മാർച്ച് മുതൽ മെയ് വരെ;സിനിമകളുടെ റിലീസ് ഡേറ്റ് ആയി

MOVIE-RELEASE-DATE-FROM-MARCH-TO-MAY-KERALA

മലയാള സിനിമ വ്യവസായത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സമയങ്ങളിൽ ഒന്നാണ് മധ്യവേനലവധി.  അവധിക്കാലത്ത്  പ്രതീക്ഷ നൽകുന്ന ഒരുപാട് ചിത്രങ്ങളാണ് മലയാളത്തിൽ റിലീസിന് കാത്തിരിക്കുന്നത്. മലയാള സിനിമ മാത്രമല്ല അന്യഭാഷാ ചിത്രങ്ങളും മാർച്ച് പകുതി മുതൽ മെയ് അവസാനം വരെയുള്ള ദിവസങ്ങളിൽ തീയറ്ററുകളിൽ റിലീസിന് എത്തുന്നുണ്ട്. മലയാളത്തിലെ ഹിറ്റ് ചിത്രമായ ദൃശ്യത്തിന്റെ മൂന്നാം ഭാഗം തിയേറ്ററുകളിൽ എത്തുന്നു എന്നതാണ് കാണികൾക്ക് പ്രതീക്ഷ നൽകുന്ന ഒന്ന്. സിനിമ പ്രേമികളെ ഏറെ ചിരിപ്പിച്ച ആട് മൂന്നാം ഭാഗവും തിയറ്ററുകളിൽ എത്തുകയാണ്.മോഹൻലാലും, മമ്മൂട്ടിയും, ഫഹദ് ഫാസിലും, കുഞ്ചാക്കോ ബോബനും ഒരുമിച്ച് അഭിനയിക്കുന്ന പാട്രിയറ്റ് വലിയ പ്രതീക്ഷയാണ് ഉയർത്തുന്നത്.

 സിനിമകളും റിലീസ് ഡേറ്റും

ആട് 3(AADU 3)

 പ്രതീക്ഷകൾ ഒരുപാടുള്ള സിനിമകളാണ് എത്തുന്നവയിൽ പലതും. നേരത്തെ തിയേറ്ററുകളിൽ ആദ്യഭാഗങ്ങൾക്ക് വലിയ വിജയം  കണ്ട സിനിമകളുടെ തൊട്ടടുത്ത ഭാഗങ്ങളാണ് റിലീസിന് ഒരുങ്ങുന്നത്.  മലയാളി സിനിമ പ്രേക്ഷകരെ സംബന്ധിച്ച് സന്തോഷം പകരുന്ന ഒന്നാണ് ആട് സിനിമയുടെ മൂന്നാം ഭാഗത്തിന്റെ റിലീസ്. ആടിന്റെ ആദ്യഭാഗം തിയേറ്ററിൽ വലിയ ഹിറ്റായില്ല എങ്കിലും ടെലിവിഷനിലും മറ്റും സിനിമ വന്നപ്പോൾ പ്രേക്ഷകർ ഏറ്റെടുത്തു. അങ്ങനെ ഷാജി പാപ്പനും, സർബത്ത് ഷമീറും,ഡ്യൂഡും, സാത്താൻ സേവ്യറും, അറക്കൽ അബുവും, പി പി ശശിയും എല്ലാം പ്രേക്ഷകരുടെ ഇഷ്ടതാരങ്ങൾ ആയി മാറി. ആടിന്റെ മൂന്നാം ഭാഗത്തിലും ഈ വലിയ താരനിരകൾ എല്ലാം തന്നെയുണ്ട്. മാർച്ച് 19നാണ് ആട് 3 തിയേറ്ററുകളിൽ റിലീസിന് എത്തുന്നത്.

