മലയാളത്തിന്റെ മഹാ നടനാണ് മോഹൻലാൽ. വിവിധ കഥാപാത്രങ്ങളിലൂടെ ഇന്നും പ്രേക്ഷകരെ അമ്പരപ്പിക്കുന്ന നടന വിസ്മയം. വർഷം എത്ര കഴിഞ്ഞാലും പുതിയ കഥാപാത്രങ്ങളിൽ തന്റേതായ കയ്യൊപ്പ് പതിപ്പിക്കുന്ന അഭിനയ ശേഷിയാണ് ലാലിനെ വ്യത്യസ്തനാക്കുന്നത്. മലയാളത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടൻ കൂടിയാണ് മോഹൻലാൽ. എന്നാൽ മോഹൻലാലിനെക്കാൾ കൂടുതൽ പ്രതിഫലം വാങ്ങിയ ഒരു നടി മലയാളത്തിലുണ്ട്. ഒരുപക്ഷേ അത്ഭുതം തോന്നുന്ന ഒരു വിവരമായിരിക്കും ഇത്. മലയാളത്തിൽ പൊതുവേ നടിമാരെക്കാൾ കൂടുതൽ പ്രതിഫലം നടന്മാർക്ക് തന്നെയാണ് ഉള്ളത്. മലയാളത്തിൽ മാത്രമല്ല വിവിധ ഭാഷകളിലും സമാനമായ സ്ഥിതിയാണുള്ളത്. എന്നാൽ നായികാ കേന്ദ്രീകൃതമായ കഥാപാത്രങ്ങളിൽ മികച്ച പ്രതിഫലം വാങ്ങുന്ന നടിമാർ ഇന്ന് മലയാളത്തിലുണ്ട്. മഞ്ജു വാര്യരെ പോലുള്ള നടിമാർ ഇതിന് ഉദാഹരണമാണ്. എന്നിരുന്നാലും താരകേന്ദ്രീകൃതമായ സിനിമ മേഖലയിൽ ബ്രാൻഡുകളായി മാറിയ നടന്മാർക്ക് തന്നെയാണ് വിപണി മൂല്യം കൂടുതൽ. അവിടെയാണ് മോഹൻലാലിനെക്കാൾ കൂടുതൽ പ്രതിഫലം വാങ്ങിയ ആ നടിയുടെ കഥ പ്രസക്തമാകുന്നത്.
ബ്രാൻഡ് വാല്യൂ
നേരത്തെ പറഞ്ഞത് പോലെ ഓരോ നടന്മാരുടെയും പേരിലുള്ള ബ്രാൻഡ് മൂല്യം തന്നെയാണ് അവരുടെ പ്രതിഫലത്തിനുള്ള മാനദണ്ഡമായി മാറാറുള്ളത്. അത്തരത്തിൽ നോക്കുമ്പോൾ മോഹൻലാലും മമ്മൂട്ടിയും ഫഹദ് ഫാസിലും എല്ലാം മലയാളത്തിൽ വൻ ബ്രാൻഡുകൾ ആയി മാറി കഴിഞ്ഞു. സിനിമയുടെ കാര്യത്തിൽ മാത്രമല്ല പരസ്യങ്ങളിൽ അഭിനയിക്കുന്നതിന് ഉൾപ്പെടെ താരങ്ങളുടെ പ്രതിഫലം ഇതുകൂടി പരിഗണിച്ചാണ് നിശ്ചയിക്കപ്പെടുന്നത്. എന്നാൽ ഇങ്ങനെ ബ്രാൻഡ് അല്ലാതിരുന്ന ഒരു കാലവും മലയാള സിനിമയിൽ ഉണ്ടായിരുന്നു. 80 കൾ വരെ സൂപ്പർസ്റ്റാർ സങ്കൽപം പോലും സിനിമയിൽ ഉണ്ടായിരുന്നില്ല. ഒരുപക്ഷേ മലയാളത്തിൽ നായക വേഷങ്ങളിലുള്ള താരങ്ങളുടെ എണ്ണവും അന്ന് കുറവായിരുന്നു. പ്രേം നസീറും, സത്യനും, മധുവും ഒക്കെ സൂപ്പർസ്റ്റാറുകൾ എന്ന പേരിൽ അല്ലെങ്കിലും തിളങ്ങി നിന്നു. ഇവർ നായക വേഷത്തിൽ അഭിനയിച്ച സിനിമകളുടെ എണ്ണം നോക്കിയാൽ ഇന്നുള്ള പല നായകന്മാരെയും കടത്തിവെട്ടുന്ന കണക്കുകളാണ് അന്നുള്ളത്.

