കൃഷി ചെയ്യാൻ സ്ഥലമില്ലാത്തവരാണോ നിങ്ങൾ? വഴിയുണ്ട് 

NAVO-DHAN-PROJECT-DETAILS

 

 കൃഷിയോട് വല്ലാതെ ആഭിമുഖ്യമുള്ളവർ ആയിരിക്കും പലരും. എന്നാൽ സ്ഥലം ഇല്ല എന്നുള്ളതാണ് നേരിടുന്ന വലിയ വെല്ലുവിളി. നഗര ഹൃദയങ്ങളിൽ താമസിക്കുന്നവർ ആണെങ്കിൽ പറയുകയും വേണ്ട. കൃഷി വലിയൊരു ആഗ്രഹമായി കൊണ്ടുനടക്കുന്ന ഇത്തരക്കാർക്ക് സർക്കാർ തന്നെ ഭൂമി നൽകുന്ന ഒരു പദ്ധതിയുണ്ട്. എത്രപേർക്ക് ഇതിനെക്കുറിച്ച് ധാരണയുണ്ട് എന്നത് വ്യക്തമല്ല. ഏതായാലും ആഗ്രഹമുണ്ടെങ്കിൽ നിങ്ങൾക്ക് ഭൂമി തരാൻ കൃഷിവകുപ്പ് തന്നെ സംവിധാനം ഒരുക്കിയിരിക്കുകയാണ്.കൃഷി വകുപ്പിന് കീഴിൽ വരുന്ന നവോ ധൻ പദ്ധതിയാണ് കൃഷി ഒരു സംരംഭം ആക്കി മാറ്റാൻ ആഗ്രഹിക്കുന്നവർക്കുള്ള പുതിയ വഴി.  

 കൃഷിക്കായി പാട്ട കരാർ നൽകുക എന്നത് നിയമാനുസൃതം നിലനിൽപ്പ് ഇല്ലാത്തതാണ്. എന്നിരുന്നാൽ തന്നെയും സംസ്ഥാനത്ത് പാട്ടകൃഷി സജീവമാണ്. എന്നാൽ ഹ്രസ്വകാല വിളകൾക്കാണ് കൂടുതലായും ഉള്ളത്. പാടങ്ങൾ പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നവരാണ്  ഏറെയും. പൈനാപ്പിൾ കൃഷി പോലെ ഉള്ളവയും പാട്ടകൃഷിയായി ചെയ്യുന്നവരുണ്ട്. രണ്ടോ മൂന്നോ കൊല്ലത്തേക്ക് ഉള്ളതാണ് പൈനാപ്പിൾ കൃഷി എന്നത് കൊണ്ട് തന്നെ ഇതാകും നിലവിലുള്ള ദീർഘകാല അടിസ്ഥാനത്തിലുള്ള പാട്ട ഭൂമിയിലെ കൃഷി.

 പുതിയകാലത്ത് യുവാക്കൾ ധാരാളമായി കൃഷിയിലേക്ക് ഇറങ്ങി വരുന്നുണ്ട്. എന്നാൽ അവരൊക്കെയും ദീർഘകാല വിളകളാണ് കൃഷി ചെയ്ത് സംരംഭമാക്കി മാറ്റുന്നത്. റംബുട്ടാനും അവോക്കാഡയും പോലെയുള്ള ഫലവർഗ്ഗ കൃഷിയാണ് യുവാക്കളിൽ പലരും തിരഞ്ഞെടുക്കുന്നത്. പ്ലാവ് കൃഷിയാക്കി മാറ്റുന്നവരും ഉണ്ട്. എന്നാൽ ഇവയെല്ലാം ദീർഘകാല അടിസ്ഥാനത്തിൽ ചെയ്യേണ്ട കൃഷികളാണ്.അതുകൊണ്ടുതന്നെ ഇത്തരം കൃഷികൾക്കായി ഭൂമി നൽകാൻ ഉടമകൾ മടിക്കും. ഭാവിയിൽ ഉണ്ടാകുന്ന തർക്കങ്ങൾ പേടിച്ചാണ് ഉടമകൾ ഒന്ന് പിൻവാങ്ങുന്നത്. എന്നാൽ ഇത്തരം പ്രതിസന്ധികൾ ഒന്നും ഇല്ലാത്തതാണ് സർക്കാരിന്റെ പുതിയ പദ്ധതി.

 ലോക ബാങ്കിന്റെ സഹായത്തോടെയാണ് കൃഷിവകുപ്പ് പദ്ധതി നടപ്പാക്കുന്നത്. കേരള അഗ്രോ ബിസിനസ് കമ്പനിയുടെ പേരിലാണ് സംരംഭകരാകാൻ ആഗ്രഹിക്കുന്നവർക്ക് പാട്ട ഭൂമി നൽകുന്നത്. ഭൂ ഉടമയും കൃഷിക്കാരനും കമ്പനിയും ചേർന്നുള്ള കരാറാണ് ഇതിനായി തയ്യാറാക്കുന്നത്. 200 രൂപയുടെ മുദ്രപത്രത്തിൽ ആണ് കരാർ തയ്യാറാക്കുന്നത്. നിയമ സാധ്യത ഇല്ലെങ്കിലും മുൻപുള്ള കരാറിന് സ്ഥലത്തിന്റെ വിലയുടെ 50 ശതമാനം കാണിച്ച് 8 ശതമാനത്തിൽ സ്റ്റാമ്പ് ഡ്യൂട്ടി അടക്കണമായിരുന്നു. അത് പ്രകാരവും പുതിയ കരാർ ലാഭകരമാണ്.

 സംസ്ഥാനത്ത് പൊതുമേഖല സ്ഥാപനങ്ങളുടെയും സർക്കാർ വകുപ്പുകളുടെയും സ്വകാര്യ വ്യക്തികളുടെയും എല്ലാം ഭൂമി കേരള അഗ്രോ ബിസിനസ് കമ്പനിക്ക് കീഴിൽ രജിസ്റ്റർ ചെയ്യാം. ജില്ല തിരിച്ചുള്ള കണക്ക് കമ്പനി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇവയിൽ നിന്നും സ്ഥലം കണ്ടെത്തി ഉപഭോക്താക്കൾക്ക് തീരുമാനങ്ങൾ എടുക്കാം. എന്നാൽ ഭൂ ഉടമയും കർഷകനും നിശ്ചിത ശതമാനം തുക കേരള അഗ്രോ ബിസിനസ് കമ്പനിക്ക് നൽകണം. വാർഷിക സേവന തുക ഒരു ലക്ഷം ആണെങ്കിൽ ആയിരം രൂപയാണ് കമ്പനിക്ക് നൽകേണ്ടത്. കൃഷി ഒരു സംരംഭം ആക്കാൻ ആഗ്രഹിക്കുന്നവർക്കെല്ലാം പുതിയ പദ്ധതി ഉപയോഗപ്പെടുത്താവുന്നതാണ്.

Share This Post

Leave a Reply

Your email address will not be published. Required fields are marked *