Headlines

ബ്രഹ്മപുത്രയുടെ നടുവിലെ അത്ഭുതം; ലോകത്തിലെ ഏറ്റവും വലിയ നദീദ്വീപായ മജുലിയിലേക്ക് ഒരു യാത്ര

ASSAM-MAJULI-TRIP-TIPS

 ഒരുപാട് ദ്വീപുകളെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടാകും.പ്രശസ്തമായ ആൻഡമാൻ നിക്കോബാർ ദ്വീപുകളും, ലക്ഷദ്വീപും, മാലിദ്വീപും ഒക്കെ പോയിട്ടില്ലെങ്കിലും നമുക്ക് അത്രയും പരിചയമുള്ളവയാണ്. ഈ സ്ഥലങ്ങളുടെ വീഡിയോയും ചിത്രങ്ങളും ഒക്കെ കണ്ടതുകൊണ്ട് തന്നെ  ഒരിക്കലെങ്കിലും പോകാൻ ആഗ്രഹിക്കുന്ന ഇടങ്ങൾ തന്നെയായി ഇതെല്ലാം മാറി കഴിഞ്ഞു. ഇവിടേക്ക് ഉള്ള യാത്രാ മാർഗങ്ങൾ എങ്ങനെ എന്നത് വരെ അന്വേഷിച്ച് തീരുമാനിച്ച് കാത്തിരിക്കുന്നവരും ആയിരിക്കും പലരും. ഇതെല്ലാം കടലിന് നടുവിലെ ദ്വീപുകൾ ആണെന്ന് മാത്രം. കായലിന് നടുവിലെ കുഞ്ഞു ദ്വീപുകളെ കുറിച്ചും നിങ്ങൾ കേട്ടിട്ടുണ്ടാകും. വേമ്പനാട്ട് കായലിന് നടുവിലെ പാതിരാമണൽ പോലെയുള്ള ദ്വീപുകൾ കേരളത്തിന്റെ ജൈവവൈവിധ്യത്തിന്റെ പ്രധാനപ്പെട്ട കാഴ്ച കൂടിയാണ് നമ്മളെ കാണിച്ചുതരുന്നത്. കടലിനും കായലിനും മധ്യ മാത്രമാണോ ദ്വീപുകൾ ഉള്ളത്? അങ്ങനെയല്ല എന്നതാണ് സത്യം.നദിയുടെ നടുവിലും ദ്വീപ് എന്നൊന്ന് ഉണ്ടെന്ന് നിങ്ങൾ കേട്ടിട്ടുണ്ടോ?  ഇന്ത്യയിൽ അങ്ങനെ ഒരു ദ്വീപ് ഉണ്ട് എന്ന കാര്യം അറിയുമോ? വെറും ദ്വീപ് അല്ല. നദിക്ക് നടുകയുള്ള ലോകത്തിലെ തന്നെ ഏറ്റവും വലിയ ദ്വീപ്. എങ്കിൽ അങ്ങനെ ഒന്നുണ്ട്. ഇന്ത്യയിൽ അസം  സംസ്ഥാനത്താണ് നദിയുടെ നടുവിൽ ഏറ്റവും വലിയ ദ്വീപ് സ്ഥിതിചെയ്യുന്നത്.

ഒരു പൊതു വിവരം എന്ന നിലയിൽ അല്ല ഇതിനെക്കുറിച്ച് അറിയേണ്ടത്. ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ കാഴ്ചകൾ നിറഞ്ഞ ഒരു സ്ഥലത്തെക്കുറിച്ചുള്ള വിവരമാണ് പറയുന്നത്. ഇന്ത്യയിൽ അസം സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ‘മജുലി’ ആണ് ആണ് നദിക്ക് നടുവിലുള്ള ലോകത്തിലെ ഏറ്റവും വലിയ ദ്വീപ്. കാഴ്ചകൾ നിറഞ്ഞ മനോഹരമായ ഒരിടം. അടുത്തകാലത്ത് ഒരു ജില്ലയായി തന്നെ പ്രഖ്യാപിച്ച അപൂർവതകൾ നിറഞ്ഞ സ്ഥലം. അതാണ് മജുലി ദ്വീപ്. ഇവിടെക്കുള്ള യാത്രയുടെ വിവരങ്ങളാണ് ഇനി പറയുന്നത്.മജുലി മാത്രമല്ല കാഴ്ചകൾ നിറഞ്ഞ സമീപ പ്രദേശങ്ങളെ കുറിച്ചും അറിയേണ്ടതുണ്ട്. അങ്ങനെ മനോഹരമായ അസമിലേക്ക് ഒരു യാത്ര പോകാം.