 എപ്പിക്ക് ഫാന്റസി എന്ന നിലയിലാണ് ആട് മൂന്ന് തിയേറ്ററുകളിൽ എത്തുന്നത്. മലയാളത്തിലെ നാലാമത്തെ ബിഗ് ബജറ്റ് ചിത്രമാണ് ആട് മൂന്നാം ഭാഗം. നേരത്തെ വിജയ് ബാബുവിന്റെ നേതൃത്വത്തിലുള്ള ഫ്രൈഡേ ഫിലിംസ് ആണ് ആട് നിർമ്മിച്ചിരുന്നത്. എന്നാൽ വലിയ ബജറ്റ് കാരണം ഇത്തവണ വേണു കുന്നപ്പള്ളിയുടെ നേതൃത്വത്തിലുള്ള  കാവ്യാ ഫിലിംസും ആടിന്റെ നിർമ്മാണത്തിൽ പങ്കാളികളാണ്. എട്ടുമാസം നീണ്ട ചിത്രീകരണത്തിന് ഒടുവിലാണ് ആടിന്റെ മൂന്നാം ഭാഗം  തീയറ്ററുകളിലേക്ക് എത്തുന്നത്. പരീക്ഷാക്കാലം ആണെങ്കിലും ആദ്യഘട്ടത്തിൽ തന്നെ സിനിമ വിജയം കാണുമെന്നാണ് നിർമ്മാതാക്കളുടെ പ്രതീക്ഷ. മിഥുൻ മാനുവൽ തോമസ് ആണ് ആടിന്റെ മൂന്നാം ഭാഗവും സംവിധാനം ചെയ്യുന്നത്. രണ്ട് കാലഘട്ടങ്ങളിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്. പതിനേഴാം നൂറ്റാണ്ട് ചിത്രീകരിക്കുന്നു എന്നതാണ് സിനിമയുടെ വലിയ ബജറ്റിന് ഒരു കാരണം. പാലക്കാടാണ് സിനിമയുടെ   പ്രധാന ലൊക്കേഷൻ. മഴക്കാലത്ത് സെറ്റുകൾ ഒലിച്ചുപോകുന്നത് ഉൾപ്പെടെയുള്ള പ്രതിസന്ധികൾ നേരിട്ട ശേഷമാണ് ആട് മൂന്ന് പ്രതീക്ഷയോടെ തീയേറ്ററുകളിലേക്ക് എത്തുന്നത്. ഒന്നും രണ്ടും ഭാഗങ്ങളിലെ പോലെ മൂന്നാം ഭാഗത്തിലും നർമ്മത്തിനാണ് പ്രാധാന്യമെന്ന് സിനിമ നിർമ്മാതാക്കൾ തന്നെ ഇതിനകം വ്യക്തമാക്കിയിരുന്നു. സിനിമയുടെ നിർമ്മാതാക്കളായ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവർ പ്രമോഷന്റെ ഭാഗമായുള്ള അഭിമുഖങ്ങൾ ഇതിനകം നൽകി കഴിഞ്ഞു. വമ്പൻ പ്രമോഷൻ പരിപാടികൾ അണിനിറയിൽ ഒരുങ്ങുന്നുണ്ട് എന്നാണ് സൂചന.

 പ്രതിച്ഛായ

 നിവിൻ പോളി നായകനായി എത്തുന്ന സിനിമയാണ് പ്രതിച്ഛായ. സംവിധായകൻ ബി ഉണ്ണികൃഷ്ണന്റെ പതിനഞ്ചാമത് സിനിമ കൂടിയായ പ്രതിച്ഛായ മാർച്ച് 19ന് തന്നെയാണ് തിയേറ്ററുകളിൽ റിലീസിന് എത്തുന്നത്. വമ്പൻ ബജറ്റിൽ ഗോകുലം ഗോപാലനാണ് സിനിമയുടെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത്. ഏറെക്കാലത്തിനുശേഷം രാഷ്ട്രീയ പശ്ചാത്തലം ഉള്ള ഒരു സിനിമ കൂടി തീയറ്ററുകളിൽ എത്തുന്നു എന്നതാണ് സിനിമ പ്രേക്ഷകരെ സംബന്ധിച്ച് ആഹ്ലാദം നൽകുന്ന ഒന്ന്. പുതിയകാലത്ത് വലിയ ചർച്ചയായി മാറിയ സൈബർ രാഷ്ട്രീയത്തെക്കുറിച്ചാണ് സിനിമ പറയുന്നതെന്ന് സംവിധായകൻ ബി ഉണ്ണികൃഷ്ണൻ വ്യക്തമാക്കിയിരുന്നു. സൈബർ രാഷ്ട്രീയത്തിന് പിന്നാലെ അച്ഛനും മകനും തമ്മിലുള്ള ബന്ധത്തിന്റെ നാടകീയതയും സിനിമയിൽ ഉണ്ടാകും. 2019 ൽ എഴുതിയ സ്ക്രിപ്റ്റ് പിന്നീട് മാറ്റി മറിച്ചാണ് പുതിയ സിനിമയായി രംഗത്ത് വരുന്നത്.