ഇതാണ് ആ തെന്നിന്ത്യൻ താരസുന്ദരി
മോഹൻലാലിനെ വെല്ലുന്ന താരസുന്ദരി! പ്രതിഫലത്തിന്റെ കാര്യത്തിൽ അങ്ങനെയൊന്ന് ഉണ്ടോ എന്ന സംശയം നിങ്ങൾക്ക് തോന്നിക്കാണും. ഒരുപക്ഷേ നയൻതാരയെ പോലെ കോടികൾ വാങ്ങുന്ന നടിമാരുടെ പേരുകൾ ആയിരിക്കും നിങ്ങളുടെ മനസ്സിൽ വന്നിട്ടുണ്ടാകുക. കാരണം മലയാളത്തെക്കാൾ വലിയൊരു വിപണിമൂല്യമുള്ള ഇൻഡസ്ട്രിയാണ് തമിഴും തെലുങ്കും എല്ലാം. അത് വെച്ച് താരതമ്യം ചെയ്യുമ്പോൾ പോലും തെന്നിന്ത്യൻ നടിമാർക്ക് ഉയർന്ന പ്രതിഫലം നൽകേണ്ടിവരും. എന്നാൽ അതല്ല ഇവിടെ സംഭവിച്ചത്. മലയാളത്തിലെ പ്രിയ നടി അംബികയാണ് (ambika actress) മോഹൻലാലിനെക്കാൾ ഉയർന്ന പ്രതിഫലം വാങ്ങിയ ആ നടി. യഥാർത്ഥത്തിൽ ഇപ്പോൾ നിങ്ങൾ ശരിക്കും ഞെട്ടി കാണും. മോഹൻലാലിനെക്കാൾ പ്രതിഫലം അംബികക്കോ? വിശ്വസിക്കാനാകാത്ത ഒരു കാര്യമായി തോന്നുന്നുണ്ടോ? വെറുതെ ഒരു സിനിമ ഗോസിപ്പ് എന്ന നിലയിൽ പറയുന്നതാണ് എന്ന് കരുതുന്നുണ്ടോ? എന്നാൽ അങ്ങനെയല്ല കാര്യം. പറഞ്ഞത് പൂർണ്ണമായും വസ്തുതയാണ്. സിനിമയിൽ മോഹൻലാലിനെക്കാൾ പ്രതിഫലം വാങ്ങിയ നടി തന്നെയാണ് അംബിക. മറ്റാരുമല്ല അംബിക തന്നെ ഇക്കാര്യം വിവിധ അഭിമുഖങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്.

രാജാവിന്റെ മകൻ
മലയാളത്തിലെ സൂപ്പർസ്റ്റാർ സിനിമകളുടെ തുടക്കം ആണ് രാജാവിന്റെ മകൻ എന്ന് പറയാം. ഒരുപക്ഷേ സൂപ്പർസ്റ്റാറിനെ സൃഷ്ടിച്ച സിനിമ. മോഹൻലാൽ എന്ന സൂപ്പർസ്റ്റാർ ജന്മം കൊണ്ടത് രാജാവിന്റെ മകനിലൂടെ ആയിരുന്നു. അതുവരെ തിരക്കഥാ കേന്ദ്രീകൃത സിനിമകൾ ആയിരുന്നു ഇൻഡസ്ട്രിയിൽ ഹിറ്റായത്. നായകനും നായികയും ആരെന്നത് പ്രാധാന്യമുള്ള കാര്യമായിരുന്നില്ല. നല്ല കഥയാണെങ്കിൽ സിനിമ വിജയിച്ചിരുന്ന കാലം. നടന്മാരും നടിമാരും സൗന്ദര്യത്തിൽ മുന്നിൽ നിൽക്കണം എന്നതുപോലും അപ്രസക്തമായ സാഹചര്യം. അവിടെയാണ് രാജാവിന്റെ മകൻ വലിയ തരംഗമായി മാറിയത്. ഡെന്നിസ് ജോസഫ് തിരക്കഥ എഴുതി തമ്പി കണ്ണന്താനം സംവിധാനം ചെയ്ത സിനിമയാണ് രാജാവിന്റെ മകൻ. 1986 ൽ തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തിയ സിനിമ അക്കാലത്ത് വലിയ ഹിറ്റായി മാറി. ഷാരോൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ സാബു കണ്ണന്താനം ആണ് സിനിമ നിർമ്മിച്ചത്. ജൂബിലി പിക്ചേഴ്സ് വിതരണം നിർവഹിച്ച സിനിമയുടെ കഥ രാജീവ് ആണ് എഴുതിയത്. തിരക്കഥയെ കൂടാതെ സംഭാഷണവും ഡെന്നിസ് ജോസഫ് ആണ് എഴുതിയത്.

മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ഒരു വഴിത്തിരിവായ സിനിമയാണ് രാജാവിന്റെ മകൻ. കേവലം സിനിമയുടെ വിജയം എന്നത് മാത്രമല്ല മോഹൻലാലിനെക്കാൾ പ്രതിഫലം വാങ്ങിയ നായികയുടെ സിനിമ എന്ന നിലയിലും രാജാവിന്റെ മകൻ പ്രസക്തമാണ്. ഒരു ലക്ഷം രൂപയായിരുന്നു അക്കാലത്ത് മോഹൻലാലിന്റെ പ്രതിഫലം എന്നതാണ് പുറത്തുവരുന്ന വിവരങ്ങൾ. എന്നാൽ ഒന്നേകാൽ ലക്ഷം രൂപ നൽകേണ്ടിവന്നു അംബികയ്ക്ക്. അംബികയുടെ താരമൂല്യം തന്നെയാണ് ഇങ്ങനെ ഒരു പ്രതിഫലം കൂടുതൽ ലഭിക്കാൻ കാരണമായത്. തമിഴ് സിനിമകളിൽ ഉൾപ്പെടെ മികച്ച ഹിറ്റുകളിൽ നേടിയെടുക്കാൻ ആക്കാലത്ത് അംബികയുടെ സാന്നിധ്യം ഗുണമായിരുന്നു. അങ്ങനെയാണ് തെന്നിന്ത്യൻ നടിയായി അംബികയുടെ വളർച്ച. അതുകൊണ്ടുതന്നെയാണ് സിനിമയിൽ അധികമായി പ്രതിഫലം നൽകേണ്ടി വന്നത്. ഇക്കാര്യം അംബിക തന്നെയാണ് അഭിമുഖങ്ങളിൽ വ്യക്തമാക്കിയത്.
മോഹൻലാലും താരമൂല്യവും
മലയാളത്തിലെ മാത്രമല്ല ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ താരമൂല്യമുള്ള നടന്മാരിൽ ഒരാളാണ് മോഹൻലാൽ. മോഹൻലാൽ നായകനായാൽ സിനിമയുടെ വിറ്റു വരവിനെ കുറിച്ച് പിന്നീട് ചിന്തിക്കേണ്ടി വരാറില്ല. മുൻകാലങ്ങളിൽ സാറ്റലൈറ്റ് മൂല്യം ആയിരുന്നു സിനിമയുടെ ഒരു പ്രധാന വിപണന ഇടം. എന്നാൽ കാലം മാറിയതോടെ ഒ ടി ടി പ്ലാറ്റ്ഫോമുകൾ ഈ സ്ഥാനം കയ്യടക്കി. സിനിമ റിലീസ് ആകുന്നതിനു മുൻപ് തന്നെ പ്ലാറ്റ്ഫോമുകളുമായി നിർമ്മാതാക്കൾ കരാറിൽ ഏർപ്പെടുന്നതാണ് പുതിയ രീതി. അതായത് തിയേറ്ററിലെ സിനിമയുടെ വിജയം അല്ല ഫോമുകൾ പ്രധാനമായും വിലയിരുത്തുന്നത്. ചില സിനിമകൾ തിയേറ്ററിൽ വിജയിക്കുകയും ഓ ടി ടിയിൽ പരാജയപ്പെടുകയും ചെയ്യുന്നതും പുതിയ അനുഭവങ്ങളാണ്. സാമൂഹികമായി കൂട്ടത്തോടെ പ്രേക്ഷകർ തീയറ്ററിൽ സിനിമ ആസ്വദിക്കുന്ന രീതിയും ഒറ്റയ്ക്ക് മൊബൈൽ അടക്കം വഴി കാണുന്ന രീതിയിൽ തമ്മിലുള്ള വ്യത്യാസമാണ് പലപ്പോഴും പ്രതിഫലിക്കുന്നത്. ഏതായാലും തീയറ്റർ റിലീസുകൾ എന്നതിനപ്പുറം ഓ ടി ടി