 ബ്രഹ്മപുത്ര നദിയെ കുറിച്ച് നിങ്ങൾ ഇതിനകം കേട്ടിട്ടുണ്ടാകും. പാഠപുസ്തകങ്ങളിൽ നിന്ന് എല്ലാം ഇതിനെക്കുറിച്ചുള്ള വിവരങ്ങളും നിങ്ങൾ അറിഞ്ഞിട്ടുണ്ടാകും. ആ ബ്രഹ്മപുത്ര നദിയുടെ നടുവിലാണ് ലോകത്തിലെ ഏറ്റവും വലിയ നദീ ദ്വീപായ മജുലി സ്ഥിതിചെയ്യുന്നത്. കേവലം നദിയുടെ നടുവിലുള്ള വലിയ ദ്വീപ് എന്ന് കേൾക്കുമ്പോൾ നിങ്ങളുടെ മനസ്സിൽ എന്താണ് തോന്നുന്നത്? ഒരുപക്ഷേ കടലിന് നടുവിലെ വലിയ വിശാലമായ ദ്വീപുകളെ കുറിച്ച് കേട്ടിട്ടുള്ളവർക്ക് ഇതൊരു വളരെ ചെറിയ ദ്വീപ് എന്ന ചിന്തയായിരിക്കും മനസ്സിൽ വരിക. എന്നാൽ ആ വിവരം കൂടി അറിയുക. 352 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയാണ് മജുലി ദ്വീപിന് ഉള്ളത്. ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളുടെ പ്രധാനപ്പെട്ട ആകർഷണ കേന്ദ്രം കൂടിയാണ് ഇവിടം. 2016 മുതൽ ഒരു ജില്ലയായി മാറി എന്നതാണ് മജുലിയുടെ പ്രത്യേകത.

 കേവലം ബ്രഹ്മപുത്ര നദിയിൽ മാത്രമല്ല ഈ ദ്വീപ് ഉള്ളത്. മജുലിയുടെ തെക്കൻ അതിർത്തിയിലാണ് ബ്രഹ്മപുത്ര നദി ഉള്ളത്. വടക്കുഭാഗം ബ്രഹ്മപുത്ര നദിയുടെ തന്നെ ഒരു ശാഖയായ ഖേർ കുതിയ സ്യുട്ടിയും ചേർന്നാണ് ഇതിന്റെ അതിർത്തി വരുന്നത്. ബ്രഹ്മപുത്രാ നദിയുടെ ശാഖ ആയതുകൊണ്ട് തന്നെയാണ് പൊതുവിൽ ബ്രഹ്മപുത്രാ നദിക്ക് നടുവിലെ ദ്വീപ് എന്ന നിലയിൽ ഇതിനെ അറിയപ്പെടുന്നത്. ഖേർ കുതിയ സ്യുട്ടി സുബൻസിരി നദിയുമായി ചേർന്നശേഷമാണ് പിന്നീട് ബ്രഹ്മപുത്രയിൽ എത്തുന്നത്.