 താൻ ഇവിടെ വേണോ വേണ്ടയോ എന്നുള്ളത് നിശ്ചയിക്കുന്ന സിനിമയാണ് പ്രതിച്ഛായ എന്ന് സംവിധായകൻ ബി ഉണ്ണികൃഷ്ണൻ ട്രെയിലർ ലോഞ്ച് പരിപാടിയിൽ വ്യക്തമാക്കിയിരുന്നു. അത്രയധികം പ്രതിസന്ധികളിലൂടെയാണ് സിനിമ മുന്നോട്ട് പോയത്. ഒരു ഘട്ടത്തിൽ ഈ സിനിമ മാറ്റിവെച്ചു മറ്റ് സിനിമകളിലേക്ക് പോയി. ഏറ്റവും ഒടുവിൽ നിവിൻ പോളിയാണ് ഈ സിനിമ ഉടൻ ചെയ്യാമെന്ന് പറഞ്ഞ് സമീപിച്ചത്. ഇതോടെയാണ് സ്ക്രിപ്റ്റിൽ വേണ്ട മാറ്റം വരുത്തി സിനിമ പുറത്തിറക്കുന്നത് എന്ന് അദ്ദേഹം വ്യക്തമാക്കി. തന്റെ വ്യക്തിത്വത്തെ പോലും മാറ്റിമറിച്ച സിനിമയാണ് പ്രതിച്ഛായ എന്നും അദ്ദേഹം പറഞ്ഞിരുന്നു. സർവ്വം മായയിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി വീണ്ടും ഉയർന്നുവന്ന നിവിൻ പോളിയെ കാണാൻ വീണ്ടും ആരാധകർ തിയേറ്ററുകളിലേക്ക് എത്തുമെന്ന് ഉറപ്പ്.