ആണ് ഇന്ന് സിനിമയുടെ ബിസിനസ് നിശ്ചയിക്കുന്നത്. അതുകൊണ്ടുതന്നെ താരമൂല്യമുള്ള നടന്മാരുടെ സിനിമകൾ വേഗം വിൽക്കപ്പെടുന്നു. മൾട്ടി നാഷണൽ കമ്പനികളായ ആമസോണും നെറ്റ്ഫ്ളിക്സും എല്ലാം ഇക്കാര്യത്തിൽ വമ്പൻ മത്സരങ്ങളിൽ തന്നെയാണ്. അവിടെയാണ് മോഹൻലാലിന്റെ താരമൂല്യം നിർമ്മാതാക്കൾക്ക് ഗുണമായി മാറുന്നത്. അദ്ദേഹത്തിന്റെ ഡേറ്റ് കിട്ടാനായി ഇപ്പോഴും സംവിധായകരും നിർമ്മാതാക്കളും പിന്നാലെ കൂടുന്നതും അതുകൊണ്ടുതന്നെ. അവിടെയാണ് അംബിക എന്ന അക്കാലത്തെ താരത്തിന് മോഹൻലാലിനെക്കാൾ കൂടുതൽ പ്രതിഫലം കിട്ടിയതിന് പ്രസക്തി കൂടുന്നത്. മോഹൻലാൽ എന്ന താരം സൂപ്പർസ്റ്റാർ ആയതിന്റെ വഴി കൂടി ചൂണ്ടിക്കാണിക്കുന്നതാണ് ഈ സംഭവം.

തെന്നിന്ത്യൻ വനിതകളിൽ താരമൂല്യം ആർക്ക്?
സിനിമാലോകം പുതിയ തലത്തിലേക്ക് കടന്ന പതിറ്റാണ്ടുകളാണ് കടന്നുപോയത്. ബോളിവുഡ് സിനിമകൾ ഒരുകാലത്ത് തകർപ്പൻ കളക്ഷനുമായി രാജ്യത്തിന്റെ സിനിമാരംഗം അടക്കിവാണിരുന്നു. എന്നാൽ കാലം മാറി. തമിഴ് സിനിമയും തൊട്ടുപിനാലെ തെലുങ്ക് സിനിമയും രാജ്യത്തിന്റെ സിനിമ മേഖല കീഴടക്കി. ബ്രഹ്മാണ്ഡ സിനിമകളുമായി തെലുങ്കിൽ നിന്നും തമിഴിൽ നിന്നും നിരവധി ചിത്രങ്ങൾ വൻവിജയം നേടി. ബാഹുബലി മുതൽ പറഞ്ഞാൽ തീരാത്ത അത്ര സിനിമകളാണ് ഈ രംഗത്ത് കോടികൾ കൊയ്തെടുത്തത്. ബിഗ് ബജറ്റ് സിനിമകൾ സൗത്ത് ഇന്ത്യ കേന്ദ്രീകരിച്ചു കൂടുതലായി ഇറങ്ങിയതോടെ നടിമാരുടെ താരമൂല്യവും ഉയർന്നു. ലേഡീ സൂപ്പർസ്റ്റാറുകൾ ആയി നടിമാരും സിനിമ മേഖല കീഴടക്കി. അവിടെ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ആൾ ഒരു മലയാളിയാണ് എന്നത് കേരളത്തിനും അഭിമാനം നൽകുന്ന ഘടകമാണ്. പത്തനംതിട്ട തിരുവല്ലയിൽ നിന്നും സിനിമ യാത്ര തുടങ്ങി തമിഴിൽ കൂടി ഇന്ത്യയുടെ ആകെ ശ്രദ്ധാ കേന്ദ്രമായ നയൻതാരയാണ് തെക്കേ ഇന്ത്യയിലെ താരമൂല്യമുള്ള നടി എന്ന് തന്നെ പറയാം. പുറത്തുവരുന്ന കണക്ക് പ്രകാരം ഒരു സിനിമയ്ക്കായി ഏകദേശം എട്ടു മുതൽ 10 കോടി രൂപ വരെയാണ് നയൻതാര പ്രതിഫലം വാങ്ങുന്നത്.