 യാത്ര ഇങ്ങനെ 

 അസമിലെ ജോർഹട്ട് ജില്ലയിൽ നിന്ന് 20 കിലോമീറ്റർ അകലെയാണ് മജുലി സ്ഥിതിചെയ്യുന്നത്. ജോർഹട്ടിൽ എത്തിയശേഷം ആണ് മജുലിയിലേക്ക് ഉള്ള യാത്ര.ജോർഹട്ടിൽ വിമാനത്താവളം ഉണ്ട് എന്നതാണ് ഈ നഗരത്തിന്റെ പ്രധാനപ്പെട്ട സവിശേഷത. അതായത് ദൂരദേശങ്ങളിൽ ഉള്ളവർക്ക്  വളരെ വേഗത്തിലുള്ള ഗതാഗത മാർഗ്ഗമായ വിമാനത്തിൽ സഞ്ചരിച്ചു തന്നെ മജുലിയുടെ തൊട്ടടുത്ത് എത്താം.അസമിലെ ഗുവാഹത്തിയിൽ എത്തിയാൽ അവിടെനിന്നും ദിവസേന ജോർഹട്ടിലേക്ക് നിങ്ങൾക്ക് വിമാനത്തിൽ യാത്ര ചെയ്യാൻ കഴിയും. പശ്ചിമബംഗാളിന്റെ തലസ്ഥാനമായ കൊൽക്കത്തയിൽ നിന്ന് ആഴ്ചയിൽ നാലുദിവസം ജോർഹട്ടിലേക്ക് വിമാന സർവീസുകൾ ഉണ്ട്. വിമാനത്തിൽ മാത്രമല്ല ബസ്സിലും നിങ്ങൾക്ക് യാത്ര ചെയ്യാം. ഗുവഹത്തിയിൽ നിന്ന് ഏഴുമണിക്കൂർ യാത്ര ചെയ്താൽ നിങ്ങൾക്ക് ജോർഹട്ടിൽ എത്താൻ കഴിയും. അതിരാവിലെയും രാത്രിയിലും എല്ലാം ബസ്സുകൾ ഇവിടേക്ക് സർവീസുകൾ നടത്തുന്നുണ്ട്.

 ജോർഹട്ടിൽ നിന്ന് നീമതി ഘട്ടിലേക്ക് എത്തിവേണം യാത്ര തുടരാൻ.  14 കിലോമീറ്റർ ദൂരമാണ് ഈ യാത്രയ്ക്ക് വേണ്ടത്. മജുലിയിലേക്ക് എല്ലാദിവസവും രണ്ട് ഫെറി സർവീസുകൾ എങ്കിലും ഇവിടെ നിന്നും യാത്ര പുറപ്പെടുന്നുണ്ട്. രാവിലെ 10 മണിക്കാണ് ഒന്ന് പുറപ്പെടുക. രണ്ടാമത്തെ സർവീസ് പുറപ്പെടുന്നത് ഉച്ചയ്ക്ക് ശേഷം മൂന്നു മണിക്കാണ്. മജുലി യാത്രക്ക് തയ്യാറെടുക്കുന്ന സമയം സമയ ക്രമം ഒന്നുകൂടി ഉറപ്പിക്കുന്നത് നല്ലതാണ്. വിവിധ കാലാവസ്ഥ ഭേദവും പ്രളയ സാധ്യതയുമൊക്കെ കണക്കിലെടുത്ത് ഇക്കാര്യങ്ങളിൽ എല്ലാം മാറ്റം വരാൻ സാധ്യതയുണ്ട്. ജോർഹട്ടിലെ ബസ്റ്റാൻഡിൽ എത്തിയാൽ സമയക്രമം സംബന്ധിച്ച കൃത്യമായ വിവരം നിങ്ങൾക്ക് ലഭിക്കും. നീമതിയിലേക്കുള്ള ബസ് സർവീസുകളും ഇവിടെനിന്നാണ് പുറപ്പെടുന്നത്.

 ഒരു മണിക്കൂറോളം സമയമെടുത്താണ് ഫെറി സർവീസ് നടത്തുന്നത്. മജുലി ദ്വീപിൽ ബസ് സർവീസുകൾ ഉണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത. അതായത് ആദ്യത്തെ ഒരു മണിക്കൂർ നീണ്ട ഫെറി യാത്രയ്ക്ക് ശേഷം മജുലിയിലെ തന്നെ മറ്റൊരു സ്ഥലമായ മേജർ സ്പോരിയിലൂടെ 10 മിനിറ്റ് ബസ് യാത്ര ചെയ്യണം. തുടർന്ന് വീണ്ടും കുറഞ്ഞ സമയത്തെ ഒരു ചെറിയ ഫെറി യാത്ര. അതിനുശേഷം വീണ്ടും  ഏറ്റവും പ്രധാനപ്പെട്ട നഗരമായ കമലബാരിയിലേക്ക് ബസ്സിൽ പോകണം. ഇടയ്ക്ക് ജലഗതാഗത മാർഗം വഴിയാണ്  യാത്ര എങ്കിലും ജോർഹട്ടിൽ എത്തി തന്നെ നിങ്ങൾക്ക് ഒരു ടാക്സി വിളിക്കാവുന്നതാണ്. ഫെറി വഴി ഈ ടാക്സിൽ കയറി യാത്ര തുടരാം. അതായത് ഇടയ്ക്കുള്ള ബസ് യാത്ര ഒഴിവാക്കാം എന്ന് അർത്ഥം. പ്രാദേശിക ബസുകളിലെ യാത്രകൾ ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കിൽ കാറുകളുടെ ആവശ്യമില്ല. മാത്രമല്ല മജുലിയിലും നിങ്ങൾക്ക് ടാക്സി സർവീസുകൾ ലഭ്യമാണ്.