 ദുരന്ധർ രണ്ടാം ഭാഗം 

 ഇന്ത്യൻ ബോക്സ് ഓഫീസിൽ തന്നെ വമ്പൻ ഹിറ്റായി മാറിയ സിനിമയാണ് ദുരന്ധർ. ഇന്ത്യൻ സിനിമകളിൽ തന്നെ ഏറ്റവും വലിയ ചരിത്രമായി മാറിയ സിനിമ. ഈ ബ്രഹ്മാണ്ഡ സിനിമയ്ക്കാണ് രണ്ടാം ഭാഗം ഒരുങ്ങിയത്. മാർച്ച് 19നാണ് ദുരന്ധർ രണ്ടാം ഭാഗം(DURANDHAR 2) തിയേറ്ററുകളിൽ എത്തുന്നത്. ആയിരം കോടി ക്ലബ്ബിലെത്തിയ ദുരന്ധർ ഒന്നാം ഭാഗം വൻവിജയമായതിന് തൊട്ടു പിന്നാലെയാണ് രണ്ടാം ഭാഗവുമായി സംവിധായകൻ ആദിത്യ ധർ എത്തുന്നത്. രൺവീർ സിംഗിനെ നായകനാക്കിയാണ് സിനിമ വീണ്ടും എത്തുന്നത്. ‘ദുരന്ധർ ദി റിവഞ്ച്’ എന്ന പേരിലാണ് സിനിമയുടെ രണ്ടാം ഭാഗം റിലീസിന് ഒരുങ്ങിയത്. സിനിമയുടെ ടീസർ ഇതിനകം സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്. ‘സ്‌പൈ ത്രില്ലർ’ വിഭാഗത്തിലാണ്  സിനിമയുടെ ആദ്യഭാഗം പ്രേക്ഷക മനസ്സ് കീഴടക്കിയത്. ഇന്ത്യയിൽ നിന്ന് മാത്രം ആയിരം കോടി രൂപ ഗ്രോസ് കളക്ഷൻ നേടുന്ന ആദ്യ ബോളിവുഡ് സിനിമയായിരുന്നു ഇത്. 2025 ജനുവരി 26ന് തിയേറ്ററുകളിൽ എത്തിയ സിനിമ 53 ദിവസം കൊണ്ടാണ് ഈ ചരിത്ര നേട്ടം കൈവരിച്ചത്. ഷാറൂഖാന്റെ ‘ജവാൻ’ ആയിരുന്നു ഇതിനു മുൻപ് വലിയ കളക്ഷൻ നേടിയ ചിത്രം. 760 കോടി രൂപയായിരുന്നു ജവാൻ നേടിയത് 

 ഗീതു മോഹൻദാസിന്റെ ‘ടോക്സിക്’

 മലയാളി സംവിധായക ഗീതു മോഹൻദാസ് ഒരുക്കിയ പാൻ ഇന്ത്യൻ സിനിമയാണ് ‘ടോക്സിക്'(TOXIC). റോക്കിങ് സ്റ്റാർ യഷ് നായകൻ ആകുന്ന ചിത്രം ഇതിനകം വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. മലയാളി താരം സുദേവ് നായർ സിനിമയിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. 1940 മുതൽ 70 കൾ വരെയുള്ള പോസ്റ്റ് -കൊളോണിയൽ ഗോവയാണ് ടോക്സിക്കിന്റെ കഥാപാശ്ചാത്തലം. മയക്കുമരുന്ന് മാഫിയയുടെയും അധോലോക സംഘങ്ങളുടെയും വളർച്ചയും തളർച്ചയും സിനിമയിൽ എടുത്തു കാണിക്കുന്നു.

 കെജിഎഫ് നേടിയ വലിയ വിജയത്തിന് ശേഷം യഷ് എത്തുന്ന പ്രധാനപ്പെട്ട സിനിമയാണ് ടോക്സിക്. ‘റായ’, ‘ടിക്കറ്റ്’ എന്നീ രണ്ട് വ്യത്യസ്ത ഭാവങ്ങളിലുള്ള ഡബിൾ റോളുമായാണ് യാഷ് തീയേറ്ററുകളിൽ എത്തുന്നത്. നയൻതാര, കിയാര അദ്വാനി ഉൾപ്പെടെ വലിയ താരനിര തന്നെ സിനിമയ്ക്ക് പിന്നിലുണ്ട്. രാജീവ് രവിയാണ് ചിത്രത്തിന്റെ ക്യാമറ ചലിപ്പിച്ചത്.

