റെയിൽവേ ടിക്കറ്റ് എടുക്കാൻ സ്വകാര്യ ആപ്പുകളെ ആശ്രയിക്കുന്നവരാണ് നിങ്ങളിൽ ഏറെയും. അവർക്ക് ഒരു സന്തോഷ വാർത്തയാണ് റെയിൽവേ മന്ത്രാലയത്തിൽ നിന്ന് പുറത്തുവരുന്നത്. ടിക്കറ്റ് എടുക്കുന്നത് ഉൾപ്പെടെയുള്ള സൗകര്യങ്ങൾക്കായി റെയിൽവേയുടെ ആപ്പ് നിലവിൽ വന്നിരുന്നു. ഈ ആപ്പ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ക്യാഷ്ബാക്ക് ഉൾപ്പെടെയുള്ള ഓഫറുകളാണ് റെയിൽവേ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്.
നിലവിലുള്ള യുടിഎസ് ആപ്പ്(UTS) പിൻവലിച്ചു കൊണ്ടാണ് യാത്രക്കാർക്ക് സൗകര്യപരമായ പുതിയ ആപ്ലിക്കേഷൻ റെയിൽവേ പുതുക്കുന്നത്. ഈ മാസം 28 വരെയാകും റെയിൽവേയുടെ ഈ പഴയ ആപ്ലിക്കേഷൻ നിലനിൽക്കുക. ജനുവരി ഒന്നു മുതൽ തന്നെ സീസൺ ടിക്കറ്റ് ഉൾപ്പെടെ ഈ ആപ്ലിക്കേഷൻ വഴി ബുക്ക് ചെയ്യുന്നത് നിർത്തലാക്കിയിരുന്നു. എല്ലാ സൗകര്യങ്ങളും ഒറ്റ ആപ്ലിക്കേഷനിൽ എന്ന പ്രഖ്യാപനവുമായി ആണ് റെയിൽ വൺ ((rail one) റെയിൽവേ പുറത്തിറക്കിയത്.
റെയിൽവേയുടെ പ്രഖ്യാപന പ്രകാരം മാർച്ച് ഒന്നു മുതൽ റെയിൽ വൺ എന്ന പേരിലുള്ള ആപ്ലിക്കേഷൻ ആണ് ഇനിമുതൽ നിരവധി സൗകര്യങ്ങൾ ഉൾപ്പെടുത്തി പ്രവർത്തിക്കുക. നിലവിലുള്ള യുടിഎസ് ആപ്ലിക്കേഷനിൽ ഇതിനകം എടുത്ത സീസൺ ടിക്കറ്റുകൾ ഉൾപ്പെടെ ജനുവരി 28 വരെ മാത്രമാകും കാണുക.’ ഷോ ടിക്കറ്റിൽ അതിനുശേഷം ഇത് കാണില്ല എന്നർത്ഥം’. എന്നാൽ പണം ഉൾപ്പെടെ യാത്രക്കാർക്ക് നഷ്ടപ്പെടാത്ത രീതിയിലാണ് ക്രമീകരണം. യുടിഎസ് ആപ്പിൽ ഉണ്ടായിരുന്ന പണം പുതിയ റെയിൽ വൺ ആപ്ലിക്കേഷനിൽ നിലനിൽക്കുന്ന രീതിയിലാണ് ക്രമീകരണം. പഴയ യൂസർ ഐഡിയും വ്യക്തി വിവരങ്ങളും തന്നെ ഇവിടെയും ഉപയോഗിക്കണം എന്ന് മാത്രം.
റെയിൽ വൺ ആപ്ലിക്കേഷനിൽ പ്രത്യേക ഓഫറുകളും
സാധാരണ നിലയിൽ റെയിൽവേ പ്രഖ്യാപിക്കാത്ത ഓഫറുകളുമായാണ് റെയിൽ വൺ ആപ്ലിക്കേഷനിലേക്ക് ഉപഭോക്താക്കളെ റെയിൽവേ ക്ഷണിക്കുന്നത്. ക്യാഷ് ബാക്ക് ഓഫറുകളാണ് ഇതിൽ പ്രധാനം. റെയിൽ വൺ ആപ്ലിക്കേഷൻ വഴി ബുക്ക് ചെയ്യുന്നവർക്ക് മൂന്ന് ശതമാനം ക്യാഷ് ബാക്ക്(cash back) ഇനി ലഭിക്കും. അൺ റിസർവ്ഡ് ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കാണ് ഈ ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. 2026 ജൂലൈ 14 വരെയാണ് നിലവിൽ ഈ ഓഫർ പ്രാബല്യത്തിൽ ഉണ്ടാകുക.
സൗകര്യങ്ങൾ നിരവധി
എല്ലാം ഒരു കുടക്കീഴിൽ കൊണ്ടുവരിക എന്നതാണ് റെയിൽവേയുടെ പുതിയ നയം. റെയിൽ വൺ ആപ്ലിക്കേഷൻ വഴി ഇത് കൂടി ആണ് നിലവിൽ വരുന്നത്. റിസർവേഷൻ ടിക്കറ്റ് കൂടാതെ അൺ റിസർവ്ഡ് ടിക്കറ്റും ഈ ആപ്ലിക്കേഷൻ വഴി എടുക്കാം. പ്ലാറ്റ്ഫോം ടിക്കറ്റും ഇതുവഴി ബുക്ക് ചെയ്യാം. ഐആർസിടിസി വഴിയുള്ള ഭക്ഷണം ബുക്ക് ചെയ്യാനും ഇതിൽ സൗകര്യമുണ്ട്. ട്രെയിനിന്റെ തൽസമയ വിവരങ്ങൾ അറിയുന്നതിനും ഇതിൽ സൗകര്യമുണ്ട്. പരാതികൾ നൽകാനും റെയിൽവേ ഈ ആപ്ലിക്കേഷനിൽ വഴിയൊരുക്കിയിട്ടുണ്ട്.
റെയിൽ വൺ ആപ്ലിക്കേഷൻ ഇതിനകം നിലവിൽ ഉണ്ടെങ്കിലും മതിയായ വേഗതയില്ല എന്ന ആക്ഷേപമുണ്ട്. സ്വകാര്യ ആപ്ലിക്കേഷനുകളെ താരതമ്യം ചെയ്തു കൊണ്ടാണ് ഉപഭോക്താക്കൾ ഈ അഭിപ്രായം പങ്കുവെക്കുന്നത്. പുതുക്കിയ സൗകര്യങ്ങളുമായി ആപ്ലിക്കേഷൻ നിലവിൽ വരുമ്പോൾ ഈ പരിമിതികൾ മറികടക്കുമോ എന്നാണ് കാത്തിരുന്നു കാണേണ്ടത്. വേഗതയുടെ കാര്യത്തിൽ നേട്ടം കൊയ്ത ഇന്ത്യൻ റെയിൽവേ സ്വന്തം ആപ്ലിക്കേഷന്റെ കാര്യത്തിലും ഇത് പാലിക്കും എന്ന് പ്രതീക്ഷിക്കാം.