 മജുലിയിലെ താമസ കേന്ദ്രങ്ങൾ

 ലോകത്തിലെ തന്നെ പ്രധാനപ്പെട്ട ടൂറിസം കേന്ദ്രങ്ങളിൽ ഒന്നാണ് മജുലി എന്ന് ഇതിനകം വ്യക്തമായല്ലോ. എന്നാൽ ഇത്രയും വലിയ ടൂറിസം കേന്ദ്രമാണെങ്കിലും ഇവിടെ താമസത്തിന് വൻകിട ഹോട്ടലുകൾ ഒന്നും തന്നെ ലഭ്യമല്ല എന്നതാണ് യാഥാർത്ഥ്യം. അതായത് ടൂറിസത്തിന് അനുയോജ്യമായ നിലയിൽ അടിസ്ഥാന സൗകര്യ വികസനം ഇപ്പോഴും മജുലിയിൽ ഉണ്ടായിട്ടില്ല. എന്നാൽ നിങ്ങൾക്ക് താമസിക്കാൻ സൗകര്യമില്ല എന്നല്ല പറഞ്ഞുവരുന്നത്. ഇവിടുത്തെ വീടുകൾ കേന്ദ്രീകരിച്ച് അതിഥി സത്രങ്ങൾ എന്ന പേരിൽ നിങ്ങൾക്ക് മുറികൾ ലഭ്യമാകും. അതായത് നമ്മുടെ നാട്ടിലെ ഹോംസ്റ്റേ രീതിയിൽ ആണ് ഇത് പ്രവർത്തിക്കുന്നത്. എന്നാൽ ഇവിടങ്ങളിൽ വീട്ടുകാരും താമസിക്കുന്നുണ്ട് എന്നുമാത്രം. വിനോദസഞ്ചാരികളുടെ തിരക്ക് ഉള്ളതുകൊണ്ടുതന്നെ ഈ മുറികൾ ബുക്ക് ചെയ്യാൻ നിങ്ങൾ നേരത്തെ തീരുമാനിക്കണം എന്ന് മാത്രം.

 കമലബാരി നഗരം കേന്ദ്രീകരിച്ചാണ് പ്രധാനപ്പെട്ട സത്രങ്ങളെല്ലാം സ്ഥിതിചെയ്യുന്നത്. ഒരു സത്ര സംസ്കാരം തന്നെയാണ് ഇവിടുത്തെ പ്രത്യേകത. നടുൻ കമലാ ബാരി, ഉത്തർ കമലബാരി, ഔനിയാറ്റി, ഭോഗ്പൂർ, ദഖിൻ പത് എന്നിവയെല്ലാം ഇതിൽ പ്രധാനപ്പെട്ട സത്രങ്ങൾ ആണ് . ഇവയിൽ തന്നെ നടുൻ കമലാ ബാരി, ഉത്തർ കമലബാരി, എന്നിവയിലേക്ക് കമലബാരിയിൽ നിന്ന് നടക്കാവുന്ന ദൂരം മാത്രമാണ് ഉള്ളത്.ഔനിയാറ്റി, ഭോഗ്പൂർ എന്നീ രണ്ട് സത്രങ്ങൾ കമലബാരിയിൽ നിന്ന് ആറ് കിലോമീറ്റർ അകലെയാണ്.ദഖിൻ പത് ദിലീപിന്റെ മറ്റൊരു അറ്റത്താണ് സ്ഥിതി ചെയ്യുന്നത്. ദഖിൻ പതിൽ താമസിക്കാൻ ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കിൽ മറ്റൊരു വഴി കൂടി പറഞ്ഞു തരാം. നേരത്തെ പറഞ്ഞ നീമതിയിൽ നിന്ന് ദഖിൻ പതിൽ നേരിട്ട് എത്താവുന്ന രീതിയിൽ ഒരു ഫെറി സർവീസ് പ്രവർത്തിക്കുന്നുണ്ട്. നിങ്ങളുടെ യാത്രയുടെ പ്ലാൻ അനുസരിച്ച് ഇക്കാര്യങ്ങൾ തീരുമാനിക്കാൻ കഴിയും.

