മലയാളത്തിലെ ഹിറ്റ് സസ്പെൻസ് ത്രില്ലർ ആയ ദൃശ്യം മൂന്നിന്റെ റിലീസ് അടുത്തിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് തുടർച്ചയായി വിവിധ തരത്തിലുള്ള പോസ്റ്ററുകൾ പുറത്തിറക്കിക്കൊണ്ട് അണിയറ പ്രവർത്തകർ പ്രമോഷൻ പ്രവർത്തനം ശക്തമാക്കിയത്. ഏറ്റവും ഒടുവിൽ പുറത്തുവിട്ട പ്രമോഷൻ പോസ്റ്റർ മോഹൻലാൽ തന്നെ തന്റെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. തടാകത്തിന് സമീപം നിൽക്കുന്ന ജോർജുകുട്ടിയുടെ ചിത്രമാണ് പുതുതായി പുറത്തുവിട്ടത്. ജോർജുകുട്ടിക്ക് പിന്നിലായി കറുത്ത കാർ പാർക്ക് ചെയ്തിരിക്കുന്നത് കാണാം. മനസ്സിൽ നിറയെ ആശങ്കകളുമായി നിൽക്കുന്ന ജോർജുകുട്ടിയെയാണ് പോസ്റ്ററിൽ കാണാൻ സാധിക്കുന്നത്. ആദ്യം പുറത്തുവിട്ട പോസ്റ്റുകളിലും സമാനമായിരുന്നു ജോർജുകുട്ടിയുടെ മുഖഭാവം.
മോഹൻലാലിന്റെ ദൃശ്യം സിനിമയിലെ പ്രധാന ലൊക്കേഷനാണ് തൊടുപുഴ. ഇതിന് സമീപമുള്ള മലങ്കര ഡാം പ്രദേശമാണ് പ്രധാനപ്പെട്ട സീനുകളിൽ കാണുന്നത്. സിദ്ധിക്കും ആശാ ശരത്തും ചേർന്ന് മോഹൻലാലിനെ കാണാൻ എത്തുന്ന ക്ലൈമാക്സ് രംഗങ്ങൾ അടക്കം ചിത്രീകരിച്ചത് ഇവിടെയായിരുന്നു. ദൃശ്യം പ്രേക്ഷകരെ സംബന്ധിച്ച് സുപരിചിതമായ ഇടം. ഏതായാലും മൂന്നാം ഭാഗം തിയേറ്ററുകളിൽ നിറയുമ്പോഴും ഈ ലൊക്കേഷൻ സംവിധായകൻ ജിത്തു ജോസഫ് കൈവിട്ടിട്ടില്ല. പുതിയ പോസ്റ്ററിൽ നിന്ന് വ്യക്തമാകുന്നത് ഇതാണ്.
ഏപ്രിൽ രണ്ടിനാണ് ദൃശ്യം മൂന്ന് തിയേറ്ററുകളിൽ എത്തുന്നത്. ഇതിനായി വലിയ പ്രചാരണ പരിപാടികൾ ആണ് അണിയറ പ്രവർത്തകർ തയ്യാറാക്കി വരുന്നത്. ദൃശ്യം മൂന്നിന് വലിയ പ്രതീക്ഷകൾ വേണ്ട എന്നാണ് സംവിധായകൻ ജിത്തു ജോസഫ് ഇതുവരെ വ്യക്തമാക്കിയത്. വൈകാരികതയ്ക്ക് പ്രാധാന്യം നൽകുന്നതാണ് ദൃശ്യം 3 എന്നാണ് സംവിധായകൻ ചൂണ്ടിക്കാട്ടുന്നത്. നേരത്തെ വരുൺ പ്രഭാകരനെ കുഴിച്ചുമൂടിയ വാഴത്തോട്ടത്തിന്റെ പശ്ചാത്തലത്തിൽ മോഹൻലാലിന്റെ പോസ്റ്റർ പുറത്തുവിട്ടിരുന്നു. കുടുംബത്തിന്റെ ഉള്ളിൽ നടക്കുന്ന സങ്കീർണതകളാണ് ദൃശ്യം മൂന്നിന്റെ പ്രധാന കഥാ തന്തു എന്നാണ് സംവിധായകൻ പറയുന്നത്. സസ്പെൻസ് ത്രില്ലർ എന്നതാണ് ദൃശ്യം സീരീസ് സിനിമകളുടെ കാതൽ. സസ്പെൻസ് കൊണ്ട് പ്രേക്ഷകരെ ഞെട്ടിച്ച ഒന്നും രണ്ടും ഭാഗങ്ങൾക്ക് പിന്നാലെ മൂന്നാം ഭാഗവും എത്തുമ്പോൾ പ്രേക്ഷകർ വലിയ പ്രതീക്ഷയിലാണ്