 ദൃശ്യം മൂന്ന്

 മലയാളത്തിലെ പ്രിയതാരം മോഹൻലാൽ നിറഞ്ഞഭിനയിച്ച ദൃശ്യം ഒന്നും രണ്ടു ഭാഗങ്ങൾ വലിയ വിജയമായിരുന്നു. ഇതിന് പിന്നാലെയാണ് മൂന്നാം ഭാഗം റിലീസിന് ഒരുങ്ങുന്നത്. ഏപ്രിൽ രണ്ടിനാണ് ദൃശ്യം മൂന്ന്(DRISHYAM3) തിയേറ്ററുകളിൽ എത്തുന്നത്. ജിത്തു ജോസഫ് സംവിധാനം നിർവഹിച്ച സിനിമയുടെ നിർമ്മാണം ആന്റണി പെരുമ്പാവൂർ ആണ്. കേവലം സസ്പെൻസ് ത്രില്ലർ എന്നതിനപ്പുറം കുടുംബത്തിന്റെ ഉള്ളിലെ വൈകാരികതകളാണ് സിനിമ കാണിക്കുന്നതെന്ന് സംവിധായകൻ ജീത്തു ജോസഫ് വ്യക്തമാക്കിയിരുന്നു. ആശങ്കയോടെ മോഹൻലാൽ വാഴത്തോട്ടത്തിലും തടാക കരയിലും നിൽക്കുന്ന പോസ്റ്ററുകൾ ഇതിനകം നിരവധി ചർച്ചകൾക്ക് കാരണം ആയി മാറിയിരുന്നു. ജോർജുകുട്ടി അനുഭവിക്കുന്ന മാനസിക സംഘർഷം വ്യക്തമാക്കുന്നതാണ് സിനിമയുടെ പോസ്റ്റുകൾ. കുടുംബത്തിനുള്ളിൽ നടക്കുന്ന വിവാഹ ചടങ്ങുകൾ ഉൾപ്പെടെ ദൃശ്യം മൂന്നിൽ ഉണ്ട് എന്നാണ് പുറത്തുവരുന്ന സൂചനകൾ. ഏതായാലും മലയാളി സിനിമ പ്രേക്ഷകരെ സംബന്ധിച്ച് വലിയ ആകാംക്ഷ നിറയ്ക്കുന്ന സിനിമ തന്നെയാണ് ദൃശ്യം. ഒന്നും രണ്ടും ഭാഗങ്ങളിൽ സസ്പെൻസ് കൊണ്ട് ഞെട്ടിച്ച ജീത്തു ജോസഫ് മൂന്നാം ഭാഗത്ത് എന്താണ് ഒരുക്കി വെച്ചിരിക്കുന്നത് എന്നത് കാത്തിരുന്നു തന്നെ കാണണം.

വാഴ 2

 ദൃശ്യം മൂന്നിനോട് മത്സരിക്കാൻ എത്തുന്നത് യുവതാരനിര അണിഞ്ഞൊരുങ്ങുന്ന ‘വാഴ 2′(VAZHA 2) ആണ്. ഏപ്രിൽ രണ്ടിന് തന്നെയാണ് സിനിമ തിയേറ്ററുകളിൽ റിലീസിന് എത്തുന്നത്. പ്രേക്ഷകരെ ചിരിപ്പിച്ച വാഴയുടെ രണ്ടാം ഭാഗം തിയേറ്ററുകളിൽ എത്തുമ്പോൾ വലിയ പ്രതീക്ഷയാണ് ഉള്ളത്. ‘ഒരു ബില്യൺ ബ്രോസിന്റെ ജീവചരിത്രം’ എന്ന പേരിലാണ് വാഴയുടെ രണ്ടാം ഭാഗം തിയേറ്ററുകളിൽ എത്തുന്നത്. നവാഗതനായ സവിൻ സാ ആണ് സിനിമ ഒരുക്കിയിരിക്കുന്നത്. 9 സംഗീതസംവിധായകരും പത്തുപാട്ടുകളും ആണ് ചിത്രത്തിലുള്ളത്. വിപിൻദാസ് ആണ് സിനിമയുടെ തിരക്കഥയും സംഭാഷണവും. സോഷ്യൽ മീഡിയയിലെ ഹിറ്റ് താരങ്ങളായ ഹാഷിറും സംഘവും ആണ് വാഴ രണ്ടാം ഭാഗത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ. സുധീഷ്, വിജയ് ബാബു,അജു വർഗീസ്, അരുൺ, അൽഫോൻസ് പുത്രൻ, വിനോദ് കെടാമംഗലം തുടങ്ങിയവരും യുവ നിരയ്ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്.