 താമസിക്കാൻ വേറെയും ഇടങ്ങൾ 

 കേവലം സത്രങ്ങൾ മാത്രമല്ല ദ്വീപിൽ താമസത്തിനായി ഉള്ളത്. ഇവിടുത്തെ പ്രധാന കേന്ദ്രമായ കമലബാരിയിൽ ഇൻസ്പെക്ഷൻ ബംഗ്ലാവുകളും സ്ഥിതി ചെയ്യുന്നുണ്ട്.  മറ്റൊരു സ്ഥലമായ ഗരാമൂരിൽ സർക്യൂട്ട് ഹൗസ് എന്ന പേരിൽ ഒരു താമസസ്ഥലം ഉണ്ട്. ഇവയെല്ലാം സർക്കാരിന്റെ കീഴിലാണ് പ്രവർത്തിക്കുന്നത് എന്ന് മാത്രം. നമ്മുടെ നാട്ടിലെ പിഡബ്ല്യുഡി റസ്റ്റ് ഹൗസുകൾ എങ്ങനെ പ്രവർത്തിക്കുന്നു എന്ന് നിങ്ങൾക്ക് അറിയാമായിരിക്കും. സമാനമായ രീതിയിൽ ആണ് ഇവയുടെ പ്രവർത്തനം. പല ഫോറസ്റ്റ് ഇൻഫെക്ഷൻ ബംഗ്ലാവുകളുടെ കാര്യവും നിങ്ങൾ കേട്ടിട്ടുണ്ടാകും. സമാനമായ രീതിയിൽ ഇതും ബുക്ക് ചെയ്യണം. മജുലിയിലെ ഗരാമൂരിൽ സ്ഥിതിചെയ്യുന്ന സബ് ഡിവിഷണൽ ഓഫീസർക്ക് ആണ് ഇത്തരം സ്ഥാപനങ്ങളുടെ ചുമതല. അതുകൊണ്ടുതന്നെ ഇവരെ ബന്ധപ്പെട്ട ശേഷം ഇത്തരം ഗസ്റ്റ് ഹൗസുകൾ നിങ്ങൾക്ക് ബുക്ക് ചെയ്യാൻ സാധിക്കും.

 കാഴ്ചകൾ നിരവധി

 കാഴ്ചയുടെ ധാരാളിത്തം കൊണ്ട് മനോഹരമാണ്  ഇവിടം. മജുലി നദിയുടെ നടുവിലുള്ള ദ്വീപ് ആയതുകൊണ്ട് തന്നെ മനോഹരമായ നദീതീരങ്ങൾ ഇവിടെ കാണാം. സാധാരണ പലയിടത്തുമുള്ള ദ്വീപുകളിലെ പോലെയല്ല ഇവിടുത്തെ സാഹചര്യം. മനോഹാരിത നിറഞ്ഞ നെൽപ്പാടങ്ങൾ ഇവിടുത്തെ കാഴ്ചയാണ്. മജുലിയിലെ നെൽപ്പാടങ്ങളിലൂടെ നടന്ന് പ്രകൃതിയെ അടുത്തറിയാനുള്ള സൗകര്യം നിങ്ങൾ ഒരിക്കലും കളയരുത്. പക്ഷികളുടെ പറുദീസ കൂടിയാണ് മജുലി. ദേശാടനക്കാലത്ത് നിരവധി പക്ഷികളാണ് ഇവിടെയൊക്കെ വിരുന്ന് എത്തുന്നത്. പാടങ്ങൾ കേന്ദ്രീകരിച്ച് വരുന്ന പക്ഷികൾ മാത്രമല്ല ഇവിടുത്തെ പ്രധാന സവിശേഷത. നദിയിൽ വള്ളത്തിൽ സഞ്ചരിച്ച് പക്ഷികളുടെ അടുത്തെത്തി മനോഹരമായി ചിത്രം പകർത്താൻ പറ്റിയ ഇടമാണ് ലോകത്തിലെ ഏറ്റവും ചെറിയ ഈ നദീ ദ്വീപ്.

