നാല്പത് വയസുകഴിഞ്ഞോ? ആരോഗ്യകാര്യത്തിൽ ഇനി ശ്രദ്ധിക്കേണ്ടത് ഇതൊക്കെയാണ്.

HALTH-ISSUES-AFTER-FOURTY-SOLUIONS

 നാല്പതുകൾ പലപ്പോഴും മനുഷ്യരെ ഇരുത്തി ചിന്തിപ്പിക്കുന്ന പ്രായമാണെന്ന് പറഞ്ഞു കേൾക്കാറുണ്ട്. നാല്പത് വയസ് കഴിയുമ്പോൾ മുതലാണ് മനുഷ്യർ ജീവിച്ചു തുടങ്ങുന്നത് എന്ന് പോലും കാവ്യാത്മകമായി പറയുന്നു. അതുവരെയുള്ള ജീവിതാനുഭവങ്ങൾ എല്ലാം വെച്ച് ഇനിയുള്ള ജീവിതം കളയാതിരിക്കാൻ ആണ് പലരും ഉപദേശിക്കാറുള്ളത്. ഏതായാലും നാല്പതുകൾ വളരെ പ്രധാനപ്പെട്ടതാണെന്ന് ഡോക്ടർമാരും മുന്നറിയിപ്പ് നൽകുന്നു. എന്തൊക്കെയാണ് ഈ പ്രായം എത്തിയാൽ   ശ്രദ്ധിക്കേണ്ടത്. വിശദമായി വായിക്കാം

 ശരീരത്തിൽ എന്താണ് മാറ്റങ്ങൾ?

നാല്പത് വയസ്സ് കഴിയുമ്പോൾ നമ്മുടെ ശരീരത്തിൽ കാര്യമായ വ്യത്യാസങ്ങൾ ഉണ്ടാകുന്നു എന്നാണ് വിദഗ്ധരായ ഡോക്ടർമാർ പറയുന്നത്. ഈ പ്രായം എത്തുമ്പോൾ തന്നെ എല്ലുകൾ പതുക്കെ ദുർബലമാകുന്നത് ആരംഭിക്കും. സ്ത്രീകളുടെ കാര്യത്തിൽ ഇത് കുറച്ചുകൂടി നേരത്തെ ആണെന്ന് ഡോക്ടർമാർ പറയുന്നു. മസിലുകളും കൂടുതൽ ദുർബലമാകും. പിന്നീടുള്ള ഓരോ പത്ത് വർഷവും ശോഷണത്തിന്റെ അളവ് എട്ടു മുതൽ പത്ത് ശതമാനം വരെയാണ്. ശരീരമനങ്ങാതെ ജോലി ചെയ്യുന്നവരുടെ കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ.

 പേശികൾ ചേരുന്ന ഇടങ്ങൾ, പ്രത്യേകിച്ച് കാൽമുട്ടുകൾ,കൈമുട്ടുകൾ ഇവിടെയെല്ലാം ഉള്ള ജലാംശത്തിന്റെ അളവും കുറഞ്ഞു വരും. തരുണാസ്ഥിക്ക് തേയ്മാനം തുടങ്ങും. ചുരുക്കി പറഞ്ഞാൽ ശരീരത്തിന്റെ ഓരോ ഭാഗങ്ങളും ദുർബലം ആയിക്കൊണ്ടിരിക്കും?

 മറികടക്കാൻ വഴികളേറെ 

 പുതിയകാലത്തെ ജോലി രീതി അനുസരിച്ച് പലരും മുറികൾക്കുള്ളിൽ ചുരുങ്ങി പോകുന്നവരാണ്. കൃഷി പോലുള്ള പരമ്പരാഗത ജീവിതക്രമങ്ങളിൽ നിന്ന് നമ്മൾ മാറിക്കഴിഞ്ഞു. ശരീരത്തിന് വ്യായാമം പൂർണമായും ഇല്ല എന്നർത്ഥം. അവിടെയാണ് ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്ന വ്യായാമത്തിന്റെ പ്രസക്തി. അവിടെയും ശ്രദ്ധിക്കേണ്ട പല കാര്യങ്ങളുണ്ട്. ദിവസവും നടക്കുന്നവരാണ് നിങ്ങൾ എന്ന് കരുതി ഈ പ്രശ്നങ്ങളെല്ലാം മറികടക്കാൻ കഴിയും എന്ന് കരുതരുത്.  

 എന്തൊക്കെ വ്യായാമങ്ങൾ?

