Headlines

പതിനഞ്ചു മിനിട്ട് കൊണ്ട് തക്കാളി അവിയൽ

tomato-aviyal

അവിയൽ എന്ന് കേൾക്കുമ്പോൾ തന്നെ നമ്മുടെയൊക്കെ മനസ്സിൽ ഓടി എത്തുക മുരിങ്ങക്കോലും , ചേനയും , ഏത്തക്കായും, പടവലങ്ങായും, കാരറ്റും അങ്ങനെ നിരവധി പച്ചക്കറികൾ അടങ്ങിയ ഒരു വിഭവം ആണ്. എന്നാൽ അവിയൽ കൂട്ടണം എന്ന് ആഗ്രഹിച്ചിരിക്കുമ്പോൾ കൈയിൽ അതിനുള്ള പച്ചക്കറി ഒന്നും ഇല്ലെങ്കിലോ? ആകെ ഉള്ളതാകട്ടെ തക്കാളിയും, പച്ചമുളകും മാത്രം. ഇങ്ങനെ ഉള്ള അവസരങ്ങളിൽ പെട്ടെന്ന് ഉണ്ടാക്കി എടുക്കാവുന്ന ഒരു അവിയൽ ഉണ്ട്. അതാണ്‌ ‘തക്കാളി അവിയൽ’.

പതിനഞ്ചു മിനിട്ട് കൊണ്ട് വലിയ പണികൾ ഒന്നും ഇല്ലാതെ പെട്ടെന്ന് തന്നെ ഉണ്ടാക്കി എടുക്കാൻ സാധിക്കുന്ന മറ്റൊരു അവിയൽ ആണ് തക്കാളി അവിയൽ. എരിവുള്ള പച്ചമുളകും പുളിയുള്ള തക്കാളിയും ചേർത്തു വളരെ എളുപ്പത്തിൽ തയാറാക്കാവുന്ന ഒരു രുചിക്കൂട്ട്.

തക്കാളി അവിയൽ കേരളത്തിലെ ഒരു പരമ്പരാഗത വിഭവമാണ്. സാധാരണ അവിയലുകളിൽ പലതരം പച്ചക്കറികൾ ഉപയോഗിക്കുമ്പോൾ, തക്കാളി അവിയലിൽ പ്രധാനമായും തക്കാളിയാണ് ഉപയോഗിക്കുന്നത്. ഇതിനായി നമുക്ക് ആവശ്യം ഉള്ളത് പഴുത്ത തക്കാളിയാണ്. നമ്മുടെ ആവശ്യത്തിന് അനുസരിച്ചു എത്ര വേണം എങ്കിലും എടുക്കാം. ഇപ്പോൾ അഞ്ചു തക്കാളി എടുത്താൽ അതിനു കൂടെ മൂന്നു പച്ചമുളക്, അര കപ്പ് തേങ്ങ ചിരകിയത്, അര ടീസ്പൂൺ ജീരകം, ആറു ഏഴു ചെറിയ ഉള്ളി, അര ടീസ്പൂൺ മുളകുപൊടി, അര ടീസ്പൂൺ മഞ്ഞൾപ്പൊടി, രണ്ടു ടേബിൾ സ്പൂൺ വെളിച്ചെണ്ണ, കറിവേപ്പില, ഉപ്പ് എന്നിവയാണ് നമുക്ക് വേണ്ടി വരുക.

ആദ്യമായി ഒരു ചട്ടി എടുത്തു അതിലേക്ക് തക്കാളി നീളത്തിൽ അരിഞ്ഞതും, പച്ചമുളക് നെടുകെ കീറിയതും, അര ടീസ്പൂൺ മുളകുപൊടി, അര ടീസ്പൂൺ മഞ്ഞൾപ്പൊടി, ഉപ്പ്, കുറച്ചു വെള്ളം എന്നിവ ചേർത്ത് അടുപ്പിൽ വേവിക്കാൻ വെക്കുക. വെള്ളം അധികം ആവാതെ ശ്രദ്ധിക്കണം. തക്കാളിയിൽ വെള്ളം ധാരാളം ഉള്ളതിനാൽ വേവുന്നതിനു അനുസരിച്ചു വെള്ളവും കറിയിൽ ഉണ്ടായി വരും.

ഈ സമയം കൊണ്ട് തേങ്ങ ചിരകിയതും, ചുവന്നുള്ളിയും, ജീരകവും ചേർത്ത് അവിയലിന്റെ പാകത്തിൽ ചതച്ചു എടുക്കുക. തേങ്ങ ചേർക്കുന്നതിനു മുൻപ് തക്കാളിയിൽ വെള്ളം കൂടുതൽ ആണെകിൽ അത് ആവശ്യത്തിന് വറ്റിച്ചെടുക്കണം. വെള്ളം വറ്റിയാൽ ഉടൻ തന്നെ അരച്ചുവെച്ച തേങ്ങ ഇതിലേക്ക് ചേർക്കുക. ആവശ്യത്തിന് ഉപ്പ് ചേർത്ത് നന്നായി ഇളക്കി കുറഞ്ഞ തീയിൽ അഞ്ച് മിനിറ്റ് വേവിക്കുക.

ചതഞ്ഞ തേങ്ങയുടെ അരപ്പിൽ കിടന്നു വെന്ത അവിയലിൽ രണ്ടു ടീസ്പൂൺ വെളിച്ചെണ്ണ കൂടി തൂവുന്നതോടെ തക്കാളി അവിയൽ പാകമായി. ശേഷം ഒരു അഞ്ചു മിനിറ്റ് കൂടി മൂടി വെച്ച് ശേഷം ചൂടോടെ കറി വിളമ്പാവുന്നതാണ്. പച്ച വെളിച്ചെണ്ണ അവസാനം ഒഴിക്കുന്നതാണ് അവിയലിന്റെ രുചിയുടെ ഒരു പ്രധാന ഘടകം. മറ്റു കറികൾ ഇല്ലെങ്കിൽ കൂടി ചോറിനൊപ്പം വിളമ്പാൻ പറ്റിയ നല്ലൊരു കറിയാണ് തക്കാളി അവിയൽ.

Share This Post

Leave a Reply

Your email address will not be published. Required fields are marked *