 പള്ളി ചട്ടമ്പി

 ടോവിനോ തോമസ് നായകനായി ഡിനോ ജോസ് ആന്റണി സംവിധാനം ചെയ്ത ചിത്രമാണ് ‘പള്ളി ചട്ടമ്പി'(paLLI CHATTAMBI). 1957-58 കാലഘട്ടങ്ങളിൽ നടന്ന കഥയാണ് സിനിമയുടെ ഇതിവൃത്തം. കേരളത്തിന്റെ  മലയോര ഗ്രാമത്തിൽ നടന്ന കഥയാണ് സിനിമയിൽ പറയുന്നത്. തൊടുപുഴ,മൂലമറ്റം,പൈനാവ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിലാണ് സിനിമ ചിത്രീകരിച്ചത്. ഇതുകൂടാതെ മൈസൂരും ചാലക്കുടിയും കുട്ടിക്കാനവും സിനിമയുടെ ലൊക്കേഷനായി. സമീപകാല മലയാള സിനിമയിലെ വലിയ ബജറ്റിൽ ഒരുങ്ങുന്ന ചിത്രം കൂടിയാണ് പള്ളി ചട്ടമ്പി.ടോവിനോ തോമസിന്റെ  ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രം കൂടി ആണ് പള്ളി ചട്ടമ്പി.

 ഭരതനാട്യം 2 മോഹനിയാട്ടം 

പ്രേക്ഷകശ്രദ്ധ ഏറ്റുവാങ്ങിയ ചിത്രമാണ് സൈജു കുറിപ്പ് നായകനായ ഭരതനാട്യം. കൃഷ്ണദാസ് മുരളി തിരക്കഥ എഴുതി സംവിധാനം ചെയ്ത ഭരതനാട്യത്തിന് രണ്ടാം ഭാഗമായാണ് മോഹിനിയാട്ടം എത്തുന്നത്. ഡാർക്ക് ഹ്യൂമർ വിഭാഗത്തിലാണ് ചിത്രം ഉൾപ്പെടുന്നത്. കുടുംബബന്ധങ്ങൾക്കിടയിലെ സങ്കീർണമായ നിമിഷങ്ങൾ നർമ്മത്തിൽ ചാലിച്ചാണ് ഭരതനാട്യം തിയേറ്ററുകളിൽ എത്തിയത്. തിയേറ്ററുകളിൽ ശരാശരി പ്രകടനമായിരുന്നു എങ്കിലും ഒടിടി(ott) യിൽ വൻവിജയം നേടിയതോടെയാണ് രണ്ടാം ഭാഗം എത്തുന്നത്. ആദ്യ ചിത്രത്തിലെ കഥാപാത്രങ്ങളെ നിലനിർത്തിയതിന് പിന്നാലെ രണ്ടാം സിനിമയിൽ പുതിയ താരങ്ങളും എത്തുന്നുണ്ട് എന്നാണ് സൂചന. ഏപ്രിൽ 10ന് സിനിമാ തിയേറ്റർ എത്തും.

ഭൂത് ഭഗ്ലാ (Bhooth Bangla)

 പ്രിയദർശൻ-അക്ഷയ് കുമാർ റീയൂണിയൻ സംഭവിക്കുന്ന സിനിമയാണ് ‘ഭൂത് ഭഗ്ലാ’. 14 വർഷത്തിനു ശേഷമാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്റർ അക്ഷയ് കുമാർ റിലീസ് ചെയ്തിരുന്നു. ഹൊറർ കൂടി പശ്ചാത്തലം സിനിമയ്ക്കുള്ളതായി പോസ്റ്ററിൽ നിന്ന് സൂചനയുണ്ട്. എന്നാൽ കോമഡി തന്നെയാണ് സിനിമയിൽ നിറഞ്ഞു നിൽക്കുന്നത്. ഏപ്രിൽ 10നാണ് സിനിമയുടെ റിലീസ്.

