ആക്ഷൻ സിനിമകളിലൂടെ മലയാളത്തിലെ പ്രേക്ഷകരെ കീഴടക്കിയ നടനാണ് മോഹൻലാൽ. കേവലം ആക്ഷൻ സിനിമകൾ എന്ന് മാത്രം പറഞ്ഞാൽ അത് ആ നടനെ ചുരുക്കി കാണുന്നതുപോലെയാകും. അഭിനയത്തിലെ സൂക്ഷ്മതയാണ് മോഹൻലാൽ എന്ന അതുല്യ പ്രതിഭയെ ലോകം സ്വീകരിക്കാൻ കാരണമായത്. അങ്ങനെ മോഹൻലാൽ അഭിനയത്തികവിലൂടെ മികച്ച പ്രകടനം കാഴ്ചവച്ച സിനിമയാണ് കിരീടം. കിരീടം വീണ്ടും റിലീസിന് ഒരുങ്ങുന്ന വിവരമാണ് അധികൃതർ പുറത്തുവിട്ടത്.
36 വർഷങ്ങൾക്ക് ശേഷമാണ് കിരീടം വീണ്ടും തിയേറ്ററുകളിൽ എത്തുന്നത്.4K ദൃശ്യഭംഗിയുടെ അകമ്പടിയിലാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തുക.ഡോൾബി അറ്റ്മോസിൽ ആണ് സിനിമയുടെ ദൃശ്യ ചാരുത ഒരുക്കിയിരിക്കുന്നത്. ഏതായാലും മലയാളത്തിലെ പ്രിയപ്പെട്ട കഥാപാത്രമായ സേതുമാധവനെ കാണാൻ ആരാധകർ ഒരുങ്ങി കഴിഞ്ഞു.
സിബി മലയിൽ മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങിയക്ലാസിക് സിനിമയാണ് കിരീടം. മലയാളത്തിലെ എക്കാലത്തെയും മികച്ച തിരക്കഥാകൃത്തുകളിൽ ഒന്നായ ലോഹിതദാസ് ആണ് കിരീടത്തിന്റെ രചന. 1989ൽ പുറത്തിറങ്ങിയ സിനിമ മോഹൻലാലിന്റെ കരിയറിൽ നിർണായകമായ വഴിത്തിരിവാണ് സൃഷ്ടിച്ചിരുന്നത്. മോഹൻലാലിന്റെ പിറന്നാളിനോട് അനുബന്ധിച്ച് പുറത്തിറക്കിയ ആശംസ കാർഡിലാണ് കിരീടം വീണ്ടും തിയേറ്ററുകളിലേക്ക് എത്തുന്നതെന്ന വിവരം അണിയറ പ്രവർത്തകർ പുറത്തുവിട്ടത്.
ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷനുമായി (NFDC)നുമായി സഹകരിച്ചുകൊണ്ട് സെവൻ ആർട്സ് ഇൻ്റർനാഷണൽ ലിമിറ്റഡ് ആണ് സിനിമ വീണ്ടും തിയേറ്ററുകളിൽ എത്തിക്കുന്നത്. അടുത്തമാസം(2026 ജൂൺ ) റീ റിലീസ് ഉണ്ടാകുമെന്നാണ് അണിയറ പ്രവർത്തകർ വ്യക്തമാക്കുന്നത്.
കൃപാ ഫിലിംസിന്റെ ബാനറില്‍ എൻ.കൃഷ്ണകുമാറും (കിരീടം ഉണ്ണി) ദിനേശ് പണിക്കരും ചേര്‍ന്നാണ് കിരീടം നിർമിച്ചത്. ജോൺസൺ എന്ന സംഗീത മാന്ത്രികൻ്റെ അതുല്യ പ്രതിഭ മാറ്റുരച്ച സിനിമ കൂടിയാണ് കിരീടം. സിനിമയിലെ ഓരോ ഗാനങ്ങളും ഇന്നും മലയാളത്തിൽ ഹിറ്റാണ്.
ഒരുകാലത്ത് അഭിനയം കൊണ്ട് മലയാള സിനിമാ സ്ക്രീനിൽ നിറഞ്ഞുനിന്ന താരങ്ങളെല്ലാം വീണ്ടും ബിഗ് സ്ക്രീനിൽ എത്തുന്നു എന്നതാണ് പ്രേക്ഷകരുടെ സന്തോഷം കൂട്ടുന്നത്.സേതുമാധവനും അച്യുതൻ നായരുമായി മോഹന്‍ലാല്‍-തിലകന്‍ കൂട്ടുകെട്ട് തകർത്തഭിനയിച്ച സിനിമയാണ് കിരീടം.
പ്രിയ താരങ്ങളായ ഒടുവിൽ ഉണ്ണികൃഷ്ണൻ, മുരളി, കൊച്ചിന്‍ ഹനീഫ, തിക്കുറിശ്ശി, കവിയൂർ പൊന്നമ്മ, ഫിലോമിന, ശ്രീനാഥ്, മോഹൻരാജ് (കീരിക്കാടൻ ജോസ്), കുണ്ടറ ജോണി, കനകലത തുടങ്ങി മൺമറഞ്ഞുപോയ താരങ്ങളെ ഒന്നുകൂടി ബിഗ് സ്ക്രീനിൽ കാണാൻ സാധിക്കുന്ന അവസരം കൂടിയാണ് കിരീടത്തിന്റെ റീ റിലീസ്. ജഗതി ശ്രീകുമാർ, ജഗദീഷ്, പാർവതി, മണിയൻപിള്ള രാജു, ഉഷ, യദു കൃഷ്ണൻ, കൊല്ലം തുളസി, പൂജപ്പുര രാധാകൃഷ്ണൻ തുടങ്ങിയവരുടെ മികച്ച പ്രകടനവും സിനിമയുടെ കരുത്ത് ആണ്.
എസ് കുമാറാണ് ഛായാഗ്രാഹണം നിര്‍വഹിച്ചത്.
ഹൈസിൻ ഗ്ലോബൽ വെഞ്ചേഴ്സ് ആണ് ഇന്ത്യയിൽ ചിത്രം വിതരണത്തിന് എത്തിക്കുന്നത്. എഡിറ്റർ: എൽ. ഭൂമിനാഥൻ, ഗാനരചന: കൈതപ്രം, മേക്കപ്പ്: വേലപ്പൻ, ആർട്ട്: സി.കെ സുരേഷ്, പ്രൊഡക്ഷൻ കൺട്രോളർ: കെ.ആർ ഷൺമുഖം, കോസ്റ്റ്യൂംസ്: നാഗരാജ്, കളറിസ്റ്റ്: രംഗ, കോർഡിനേറ്റർ: വിജയലക്ഷ്മി മോഹൻദാസ്, ക്രിയേറ്റീവ് വിഷനറി ഹെഡ്: ബോണി അസനാർ, അറ്റ്മോസ് മിക്സിംഗ്: ഹരി നാരായണൻ, റീസ്റ്റോറേഷൻ: പ്രസാദ് കോർപ്പ്, 4K റീമാസ്റ്ററിങ്: ഹൈ സ്റ്റുഡിയോസ്, ട്രെയ്ലർ കട്സ്: ഡോൺ മാക്സ്, മാർക്കറ്റിങ്: ഹൈസ്സിൻ ഗ്ലോബൽ വെഞ്ചേഴ്സ്, ഡിസൈൻസ്: അർജ്ജുൻ ഹൈ സ്റ്റുഡിയോസ്, സ്റ്റിൽസ്: സുകുമാരൻ, പി.ആർ.ഓ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.



Good one