വയറും മനസ്സും നിറയ്ക്കും ചേന- പയർ മെഴുക്കുപുരട്ടി

chena-payar-mezhukkupuratti

പല രൂപത്തിൽ നമ്മുടെ മുൻപിൽ എത്തുന്ന രണ്ടു വിഭവങ്ങളാണ് ചേനയും, പയറും. ഇവ രണ്ടു കൂടിച്ചേർന്നുള്ള കോമ്പിനേഷൻ ആണെങ്കിൽ രുചിയുടെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. ഒമേഗ 3 ഫാറ്റി ആസിഡ്, സിങ്ക്, സിലീനിയം, മഗ്നീഷ്യം, ഫോസ്ഫറസ് തുടങ്ങിയവയെല്ലാം ചേനയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ ‘സി’ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ, ചേന അണുബാധകളെ ചെറുക്കാൻ സഹായിക്കുന്നു, കൂടാതെ ശക്തമായ ആന്റി-ഓക്‌സിഡന്റ് ഗുണങ്ങളുമുണ്ട്.
ഉയർന്ന നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ ഇത് നല്ല ദഹനത്തെ സഹായിക്കുകയും ചെയ്യുന്നു.

ശരീരത്തിൽ ഹോർമോൺ സന്തുലിതാവസ്ഥ നിലനിർത്താൻ സഹായിക്കുന്നതിനാൽ സ്ത്രീകൾ ചേന കഴിക്കുന്നത് വളരെ നല്ലതാണ്. ഇത് ഈസ്ട്രജന്റെ അളവ് വർധിപ്പിക്കുകയും ശരീരത്തിലെ ഹോർമോൺ ബാലൻസ് നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ചേന കഴിക്കുന്നത് ഉയര്‍ന്ന കൊളസ്ട്രോളിനെ തടയാനും സഹായിക്കും. കൊഴുപ്പ് കുറഞ്ഞ പച്ചക്കറിയാണിത്. വിറ്റാമിൻ ബി-6 കൊണ്ട് സമ്പന്നമായ ഈ പച്ചക്കറി സ്ത്രീകളിലെ പ്രീമെൻസ്ട്രൽ സിൻഡ്രോം ലക്ഷണങ്ങളിൽ നിന്ന് ആശ്വാസം നൽകുന്നു. കൂടാതെ, ആര്‍ത്തവവിരാമത്തെ തുടര്‍ന്നുണ്ടാകുന്ന അസ്വസ്ഥതകള്‍ കുറയ്ക്കാനും ചേന കഴിക്കാം.

അതുപോലെ തന്നെ നമുക്ക് വീട്ടുമുറ്റത്തു തന്നെ വളരെ എളുപ്പത്തിൽ നട്ടുവളർത്തി എടുക്കാൻ സാധിക്കുന്ന ഒരു പച്ചക്കറിയാണ് പച്ചപയർ. ചില ഇടങ്ങളിൽ അച്ചിങ്ങ പയർ എന്നും ഇതിനു പേരുണ്ട്. ഡയറ്ററി ഫൈബർ, വിറ്റാമിൻ സി, വൈറ്റമിൻ കെ, ഫോളേറ്റ് തുടങ്ങിയ പോഷകങ്ങളാൽ സമ്പുഷ്ടമാണ് പച്ച പയർ. ദഹനത്തെ സഹായിക്കുക, ഹൃദയാരോഗ്യം മെച്ചപ്പെടുത്തുക, പ്രതിരോധശേഷിയും ചർമ്മത്തിൻ്റെ ആരോഗ്യവും വർധിപ്പിക്കുക, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുക എന്നിവയാണ് പച്ച പയർ കൊണ്ടുള്ള ചില ആരോഗ്യ ഗുണങ്ങൾ.

