എല്ലിന്റെ ആരോഗ്യത്തെക്കുറിച്ച് കേൾക്കുമ്പോൾ എല്ലാം കൂടെ വരുന്ന ഒന്നാണ് കാൽസ്യത്തിന്റെ ലഭ്യത. ഭക്ഷണത്തിലൂടെ അടക്കം ശരീരത്തിൽ കാൽസ്യത്തിന്റെ അളവ് ഉറപ്പാക്കാൻ വേണ്ടിയുള്ള പരസ്യങ്ങളും നമ്മൾ നിരവധി കാണാറുണ്ട്. എന്നാൽ കാൽസ്യം മാത്രം പോരാ എല്ലിന്റെ ആരോഗ്യം സംരക്ഷിക്കാൻ എന്നാണ് വിദഗ്ധർ ചൂണ്ടി കാട്ടുന്നത്. കാൽസ്യം ശരീരത്തിൽ ശരിയായ നിലയിൽ പ്രവർത്തിക്കണമെങ്കിൽ മഗ്നീഷ്യത്തിന്റെ അളവും വേണ്ടവിധത്തിൽ വേണമെന്നാണ് ഇവർ പറയുന്നത്.
പൊതുവേ സ്ത്രീകളുടെ ശരീരത്തിൽ നടക്കുന്ന പരിശോധനകളിൽ മഗ്നീഷ്യത്തിന്റെ അളവ് കുറവാണ് എന്ന് വിദഗ്ധരായ ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇതിനുള്ള പോംവഴി ആയാണ് ഭക്ഷണത്തിലൂടെ എങ്ങനെ മഗ്നീഷ്യം ശരീരത്തിൽ എത്തിക്കാം എന്ന് ഇവർ പറയുന്നത്. 40 വയസ്സിനു മുകളിലുള്ള സ്ത്രീകളിൽ നടത്തിയ പഠനത്തിലാണ് മഗ്നീഷ്യത്തിന്റെ അളവ് കുറഞ്ഞത് മൂലം ഉണ്ടായ പ്രശ്നങ്ങൾ വ്യക്തമായത്.
ഉറക്കമില്ലായ്മ മാനസിക സമ്മർദ്ദം ദഹന പ്രശ്നങ്ങൾ എന്നിവയെല്ലാം മഗ്നീഷ്യത്തിന്റെ തോത് കുറയ്ക്കുന്നു. ആർത്തവകാലം ഗർഭകാലം ആർത്തവവിരാമം എന്നീ സമയത്ത് ഉണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങളും ഇതുമായി ബന്ധപ്പെട്ട് കിടക്കുന്നു. പയർ വർഗ്ഗങ്ങൾ ഒഴിവാക്കുന്നതും ഇതിനെ ബാധിക്കാൻ ഇടയുണ്ട്.
മഗ്നീഷ്യത്തിന്റെ അളവ് വേണ്ട വിധത്തിൽ ഉറപ്പിച്ചു നിർത്താൻ കടലയും ചീരയും ബീൻസും ഒക്കെ ശീലമാക്കാൻ ആണ് വിദഗ്ധർ പറയുന്നത്. മത്തങ്ങയുടെ വിത്തുകൾ, ബദാം ഇവ കഴിക്കുന്നതിലൂടെയും ആവശ്യത്തിന് ഇത് ശരീരത്തിൽ ലഭിക്കും. പുറത്തുനിന്ന് മഗ്നീഷ്യം സപ്ലിമെന്റുകൾ ലഭിക്കുമെങ്കിലും വിദഗ്ധരായ ഡോക്ടർമാരുടെ അഭിപ്രായം അറിഞ്ഞശേഷം വേണം ഇത് കഴിക്കാൻ.


