ഭക്ഷണം പാഴ്സൽ ചെയ്തു വാങ്ങാറുള്ളവരാണോ നിങ്ങൾ? അങ്ങനെ പാഴ്സൽ ചെയ്യുമ്പോൾ അടുത്തകാലത്തായി കിട്ടുന്നത് ഒരു കറുത്ത പാത്രത്തിലാണ് എന്ന് ശ്രദ്ധിച്ചിട്ടുണ്ടോ? പ്ലാസ്റ്റിക് ബോക്സുകൾ ആണ് ഇത്. ഇവയിൽ പലതും പിന്നീട് ഉപയോഗിക്കാൻ തോന്നാം.യഥാർത്ഥത്തിൽ സൗകര്യപ്രദം എന്ന് തോന്നുന്നതും കഴുകി ഉപയോഗിക്കാൻ കഴിയുന്നവയാണ് എന്നും നിങ്ങൾക്ക് തോന്നാൻ സാധ്യതയുണ്ട്. എങ്കിൽ ജാഗ്രത! പുനരുപയോഗത്തിന് പറ്റിയതല്ല ഈ പ്ലാസ്റ്റിക് പാത്രം എന്നാണ് ന്യൂട്രീഷ്യനിസ്റ്റ് ഡോക്ടർ നന്ദിത അയ്യർ പറയുന്നത്. അതിനുള്ള കാരണം നന്ദിത പോസ്റ്റിൽ വ്യക്തമാക്കുന്നുണ്ട്.
പഴയതരം ടെലിവിഷൻ റിമോട്ടുകൾ, ഇലക്ട്രോണിക് അവശിഷ്ടങ്ങൾ, പിവിസി പ്ലാസ്റ്റിക്കുകൾ എന്നിവ പുനരുപയോഗം ചെയ്താണ് ചിലരെങ്കിലും ഇത്തരം കറുത്ത പ്ലാസ്റ്റിക് പാത്രങ്ങൾ നിർമ്മിക്കുന്നത് എന്നാണ് നന്ദിത പറയുന്നത്. വിവിധതരത്തിലുള്ള പ്ലാസ്റ്റിക്കുകൾ ചേർത്ത് ഇത്തരം പാത്രങ്ങൾ ഉണ്ടാകുമ്പോൾ തന്നെ നിറവ്യത്യാസം ഉണ്ടാകാൻ സാധ്യതയുണ്ട്. ഇതു മാറ്റാനായി ഇവയ്ക്ക് കറുത്ത ഡൈ ആണ് നൽകുന്നത് എന്ന് നന്ദിത ചൂണ്ടിക്കാട്ടുന്നു. സാധാരണഗതിയിൽ ഇലക്ട്രോണിക് ഉപകരണങ്ങളിൽ തീപിടുത്തം തടയാനുള്ള രാസവസ്തുക്കൾ ചേർക്കാറുണ്ട്. അതുകൊണ്ടുതന്നെ ഇവ വീണ്ടും പുതിയ രൂപത്തിൽ പാത്രങ്ങളായി മാറുമ്പോഴും രാസവസ്തുക്കൾ അതിൽനിന്നും മാറാൻ സാധ്യതയില്ല. തുടർച്ചയായ ഉപയോഗത്തിലൂടെ ഇവ ഭക്ഷണത്തിൽ കലർന്നേക്കാം എന്നാണ് നന്ദിത ചൂണ്ടി കാണിക്കുന്നത്.
മൈക്രോവേവ് ഓവൻ പോലെയുള്ളവയിൽ വെച്ച് ഭക്ഷണം ചൂടാക്കാനും ഇത് ഉപയോഗിക്കരുത് എന്നാണ് അവർ വ്യക്തമാക്കുന്നത്. ഇത്തരം രാസവസ്തുക്കൾ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം എന്നാണ് മുന്നറിയിപ്പ്. ഓൺലൈൻ ഭക്ഷണം എത്തിയാൽ ഉടൻതന്നെ അത് മറ്റു പാത്രങ്ങളിലേക്ക് മാറ്റുന്നതാണ് ഉചിതം. വീണ്ടും കഴുകി ഉപയോഗിക്കാതിരിക്കുക. കറുത്ത പ്ലാസ്റ്റിക് പാത്രങ്ങളെ അപേക്ഷിച്ച് വെളുത്ത നിറത്തിലുള്ളത് ഭേദപ്പെട്ടതാണെന്നും നന്ദിത അയ്യർ ചൂണ്ടിക്കാട്ടുന്നു.
എന്നാൽ ഇത്തരം കറുത്ത പാത്രങ്ങൾ റീസൈക്കിൾ ചെയ്ത് വരുന്നതാണ് എന്നതിൽ വ്യക്തതയില്ല. നന്ദിതയുടെ പോസ്റ്റ് താഴെ ഇത്തരം കമന്റുകളാണ് ഉയർന്നു വന്നിട്ടുള്ളത്. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് ഇത്തരം പ്ലാസ്റ്റിക്കുകൾ ഉപയോഗിക്കുന്നത് എന്നാണ് പലരും ചൂണ്ടിക്കാട്ടുന്നുണ്ട്. ഏതായാലും നന്ദിതയുടെ പോസ്റ്റ് സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്.


