ക്ഷീര കർഷകർക്ക് കേന്ദ്രസർക്കാരിന്റെ കൈത്താങ്ങായി പുതിയ പദ്ധതി

pashu-oushadhi-project-details-malayalam

ക്ഷീരകർഷകർ പലതരത്തിലുള്ള പ്രതിസന്ധികളിൽ അനുഭവിക്കാറുണ്ട്. അതിലൊരു പ്രധാനപ്പെട്ട വിഷയമാണ് കാലിത്തീറ്റയുടെ വില വർദ്ധനവ്. അടിക്കടി ഉണ്ടാകുന്ന രോഗങ്ങളും കാലി വളർത്തൽ മേഖലയെ തളർത്താറുണ്ട്. കാലങ്ങളായി സർക്കാറുകൾക്ക് മുന്നിൽ ഇത്തരം പ്രശ്നങ്ങൾ  കർഷകർ ഉന്നയിച്ചിരുന്നതാണ്. ഒടുവിൽ കേന്ദ്രസർക്കാരിന്റെ കാത് തുറന്നു. ക്ഷീര രക്ഷകർക്ക് വൻതോതിൽ ഗുണം ലഭിക്കുന്ന ഒരു പദ്ധതിക്കാണ് കേന്ദ്രം രൂപം നൽകിയിരിക്കുന്നത്.

 ജൻ ഔഷധി മെഡിക്കൽ ഷോപ്പുകൾ സംസ്ഥാനത്താകെ കേന്ദ്രസർക്കാർ തുടങ്ങിയിരുന്നു. മരുന്നുകളുടെ ബ്രാൻഡ് ഒഴിവാക്കി ജനറിക് ആയി നൽകി എന്നുള്ളതാണ് ഇത്തരം മരുന്ന് വിതരണശാലകളുടെ പ്രത്യേകത. വൻകിട ബ്രാൻഡുകളുടെ കുത്തക ചെറിയതോതിൽ എങ്കിലും നിയന്ത്രിക്കാൻ ഈ പദ്ധതി കൊണ്ട് ആയി. സമാനമായ നിലയിലാണ് ഗുണനിലവാരം കൂടിയ ജനറിക് മരുന്നുകൾ മൃഗങ്ങൾക്കായി കേന്ദ്രസർക്കാർ എത്തിക്കുന്നത്. കുറഞ്ഞ വിലയിലാണ് ഇത്തരം മരുന്നുകൾ ലഭ്യമാക്കുന്നത് എന്നാണ് സർക്കാർ ചൂണ്ടിക്കാട്ടുന്നത്. ഇതിന് പുറമേ ഗുണമേന്മയുള്ള കാലിത്തീറ്റകളും ഇത്തരം കേന്ദ്രങ്ങൾ വഴി കേന്ദ്രസർക്കാർ ഇനി വിതരണം ചെയ്യും.

 ജൻ ഔഷധി മാതൃക

 ജനൗഷധി കേന്ദ്രം മാതൃകയിലാണ് പുതിയ ഔഷധ വില്പന ശാലകൾ തുടങ്ങുന്നത്. 134 മൃഗ ചികിത്സ മരുന്നുകളാണ് കേന്ദ്രസർക്കാരിന്റെ നേരിട്ടുള്ള കേന്ദ്രങ്ങളിലൂടെ വിതരണം ചെയ്യുക. അലോപ്പതി മരുന്നുകൾക്ക് പുറമേ നാടൻ ഔഷധങ്ങളും ഇതുവഴി വിതരണം ചെയ്യാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. മലയോര പിന്നോക്ക മേഖലകളിലാണ് ഇത്തരം കേന്ദ്രങ്ങൾ ആദ്യഘട്ടത്തിൽ ആരംഭിക്കുന്നത്. ഇവിടെയാണ് ധാരാളമായി  ക്ഷീരകർഷകർ ഉള്ളത് എന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. ഇക്കാര്യങ്ങളെക്കുറിച്ച് വിശദമായ പഠനം നടത്തിയ ശേഷം ആയിരിക്കും കേന്ദ്രങ്ങൾ എവിടെ എന്ന കാര്യത്തിൽ അന്തിമ തീരുമാനം സർക്കാർ പ്രഖ്യാപിക്കുക. 