 വ്യായാമം ചെയ്യണമെന്ന് ഡോക്ടർമാർ പൊതുവേ നിർദ്ദേശിക്കാറുണ്ട്. എന്നാൽ എന്ത്‌ വ്യായാമങ്ങളാണ്  വേണ്ടത് എന്ന് കൂടി നമ്മൾ മനസ്സിലാക്കണം. ഏറോബിക് വ്യായാമങ്ങൾ ഇതിൽ പ്രധാനമാണ്. ഹൃദയത്തിനും കരളിനും മാത്രമല്ല എല്ലുകൾക്കും ഈ രീതിയിലുള്ള വ്യായാമം കൊണ്ട് ഗുണം കിട്ടും. ആഴ്ചയിലൊരു 300 മിനിറ്റ് എങ്കിലും ഇത് ചെയ്യണമെന്നാണ് പറയുന്നത്. അതായത് അഞ്ചുമണിക്കൂറെങ്കിലും ഇതിനായി മാറ്റിവയ്ക്കണം.

 ആഴ്ചയിൽ രണ്ട് ദിവസമെങ്കിലും മസിൽ കൂട്ടുന്നതിന് വേണ്ടിയുള്ള വ്യായാമങ്ങൾ ചെയ്യണം. ജിമ്മിൽ  പോകാൻ കഴിയില്ലെങ്കിൽ വീട്ടിൽ തന്നെ ചെറിയ ഉപകരണങ്ങൾ സംഘടിപ്പിച്ച് നിങ്ങൾക്ക് ഇത് ചെയ്യാവുന്നതാണ്. രണ്ട് ഡമ്പലുകൾ ഉണ്ടെങ്കിൽ തന്നെ ഇതൊക്കെ ചെയ്യാവുന്നതാണ്. ഇതൊന്നുമില്ലെങ്കിലും പുഷ് അപ്പ് പോലെയുള്ള വ്യായാമങ്ങളിലൂടെ മസിൽ കൂട്ടാൻ കഴിയും.

 ശരീരത്തിന്റെ പേശികൾക്കുണ്ടാകുന്ന മുറിവുകൾ കൂടി ഈ പ്രായത്തിൽ മുന്നിൽ കാണണം. ശരീരം കൂടുതൽ ദൃഢമായി മാറുമ്പോൾ ഫ്ലക്സിബിലിറ്റി ഉണ്ടാകുക എന്നതും പ്രധാനമാണ്. ആഴ്ചയിൽ ഒരു ദിവസം മാത്രമൊക്കെ  പെട്ടെന്ന് ഇറങ്ങി കളിക്കാൻ പോകുന്നവരാണ് ഇത് കൂടുതൽ ശ്രദ്ധിക്കേണ്ടത്. കളികൾക്കിടെ പരിക്കുപറ്റുക സ്വാഭാവികമാണ്. 

 യോഗയുടെ പ്രാധാന്യം

 ശരീരം കൂടുതൽ ഫ്ലെക്സിബിൾ ആകണം എന്ന് പറഞ്ഞല്ലോ. അവിടെയാണ് യോഗാസനത്തിന്റെ പ്രാധാന്യം. അതും അല്ലെങ്കിൽ സ്ട്രെച്ചിങ് വ്യായാമങ്ങളും നല്ലതാണ്. അതായത് ദിനംപ്രതിയുള്ള മറ്റ് വ്യായാമങ്ങൾക്കൊപ്പം യോഗ കൂടി ചെയ്യുന്നത് നല്ലതാണ്. അറുപത് വയസ്സ് കഴിഞ്ഞവർക്ക് വീണുണ്ടാകുന്ന ശരീരത്തിലെ പൊട്ടലുകൾക്ക് ഒരു പരിധിവരെ ആശ്വാസമാകും അത്തരം വ്യായാമങ്ങൾ. ആ പ്രായമെത്തിയവർ കുറച്ചുകൂടി ശ്രദ്ധിക്കേണ്ട ചിലതുണ്ട്. അതാണ് ബാലൻസിംഗ് വ്യായാമങ്ങൾ. ഒറ്റക്കാലിൽ നിൽക്കുന്നത് പോലെയുള്ള വ്യായാമങ്ങൾ ഇവിടെ നിങ്ങൾക്ക് ഗുണമാകും.

 നേരത്തെ പറഞ്ഞ നാല് വ്യായാമങ്ങളും തുടങ്ങാൻ ഇനിയും വൈകരുത് . നാല്പത് കഴിഞ്ഞുള്ള മനോഹരമായ ജീവിതം ആസ്വദിക്കാൻ  ഇതെല്ലാം പ്രധാനമാണ്.

Share This Post

Leave a Reply

Your email address will not be published. Required fields are marked *