളിലേക്ക് കടക്കാനാണ് റെയിൽവേ മന്ത്രാലയത്തിന്റെ തീരുമാനം. യാത്രക്കാരുടെ എണ്ണം വളരെ കൂടുതലാണെങ്കിലും പരിമിതമായ ട്രാക്കുകൾ ആണ് കേരളത്തിന്റെ ദുർഗതി. ഇതിന് പുറമേയാണ് പലയിടത്തും ഉള്ള വളവും തിരിവുകളും. എന്നാൽ പുതിയ വരാൻ എത്ര വർഷം കാത്തിരിക്കും എന്നതാണ് പ്രധാന ചോദ്യം. ഭാവി മുന്നിൽകണ്ടാണെങ്കിലും അടുത്ത തലമുറയ്ക്ക് എങ്കിലും ഇതിന്റെ പ്രയോജനം ഉണ്ടാകും എന്ന് പ്രതീക്ഷിക്കാം.

Share This Post

Leave a Reply

Your email address will not be published. Required fields are marked *