നയൻതാരയിൽ ഒതുങ്ങില്ല താര റാണി മാരുടെ പട്ടിക. ബാഹുബലിയിലൂടെ വലിയ ആരാധക പിന്തുണ നേടിയ അനുഷ്ക ഷെട്ടി കോടികളാണ് പ്രതിഫലമായി വാങ്ങിയിരുന്നത്. നാല് കോടി രൂപ മുതൽ ആറു കോടി വരെ ഇവർ വാങ്ങിയിരുന്നതാണ് പുറത്തുവരുന്ന കണക്കുകൾ. പുതിയ തലമുറയിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നായികമാരിൽ ഒരാളാണ് സമന്ത. മൂന്നു കോടി രൂപ മുതൽ 5 കോടി രൂപ വരെ ഇവർക്ക് പ്രതിഫലം കിട്ടുന്നുണ്ട് എന്നാണ് വിവരം. രശ്മിക മന്ദാനയാണ് ദേശീയതലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ട മറ്റൊരു നടി. പുഷ്പ പോലെയുള്ള സിനിമകളിൽ അഭിനയിച്ചതിലൂടെ ഇവരുടെ പ്രതിഫലം കൂടി. മൂന്നു കോടി രൂപ മുതൽ 4 കോടി രൂപയാണ് പ്രതിഫലം എന്നാണ് കണക്കുകൾ. തമിഴിലെ എക്കാലത്തെയും മികച്ച നായികമാരിൽ ഒരാളായ തൃഷയും വൻ താരമൂല്യമുള്ള നടിയാണ്. മൂന്നു കോടി രൂപ വരെയാണ് തൃഷക്ക് പ്രതിഫലം എന്നാണ് വിവരം. കണക്കുകൾ അന്തിമം അല്ലെങ്കിലും തെന്നിന്ത്യൻ താര റാണിമാർ സൂപ്പർസ്റ്റാറുകൾ ആയി കഴിഞ്ഞു എന്ന കാര്യത്തിൽ സംശയമില്ല. ഇവരുടെ പ്രതിഫലവും കോടികൾ തന്നെ.
പ്രതിഫലത്തിൽ വിവാദം
താര രാജാക്കന്മാർക്ക് പ്രതിഫലം കൂടുന്നത് ഓരോ തവണയും നമ്മൾ കാണാറുണ്ട്. കൂടുതൽ വൻ വിജയമുള്ള സിനിമകൾ വരുന്നതോടെ സൂപ്പർസ്റ്റാറുകൾ തങ്ങളുടെ പ്രതിഫല തുക കൂട്ടുന്ന പതിവാണ് ഉണ്ടാകാറുള്ളത്. ഇത് പലപ്പോഴും പുതിയ വിവാദങ്ങളിലേക്ക് കടക്കുന്ന കാഴ്ചയാണ് അടുത്തും പുറത്തുവന്നത്. എന്നാൽ സൂപ്പർ സാറകളെ വിമർശിക്കാൻ ആരും തയ്യാറാകുന്നില്ല എന്നതാണ് യാഥാർത്ഥ്യം. മമ്മൂട്ടിയും മോഹൻലാലും എത്ര തുക കൂട്ടിയാലും അതിനനുസരിച്ച് തുക നൽകാൻ നിർമ്മാതാക്കൾ തയ്യാറാകുന്നുണ്ട്. കാരണം അവരുടെ സിനിമകൾ ആ നിലയിൽ വിൽക്കപ്പെടുന്നുണ്ട് എന്നുള്ളതാണ്. തിയേറ്ററിൽ പരാജയം നേടുന്ന സിനിമകൾ പോലും ഒ ടി ടി യിലെ വില്പന വഴി മുടക്ക് മുതൽ തിരിച്ചുപിടിക്കുന്നതാണ് പതിവ്. അതുകൊണ്ടുതന്നെ താര രാജാക്കന്മാർക്ക് പണം മുടക്കാൻ നിർമ്മാതാക്കൾ തയ്യാറാണ്. എന്നാൽ അടുത്തിടെ ഉണ്ടായ വിവാദങ്ങൾ അതല്ല.