 നിങ്ങൾക്കും കേന്ദ്രം തുടങ്ങാം

 ജൻ ഔഷധി മാതൃകയിൽ നിങ്ങൾക്കും പശു ഔഷധി കേന്ദ്രങ്ങളുടെ ഉടമകളായി മാറാം. 120 ചതുരശ്രയടി വിസ്തീർണ്ണം ഉള്ള മുറിയാണ് ഇതിനായി ആവശ്യമുള്ളത്. വാടകയ്ക്ക് എടുത്ത മുറിയിലും നിങ്ങൾക്ക് കേന്ദ്രങ്ങൾ തുടങ്ങാവുന്നതാണ്. സാധാരണ ഔഷധശാലകളിൽ ഉള്ളതുപോലെ സംസ്ഥാന ഡ്രഗ് കൺട്രോൾ അതോറിറ്റിയുടെ മരുന്നു വില്പനക്കുള്ള ലൈസൻസ് നിങ്ങൾ നേടിയിരിക്കണം. ബീ-ഫാം അല്ലെങ്കിൽ ഡീ-ഫാം യോഗ്യതയുള്ള ഫാർമസിസ്റ്റിനെ ഇത്തരം കേന്ദ്രങ്ങളിൽ നിയമിക്കണമെന്നും സർക്കാർ നിർദ്ദേശത്തിൽ പറയുന്നു. ബ്ലോക്ക് പഞ്ചായത്ത് കേന്ദ്രീകരിച്ചാണ് നിലവിൽ കേന്ദ്രങ്ങൾക്ക് അനുമതി നൽകുക. ഒരു ബ്ലോക്കിൽ ഒരു കേന്ദ്രം എന്ന നിലയിൽ ആയിരിക്കും പശു ഔഷധ കേന്ദ്രങ്ങൾ വരിക. ഇതിനായി കേന്ദ്രസർക്കാർ പുറത്തിറക്കിയ വെബ്സൈറ്റ്(https//pashuaushadhi.dahd.gov.in) വഴി നിങ്ങൾക്ക് അപേക്ഷകൾ നൽകാം.

 ലൈവ് സ്റ്റോക്ക് ആൻഡ് ഡയറി കർഷകർ, പൗൾട്രി ഫാം കർഷകർ, പന്നി കർഷകർ, ഫാർമർ പ്രൊഡ്യൂസേഴ്സ് ഓർഗനൈസേഷൻ, ക്ഷീര സംഘങ്ങൾ, മരുന്നു വില്പനക്കാർ എന്നിവർക്ക്   ഇത്തരം ഔഷധങ്ങളുടെയും കാലിത്തീറ്റയുടെയും ഉപഭോക്താക്കളാകാം എന്ന് കേന്ദ്രസർക്കാർ നിർദ്ദേശിക്കുന്നുണ്ട്. മരുന്നു വിൽപ്പനയുടെ 20 ശതമാനം ലാഭം കേന്ദ്രം നടത്തുന്നവർക്ക് ലഭിക്കും. കേന്ദ്ര സ്ഥാപനമായ പി എം ബി ഐ  നിർമ്മിക്കുന്ന മരുന്നുകളാണ് ഇത്തരം കേന്ദ്രങ്ങളിലൂടെ വിതരണം ചെയ്യുന്നത്. ചില മരുന്നുകൾ സൗജന്യമായും വിലക്കുറവുള്ള രീതിയിലും ജനങ്ങളിൽ എത്തിക്കാനാണ് സർക്കാർ ശ്രമം. പദ്ധതി വൻതോതിൽ കർഷകരെ സഹായിക്കും എന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തൽ. ലോകത്ത് ഏറ്റവും കൂടുതൽ പാലുൽപാദിപ്പിക്കുന്ന രാജ്യമായ ഇന്ത്യയുടെ പേര് അതേപടി നിലനിർത്താനുള്ള ശ്രമമാണ് കേന്ദ്രം നടത്തുന്നത്.

Share This Post

Leave a Reply

Your email address will not be published. Required fields are marked *