വരവ് 

 ജോജു ജോർജിനെ നായകനാക്കി ഷാജി കൈലാസ് ഒരുക്കുന്ന ചിത്രമാണ് ‘വരവ്’. ജോജുവിന്റെ പിറന്നാൾ ദിനത്തിലാണ് വരവ് റിലീസ് ചെയ്യുന്നത്. സുരേഷ് ഗോപി അടക്കമുള്ള നിരവധി താരങ്ങൾ തങ്ങളുടെ സോഷ്യൽ മീഡിയയിൽ പോസ്റ്ററുകൾ പങ്കുവെച്ചിരുന്നു. ‘ഗെയിം ഓഫ് സർവൈവൽ’ എന്ന ടാഗ് ലൈനോടുകൂടിയാണ് പോസ്റ്റർ പുറത്തുവന്നത്. മലയാളത്തിൽ മാസ്സ് ഹിറ്റ് സമ്മാനിച്ചിട്ടുള്ള ഷാജി കൈലാസ് ജോജുവിന്റെ അഭിനയമികവ് പരമാവധി ഉപയോഗിച്ചിട്ടുള്ള സിനിമയാണ് ‘വരവ്’. മികവുറ്റ ആക്ഷൻ രംഗങ്ങൾക്കായി മലയാളി പ്രേക്ഷകർ കാത്തിരിക്കുകയാണ്. ഏപ്രിൽ 16നാണ് സിനിമാ റിലീസ് ചെയ്യുന്നത്.

 പാട്രിയറ്റ് 

 മലയാള സിനിമ ഈ വർഷം ഏറ്റവും കൂടുതൽ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് പാട്രിയറ്റ് മോഹൻലാലും മമ്മൂട്ടിയും ഒരുമിച്ച് എത്തുന്നു എന്നതാണ് സിനിമയുടെ പ്രധാന സവിശേഷത. ഇവരോടൊപ്പം ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനും  ഒന്നിച്ച് സിനിമയിൽ എത്തുന്നു. ഇത്രയും വലിയൊരു സ്റ്റാർ കാസ്റ്റിൽ സിനിമയെത്തുന്നു എന്നുള്ളതാണ് ആരാധകരുടെ പ്രതീക്ഷ കൂട്ടുന്നത്.സിനിമ എത്തുന്നതോടെ തിയേറ്ററുകൾ ഉത്സവപ്പറമ്പ് ആകും എന്ന കാര്യത്തിൽ സംശയം വേണ്ട. മോഹൻലാൽ മമ്മൂട്ടി ഫാൻസുകൾ തിയേറ്ററുകളിലേക്ക് ഇരച്ചെത്തും എന്ന് ഇതിനകം ഉറപ്പായി കഴിഞ്ഞു. ഹിറ്റ് സിനിമകൾ മാത്രം പുറത്തിറക്കിയ മഹേഷ് നാരായണൻ ആണ് സിനിമയുടെ സംവിധായകൻ. ഇതാണ് പ്രതീക്ഷ കൂട്ടുന്നത്. ഏപ്രിൽ 23നാണ് സിനിമ തിയേറ്ററുകളിൽ എത്തുന്നത്.

 മധുവിധു

 ഷറഫുദ്ദീൻ നായകനായി എത്തുന്ന സിനിമയാണ് മധുവിധു. കോമഡിക്ക് പ്രാധാന്യമുള്ള കുടുംബചിത്രമായി ആണ് മധുവിധു എത്തുന്നത്. കല്യാണി പണിക്കർ ആണ് നായികയുടെ വേഷത്തിൽ എത്തുന്നത്. വിഷ്ണു അരവിന്ദ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ്  ഇത്. മെയ് ഒന്നിന് തിയേറ്ററുകളിൽ മധുവിധു എത്തും 

അതിരടി 

 മലയാള സിനിമ ഈ വർഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ‘അതിരടി’. ബേസിൽ  ജോസഫ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ബേസിൽ ജോസഫും ഡോക്ടർ അനന്തു എ..സും ചേർന്നാണ് സിനിമയുടെ നിർമ്മാണം. ബേസിൽ ജോസഫ്, ടോവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. മിന്നൽ മുരളിയുടെ തിരക്കഥാകൃത്തുക്കളിൽ ഒരാളായ അരുൺ അനിരുദ്ധന്റെ  സംവിധായകനായുള്ള അരങ്ങേറ്റം കൂടിയാണ് സിനിമ. വിനീത് ശ്രീനിവാസൻ സിനിമയിൽ വില്ലനായി എത്തുന്നു എന്നാണ് സൂചന. മെയ് 14നാണ് സിനിമാ റിലീസിന് എത്തുന്നത്.