 സംസ്കാരത്തിന്റെ കേന്ദ്രം

 ഓരോ യാത്രകളിലും അവിടുത്തെ സംസ്കാരം കൂടി തിരിച്ചറിയുന്നത് എപ്പോഴും നല്ലതാണ്. അവിടുത്തെ ജീവിത രീതികളും  ആചാരങ്ങളും എല്ലാം യാത്രയിൽ മനസ്സിലാക്കാൻശ്രമിക്കണം. അതിനായി അവിടെയുള്ള പ്രധാനപ്പെട്ട ഉത്സവങ്ങളും ആഘോഷങ്ങളും എന്തെല്ലാമെന്ന് നിങ്ങൾ മനസ്സിലാക്കിയിരിക്കണം. നാനാത്വത്തിൽ ഏകത്വം എന്ന ഇന്ത്യയുടെ വലിയ സവിശേഷത ലോകം മുഴുവൻ കൗതുകത്തോടെയാണ് നോക്കിക്കാണുന്നത്. നമ്മുടെ ഓരോ സംസ്ഥാനത്തിനും ഓരോ സംസ്കാരങ്ങൾ ഉണ്ട്. ഓരോ പ്രധാനപ്പെട്ട ഉത്സവങ്ങൾ ഓരോ സംസ്ഥാനത്തിന്റെയും അടയാളങ്ങളാണ്. അങ്ങനെ അസമിലെ മജുലിയിലും പ്രധാനപ്പെട്ട ആഘോഷങ്ങൾ ഉണ്ട്. രാസ മഹോത്സവമാണ് മജുലിയെ തന്നെ അടയാളപ്പെടുത്തുന്ന പ്രധാനപ്പെട്ട ഒന്ന്. ഒക്ടോബർ നവംബർ മാസങ്ങളിലെ ചില പ്രധാനപ്പെട്ട ദിവസങ്ങളിലാണ് ഇത് ആഘോഷിക്കുന്നത്.ശ്രീകൃഷ്ണന്റെ കഥകൾ നൃത്തനാടക രൂപത്തിൽ അവതരിപ്പിക്കുന്ന ഈ ഉത്സവം അസമിന്റെ പ്രധാന സാംസ്കാരിക ആഘോഷങ്ങളിൽ  ഒന്നാണ്.

 വൈഷ്ണവ പാരമ്പര്യമാണ് മജുലിയുടെ പ്രധാന സവിശേഷതകളിൽ ഒന്ന്. സന്യാസിയായ ശ്രീമന്ത ശങ്കർ ദേവൻ തുടങ്ങിവെച്ചതാണ് മജുലിയിലെ സത്ര സംസ്കാരം. ഇവിടുത്തെ ജീവിതശൈലിയും അതുകൊണ്ടുതന്നെ ഇതുമായി ചേർന്നുനിൽക്കുന്നു. വീടുകളിലെ വാസ്തു വിദ്യാരീതികളും വ്യത്യസ്തമാണ്. വെള്ളപ്പൊക്കം ഇടയ്ക്ക് സംഭവിക്കാം എന്നതുകൊണ്ട് അതിനനുസരിച്ചുള്ള നിർമ്മാണ രീതികളാണ് മജുലിയിൽ ഉള്ളത്. മുളകൊണ്ട് ഇവിടെ ഉള്ളവർ നിർമ്മിക്കുന്ന കെട്ടിടങ്ങൾ വെള്ളപ്പൊക്കത്തെ പോലും അതിജീവിക്കുന്നവയാണ്.മജുലിയുടെ കലാപാരമ്പര്യവും വളരെ വലുതാണ്. ഇവിടുത്തെ ക്ലാസിക്കൽ ഡാൻസും പാട്ടും മറ്റ് കലാരൂപങ്ങളും എല്ലാം ഒന്നിനൊന്ന് മെച്ചമാണ്. അതുകൊണ്ടുതന്നെ ഇവിടെക്കുള്ള യാത്രയിൽ ഇതും കണ്ടിരിക്കണം.

