നമ്മളിൽ പലരുടെയും വീട്ടുമുറ്റത്തുള്ള ഒന്നാണ് പപ്പായ. പ്രാദേശികമായി ഓമയ്ക്ക, കർമൂസ, കപ്ലങ്ങ എന്നിങ്ങനെ പല പേരുകൾ കേരളത്തിൽ പലയിടത്തുമുണ്ട്. പേരെന്താണെങ്കിലും പലതരത്തിൽ മനുഷ്യന് ഗുണം ചെയ്യുന്ന ഒന്നാണ് പപ്പായ.
ഔഷധഗുണം ഏറെയുള്ള ഒരു ഫലമാണ് പപ്പായ. വീട്ടിലെ പച്ചക്കറി വിഭവമായും പഴമായും ഒക്കെ പപ്പായ നമുക്കു മുന്നിലുണ്ട്. ഒരു ഭക്ഷണം എന്നത് മാത്രമല്ല പപ്പായയുടെ പ്രത്യേകത. രോഗപ്രതിരോധ ശക്തി വർദ്ധിപ്പിക്കാൻ പപ്പായ ഏറെ ഗുണം ചെയ്യുമെന്നാണ് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
ചിക്കൻഗുനിയ വില്ലനായ കാലത്ത് പപ്പായ ഇല വെള്ളത്തിലിട്ട് തിളപ്പിച്ച് ആ വെള്ളം കുടിച്ചവർ നിരവധിയാണ്. രോഗബാധിതർക്കിടയിലെ രക്താണുക്കളുടെ എണ്ണം അപകടകരമായ നിലയിൽ കുറഞ്ഞപ്പോൾ ഈ വെള്ളം കുടിച്ചാണ് പലരും ആരോഗ്യം വീണ്ടെടുത്തത്.
ദഹനത്തിന് പപ്പായ ഒരു മികച്ച ഭക്ഷണമാണെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. യൂറിക് ആസിഡ് കുറയുന്നതിന് വേണ്ടിയും പപ്പായ ഉപയോഗിക്കുന്നവർ ഉണ്ട്. പൂർണ്ണമായും മൂപ്പെത്താത്ത പപ്പായ ചെറിയ കഷണങ്ങളാക്കി വേവിച്ചു വറ്റിച്ച വെള്ളം പതിവായി കുടിച്ചാണ് പലരും ആശ്വാസം നേടുന്നത്.
അഴുകിയ പപ്പായ ഇല കൊണ്ടും ചില പ്രയോജനങ്ങൾ ഉണ്ട്. പച്ചക്കറികൾക്ക് ജൈവ കീടനാശിനിയായാണ് ഇത് പലരും ഉപയോഗിക്കുന്നത്. ഇല ചെറുതായി അരിഞ്ഞ് വെള്ളത്തിൽ മുക്കിവെച്ച ശേഷം പുളിപ്പിച്ച് പിഴിഞ്ഞ് ദ്രാവകമാക്കി മാറ്റുക. തൊട്ടടുത്ത ദിവസം ഈ പിഴിഞ്ഞെടുക്കുന്ന ദ്രാവകം മൂന്നിരട്ടിയോളം വെള്ളം ചേർത്ത് ചെടികളിൽ തളിച്ചാൽ ഗുണം ചെയ്യും എന്നാണ് അനുഭവസ്ഥർ പറയുന്നത്. ഏതായാലും പപ്പായ വെറുതെ കഴിക്കാൻ മാത്രമല്ല ഇങ്ങനെ പല ഗുണങ്ങളും കൊണ്ട് സമ്പുഷ്ടമാണ്.