മോളിവുഡ് ടൈംസ് 

 അതിരടിയോട് നേരിട്ട് ഏറ്റുമുട്ടാൻ എത്തുന്ന സിനിമയാണ് മോളിവുഡ് ടൈംസ്. പ്രിയ താരം നസ്ലിൻ നായകനായി എത്തുന്നു എന്നതാണ് സിനിമയുടെ പ്രതീക്ഷ കൂട്ടുന്നത്. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻ ആണ് സിനിമ നിർമ്മിക്കുന്നത്. പ്രേമലൂ കൂട്ടുകെട്ടിലെ താരം സംഗീത് പ്രതാപ് നെസ്ലിനൊപ്പം സിനിമയിൽ എത്തുന്നു. അഭിനവ് സുന്ദർ നായക് ആണ് സംവിധാനം.

 കാട്ടാളൻ

ആന്റണി വർഗീസ് പെപ്പെ,ദുഷാര വിജയൻ, സുനിൽ, കബീർ സിംഗ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങൾ ആക്കി പോൾ ജോർജ് സംവിധാനം ചെയ്യുന്ന സിനിമയാണ് കാട്ടാളൻ. 140 ദിവസത്തെ ചിത്രീകരണത്തിന് ഒടുവിലാണ് സിനിമ പാക്കപ്പ് ചെയ്തത്. ശരീഫ് മുഹമ്മദാണ് സിനിമയുടെ നിർമ്മാതാവ്. മെയ് 14 അല്ലെങ്കിൽ 21 നോ സിനിമ തിയേറ്ററുകളിൽ എത്തും 

‘ഇറ്റ്സ്‌ എ മെഡിക്കൽ മിറാക്കിൾ’ 

 സംഗീത് പ്രതാപ്, ഷറഫുദ്ദീൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന സിനിമയാണ് ‘ഇറ്റ്സ്‌ എ മെഡിക്കൽ മിറാക്കിൾ’. നവാഗതനായ ശ്യാമിൻ ഗിരീഷ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്. മെയ് മാസം തന്നെ സിനിമ റിലീസിന് എത്തും എന്നാണ് പുറത്തുവരുന്ന വിവരം. റിലീസ് ഡേറ്റ് സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല.

ഇതുകൂടാതെ നിരവധി ബോളിവുഡ് ഹോളിവുഡ് സിനിമകളും റിലീസിന് ഒരുങ്ങിയിട്ടുണ്ട്. കെൻ കരുണാസ്‌ ആദ്യമായി സംവിധാനം ചെയ്യുന്ന യൂത്ത് മാർച്ച് 19ന് റിലീസ് ചെയ്യും. മൃണാൾ താക്കൂർ അധിവിശേഷ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഡക്കോയിറ്റ്’ ഏപ്രിൽ മൂന്നിന് തിയേറ്ററുകളിൽ എത്തും. ചൈനയുമായിട്ടുള്ള അതിർത്തിയിലെ സംഘർഷം വ്യക്തമാക്കുന്ന ‘ബാറ്റിൽ ഓഫ് ഗാൽവന്‍’ ഏപ്രിൽ 17നാണ് റിലീസ് ചെയ്യുന്നത്. മൈക്കിൾ ജാക്സൺ ബയോ പിക് സിനിമ മൈക്കിൾ ഏപ്രിൽ 24ന് എത്തും. അമേരിക്കൻ സിനിമയായ ‘മോർട്ടൽ കൊമ്പാട് 2’മെയ് എട്ടിന് എത്തും.

Share This Post

Leave a Reply

Your email address will not be published. Required fields are marked *