പുതിയ സിനിമകളിൽ അഭിനയിക്കാൻ എത്തുന്ന നടിമാർ വരെ ഓരോ സിനിമ കഴിയുന്തോറും വൻതോതിൽ പ്രതിഫലം കൂട്ടുന്നു എന്നതാണ് ഫെഫ്ക ജനറൽ സെക്രട്ടറി കൂടിയായ ബി ഉണ്ണികൃഷ്ണൻ അടുത്തിടെ തുറന്നുപറഞ്ഞത്. നടിമാരുടെ പേരെടുത്ത് പറഞ്ഞല്ലായിരുന്നു വിമർശനം. എന്നാൽ പുതുമുഖ നടിമാർ ഇത്തരത്തിൽ ശരിയല്ലാത്ത പ്രവണത കാണിക്കുന്നുണ്ട് എന്ന് ഉണ്ണികൃഷ്ണൻ വ്യക്തമാക്കിയത് വിവാദങ്ങളിലേക്ക് നയിച്ചിരുന്നു. സ്വന്തം നിലയിൽ താരമൂല്യം ഉയർത്തി കാട്ടുന്ന ഈ പ്രവണതയെയാണ് സംഘടനകൾ എതിർത്തത്. സിനിമയിൽ അഭിനയിച്ച ശേഷം പ്രമോഷൻ പരിപാടിക്ക് വരാത്ത നിലപാടിനെതിരെയും ഉണ്ണികൃഷ്ണൻ അന്ന് വിമർശനം ഉന്നയിച്ചിരുന്നു. സമാനമായ രീതിയിലാണ് യുവാക്കളായ പല നായകന്മാരുടെയും പെരുമാറ്റത്തെ കുറിച്ച് സമീപകാലങ്ങളിൽ വിവാദം ഉണ്ടായത്. പണം വാങ്ങിയശേഷം കൃത്യമായി സെറ്റിൽ തങ്ങാതെ കറങ്ങി നടക്കുന്ന ഉൾപ്പെടെയുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനങ്ങൾ. ഏതായാലും താരമൂല്യങ്ങൾ ഓരോ കാലത്തും പ്രതിഫലം വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു എന്ന് നമുക്ക് കാണാം. 80 കളിൽ ഉണ്ടായ സൂപ്പർസ്റ്റാർ പദവിയാണ് മോഹൻലാലിനെ പോലുള്ള താരങ്ങൾക്ക് വൻ പ്രതിഫലം ഈടാക്കാൻ പ്രേരണയായത്. അംബികയും സ്വന്തം താരമൂല്യം വളർന്നതോടെയാണ് മോഹൻലാലിനെക്കാൾ ഉയർന്ന തുക വാങ്ങാൻ തയ്യാറായത്. ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ കാലത്ത് ഇതിൽ അഭിനയിക്കാൻ അവസരം കിട്ടിയവരും തങ്ങളുടെ താരമൂല്യം സമാന്തരമായി വളർത്തിയെടുക്കുന്നു. ഏതായാലും സിനിമയുടെ വളർച്ച കൂടിയാണ് താരങ്ങളുടെ മൂല്യം വർധിക്കുന്നതിലൂടെ ചൂണ്ടിക്കാണിക്കപ്പെടുന്നത്. ബിഗ് ബജറ്റ് ചിത്രങ്ങൾ എടുക്കാൻ നിർമാതാക്കളെ പ്രേരിപ്പിക്കുന്നതും വലിയ സിനിമകൾ നേടിയ വിജയം തന്നെയാണ്.