ഇത്രയും ഗുണങ്ങൾ അടങ്ങിയ ചേനയും പയറും കൊണ്ടുള്ള അതി രുചികരമായ ഒരു മെഴുക്കുപുരട്ടി ഉണ്ടാക്കി എടുക്കുന്നത് എങ്ങനെയെന്ന് നോക്കാം. ആദ്യമായ് നമ്മുടെ കറിക്ക് ആവശ്യമുള്ള ചേന വൃത്തിയാക്കി എടുക്കുകയാണ് വേണ്ടത്. തൊലി നീക്കം ചെയ്ത് വലിയ കനം ഇല്ലാതെ നീളത്തിൽ ചേന കഷ്ണങ്ങളാക്കി അരിഞ്ഞെടുക്കുക. തുടർന്ന് രണ്ടു മൂന്നു തവണ ചേന നന്നായി കഴുകി വാരി എടുക്കുക. ചേന കഴുകി എടുക്കുന്ന സമയത്താണ് പൊതുവെ കൈകളിൽ ചൊറിച്ചിൽ അനുഭവപ്പെടാറുള്ളത്. ചേന കഴുകുന്ന വെള്ളത്തിൽ തൊടുന്നത് മൂലമാണ് ഇങ്ങനെ ഉണ്ടാകുക. അതിനാൽ ചേന കഴുകുമ്പോൾ ഒരു സ്പൂൺ ഉപയോഗിക്കുന്നത് ഉറപ്പാക്കുക. ഇളക്കി കഴുകനായാണ് സ്പൂൺ ഉപയോഗിക്കുന്നത്.

ചേന കഴുകുന്നതിന് മുൻപ് കൈയ്യിൽ വെളിച്ചെണ്ണ പുരട്ടുന്നത് ചൊറിച്ചിൽ കുറയ്ക്കാൻ സഹായിക്കും. അതും അല്ലെങ്കിൽ ചേന കഴുകി വാരിയ ഉടനെ ചെറു ചൂടുവെള്ളത്തിൽ കൈ കഴുകിയാലും ചൊറിച്ചിൽ ഒരു പരിധി വരെ കുറയ്ക്കാം.

ചേന നീളത്തിൽ അരിഞ്ഞ പോലെ തന്നെ പയറും ആവശ്യത്തിന് കഴുകി ചെറിയ നീളത്തിൽ അരിഞ്ഞെടുക്കുക. ഒരു പാത്രത്തിലേക്ക് അരിഞ്ഞു വെച്ച ചേനയും, പയറും, നെടുകെ കീറിയ അഞ്ച് പച്ചമുളകും, പത്തു കഷ്ണം ചുവന്ന ഉള്ളിയും , അൽപം മഞ്ഞൾ പൊടിയും , ഉപ്പും, കറിവേപ്പിലയും, വെള്ളവും ചേർത്ത് വേവിച്ചെടുക്കാം. ചേനയും പയറും വെന്ത്, നന്നായി ആറിയതിനു ശേഷമേ മെഴുക്കു പുരട്ടാനായി എടുക്കാവൂ. ഇല്ലെങ്കിൽ എല്ലാം കൂടി കുഴഞ്ഞു പോകും.

അടുപ്പിൽ തീകത്തിച്ച് ചീനച്ചട്ടി വെച്ച് ചൂടായ ശേഷം രണ്ടു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക. ഇതിലേക്ക് വേവിച്ചു വെച്ച ചേനയും, പയറും ചേർത്ത് നന്നായ് ഇളക്കി ചെറു തീയിൽ വഴറ്റി എടുക്കുക. ഉപ്പ് കുറവ് ഉണ്ടെങ്കിൽ പാകം നോക്കി ചേർക്കാവുന്നതാണ്. ചെറു ചൂടോടെ ഉപയോഗിക്കാൻ പറ്റുന്ന അടിപൊളി ചേന പയർ മെഴുക്കുപുരട്ടി തയ്യാർ.

Share This Post

Leave a Reply

Your email address will not be published. Required fields are marked *