എപ്പോൾ പോകണം 

 പ്രധാനപ്പെട്ട ദ്വീപാണ് മജുലി എന്ന് ഇതിനകം നിങ്ങൾക്ക് മനസ്സിലായല്ലോ. അതുകൊണ്ടുതന്നെ  ശക്തമായ പ്രളയം ഉണ്ടാകാൻ സാധ്യത ഉള്ള ഒരു സ്ഥലം കൂടിയാണ് ഇത്. അതുകൂടി പരിഗണിച്ച് വേണം ഇവിടെക്ക് യാത്ര പ്ലാൻ ചെയ്യാൻ. ഒക്ടോബർ മുതൽ മാർച്ച് വരെയുള്ള മാസങ്ങളാണ് ഇവിടെക്കുള്ള യാത്രയ്ക്ക് അനുയോജ്യമായി വരിക.  മികച്ച കാലാവസ്ഥയാണ് ഈ സമയങ്ങളിൽ ഇവിടെ ഉണ്ടാകുക എന്നാണ് ഇതുവരെയുള്ള അനുഭവം

 യാത്ര മജുലിയിൽ മാത്രം ഒതുക്കേണ്ട 

 പ്രകൃതി സമ്പന്നമായ ഇടമാണ് അസാം. അതുകൊണ്ടുതന്നെ മജുലിയിലേക്ക് നിങ്ങൾ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഇതിന്റെ തൊട്ടടുത്തുള്ള പ്രദേശങ്ങൾ കൂടി എന്ത് എന്ന് മനസ്സിലാക്കുന്നത് നല്ലതാണ്. മജുലിയിലേക്ക് യാത്ര ചെയ്യുമ്പോൾ നിങ്ങൾ ആദ്യം എത്തുന്ന ജോർഹട്ട് ഇന്ത്യയുടെ ടി ക്യാപിറ്റൽ (tea)ആണ്. ഇവിടെ മനോഹരമായ തേയില തോട്ടങ്ങൾ ഉണ്ട്. യുനെസ്കോയുടെ പട്ടികയിൽ ഇടംപിടിച്ച കാസീരംഗ നാഷണൽ പാർക്കും ഒരിക്കലെങ്കിലും പോകേണ്ട ഇടമാണ്. ഏറ്റവും വലിയ നദി ദ്വീപ് മാത്രമല്ല അസമിൽ ഉള്ളത്. ഏറ്റവും ചെറിയ നദീ ദ്വീപും ഇവിടെ തന്നെയാണ് ഉള്ളത്. ബ്രഹ്മപുത്ര നദിയുടെ നടുവിൽ തന്നെയുള്ള ‘ഉമാനന്ദ’ ആണ് ഇത്. ബ്രിട്ടീഷുകാർ ഇതിനെ പീകോക്ക് ദ്വീപ് എന്നാണ് വിളിച്ചിരുന്നത്. ഗുവാഹത്തി  ഹൈക്കോടതിയുടെ അടുത്ത് നിന്ന്  ഫെറി സഫാരിയിലൂടെ തന്നെ ഇവിടെയും നിങ്ങൾക്ക് എത്തിച്ചേരാം.അങ്ങനെ പറഞ്ഞാൽ തീരാത്തത്ര കാഴ്ചകളുടെ ഇടമാണ് അസം. അസമിനെ കുറിച്ചുള്ള കഥകൾ അതുകൊണ്ടുതന്നെ ഇവിടെ അവസാനിക്കില്ല.

Share This Post

One thought on “ബ്രഹ്മപുത്രയുടെ നടുവിലെ അത്ഭുതം; ലോകത്തിലെ ഏറ്റവും വലിയ നദീദ്വീപായ മജുലിയിലേക്ക് ഒരു യാത്ര

Leave a Reply

Your email address will not be published. Required fields are marked *