മലയാളത്തിൽ വൻവിജയം നേടിയ സിനിമയാണ് കല്യാണി പ്രിയദർശൻ പ്രധാന കഥാപാത്രമായി എത്തിയ ലോക ചാപ്റ്റർ വൺ. ലോകയുടെ വൻ വിജയത്തിന് പിന്നാലെ ഡബ്ല്യൂസിസി (WCC)നടത്തിയ പ്രതികരണം വിവാദമായിരുന്നു. സിനിമാ മേഖലയിൽ വനിതകൾക്കായി നടത്തിയ ഇടപെടലുകൾ ലോകയുടെ വിജയത്തിന് കാരണമായി എന്നായിരുന്നു അവകാശവാദം. സ്ത്രീ കേന്ദ്രീകൃത കാഴ്ചപ്പാട് സൃഷ്ടിക്കാൻ ഡബ്ല്യുസിസിയുടെ ഇടപെടൽ കൊണ്ട് കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് നായികാ കേന്ദ്രീകൃതമായ സിനിമ മേഖലയിൽ ഒരു വനിത മുഖ്യ കഥാപാത്രം ആയി ഇറങ്ങിയ സിനിമ 300 കോടി നേടിയത് എന്നായിരുന്നു അവകാശവാദം. ഇതിനെ തള്ളിക്കൊണ്ട് അന്നുതന്നെ നിർമാതാവ് വിജയ് ബാബു രംഗത്ത് വന്നിരുന്നു. ലോകയുടെ വിജയം പൂർണമായും അതിന്റെ ടീമിന് അവകാശപ്പെട്ടതാണ് എന്നായിരുന്നു വിജയ് ബാബു ഫേസ്ബുക്കിൽ കുറിച്ചത്. ഇക്കാര്യത്തിലാണ് കൂടുതൽ വിശദീകരണവുമായി വിജയ് ബാബു പ്രതികരിച്ചത്.
ലോകയുടെ വിജയം ഏത് തരത്തിൽ ആണെങ്കിലും അതിന്റെ ടീമിന് അവകാശപ്പെട്ടത് തന്നെയാണെന്ന് വിജയ് ബാബു ആവർത്തിച്ചു. മറ്റൊരു തരത്തിലുള്ള വ്യാഖ്യാനവും അതിന് നൽകുന്നത് ശരിയല്ല. മലയാള സിനിമയിൽ ആദ്യം അല്ല സ്ത്രീ കേന്ദ്രീകൃത കഥാപാത്രങ്ങൾ ഉള്ള സിനിമകൾ വലിയ വിജയം നേടുന്നത്. താൻ തന്നെ വനിതയെ കേന്ദ്ര കഥാപാത്രമാക്കി ജൂൺ എന്ന സിനിമ നിർമ്മിച്ചു. അതാത് കാലത്തെ ബജറ്റിന് അനുസരിച്ച് വനിതകളെ കേന്ദ്ര കഥാപാത്രമാക്കി സിനിമകൾ ഇറങ്ങാറുണ്ട്. അക്കാലത്തെ ബിഗ് ബജറ്റ് സിനിമകളായി ഇത് മാറാറുണ്ട്. ‘ഹൗ ഓൾഡ് ആർ യു’ ചൂണ്ടിക്കാട്ടി കൊണ്ടായിരുന്നു വിജയ് ബാബുവിന്റെ പരാമർശം.
ലോകയെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങളും വിജയ് ബാബു പുറത്തുവിട്ടു. താൻ നിർമ്മിക്കാനിരുന്ന സിനിമയാണ് ലോക എന്ന് വിജയ് ബാബു പറഞ്ഞു. ആദ്യഘട്ടത്തിൽ ചർച്ചകളിൽ പങ്കെടുത്തിരുന്നതാണ്. എന്നാൽ ദുൽഖർ സൽമാൻ സിനിമയുടെ നിർമ്മാണം ഏറ്റെടുത്തതോടെ തന്നെ സിനിമ വിജയിച്ചു. ദുൽഖറിനെ പോലെ അംഗീകാരമുള്ള ഒരു നായകൻ ഒരു സിനിമ ഏറ്റെടുക്കണമെങ്കിൽ അതിനോടുള്ള വിശ്വാസം കൂടും. ഇത് ലോകയ്ക്ക് സംഭവിച്ചു. പിന്നീട് ടോവിനോ തോമസ് ഉൾപ്പെടെയുള്ള താരങ്ങൾ കൂടി സിനിമയിലേക്ക് വന്നതോടെ അതൊരു വലിയ സിനിമയായി മാറി. താനായിരുന്നു നിർമ്മാതാവ് എങ്കിൽ ഇങ്ങനെയൊരു സിനിമ ആയിരിക്കില്ല ഉണ്ടാകുക. ദുൽഖർ സൽമാൻ ഏറ്റെടുത്തതാണ് സിനിമയുടെ വലിയ വിജയത്തിന് കാരണമെന്നും വിജയ് ബാബു വ്യക്തമാക്കി.
ഡബ്ല്യുസിസിയുടെ പേരെടുത്ത് പറയാതെയാണ് വിജയ് ബാബു മറുപടിയുമായി രംഗത്ത് വന്നത്. ഒരു ടീം ഒരു സിനിമ വിജയിപ്പിക്കുമ്പോൾ ഒരു ഗ്രൂപ്പ് വന്ന് ഞങ്ങളാണ് വിജയിപ്പിച്ചത് എന്ന് പറയുന്നത് ശരിയല്ല. ഏത് അർത്ഥത്തിൽ ആണെങ്കിലും ആ സിനിമയുടെ വിജയം ടീമിന് അവകാശപ്പെട്ടതാണ്. ഫ്രാഞ്ചൈസി മോഡലിലേക്ക് ലോക മാറ്റിയതാണ് വിജയത്തിന് ഒരു കാരണം. ഒരു യൂണിവേഴ്സ് ആയി ക്രിയേറ്റ് ചെയ്തതും അതിൽ പ്രധാനപ്പെട്ടതാണ്. അത് ആ നിലയിൽ മാർക്കറ്റ് ചെയ്തതും പ്രധാനപ്പെട്ടതാണ്. താൻ നിർമ്മിച്ചിരുന്നു എങ്കിൽ ഈ താരങ്ങളെയെല്ലാം ആദ്യം ബോധ്യപ്പെടുത്തേണ്ടി വരുമായിരുന്നു. ദുൽഖർ ഏറ്റെടുത്തതോടെ ഇക്കാര്യങ്ങൾ എല്ലാം എളുപ്പമായി എന്നും വിജയ് ബാബു ചൂണ്ടിക്കാട്ടി.


