മലയാളത്തിന്റെ ഇതിഹാസ.താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ച് അഭിനയിച്ച ബ്രഹ്മാണ്ഡ ചിത്രം ‘പാട്രിയറ്റി’ന്റെ ചിത്രീകരണ ദൃശ്യങ്ങൾ പുറത്തുവിട്ട് താരങ്ങൾ. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയാണ് മോഹൻലാലും മമ്മൂട്ടിയും ബിഹൈൻഡ് ദി സീൻ ആദ്യഭാഗം പുറത്തുവിട്ടത്. പ്രേക്ഷകരെ രോമാഞ്ചത്തിൽ നിർത്തുന്ന ദൃശ്യ ഭംഗിയുള്ള കാഴ്ചകളാണ് പുറത്തുവന്നിരിക്കുന്നത്. മമ്മൂട്ടിക്കും മോഹൻലാലിനും ഒപ്പം ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ തുടങ്ങി മലയാളത്തിലെ മുൻനിര താരങ്ങളെല്ലാം സിനിമയിൽ എത്തുന്നു. ഇവരുടെ ദൃശ്യങ്ങളും വീഡിയോയിൽ കാണാം.
മലയാളത്തിന്റെ ഹിറ്റ് സംവിധായകൻ മഹേഷ് നാരായണൻ ആണ് സിനിമയുടെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. ശ്രീലങ്കയിൽ ചിത്രീകരിച്ച ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. യുദ്ധവിമാനം പറക്കുന്നത് ഷൂട്ട് ചെയ്യുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ച് നടന്നുവരുന്ന കാഴ്ച മലയാള സിനിമ പ്രേമികളെ ആവേശത്തിൽ ആക്കുന്നതാണ്. ഇവരെ കൂടാതെ ഫഹദ് ഫാസിൽ കുഞ്ചാക്കോ ബോബൻ തുടങ്ങിയവരെയും ദൃശ്യങ്ങളിൽ കാണാം.
18 വർഷങ്ങൾക്ക് ശേഷമാണ് മലയാളത്തിന്റെ പ്രിയ താരങ്ങളായ മോഹൻലാലും മമ്മൂട്ടിയും ഒരുമിച്ച് സിനിമയിൽ വേഷമിടുന്നത്. സ്റ്റൈലൻ ലുക്കിൽ തന്നെയാണ് ഇരുവരെയും സിനിമയിൽ കാണുന്നത്. യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും നിറഞ്ഞ വിമാനത്താവളത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. പേര് പോലെ ദേശസ്നേഹത്തിന്റെ കഥ പറയുന്ന സിനിമയാണ് ‘പാട്രിയറ്റ്’എന്നാണ് സൂചന.
പൈലറ്റിന്റെ വേഷത്തിലാണ് സിനിമയിൽ കുഞ്ചാക്കോ ബോബനെ കാണുന്നത്. ഫഹദ് ഫാസിലും സമാനമായ രീതിയിൽ പൈലറ്റ് ആയി സിനിമയിൽ വേഷമിടുന്നു. നയൻതാര, രാജീവ് മേനോൻ ഉൾപ്പെടെ വലിയ താരനിരയാണ് ചിത്രത്തിന്റെ പ്രത്യേകത.
ഏപ്രിൽ 23നാണ് സിനിമ ആരാധകർ കാത്തിരിക്കുന്ന പാട്രിയറ്റ് തീയറ്ററുകളിൽ റിലീസിന് എത്തുന്നത്. ഇക്കാര്യവും അണിയറ പ്രവർത്തകർ സ്ഥിരീകരിക്കുന്നു. ലോകമെമ്പാടും വൻ റിലീസിനുള്ള ഒരുക്കങ്ങളാണ് അണിയറയിൽ നടക്കുന്നത്. ഏപ്രിൽ രണ്ടിന് ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ‘ദൃശ്യം 3’ തീയറ്ററുകളിൽ എത്തും. ഇതിന് തൊട്ടു പിന്നാലെ ‘പാട്രിയറ്റ്’ കൂടി എത്തുന്നതോടെ മധ്യ വേനൽ അവധിക്കാലം ആഘോഷത്തിന്റേതാകും എന്ന് ഉറപ്പായിക്കഴിഞ്ഞു. മികച്ച സാങ്കേതിക പ്രവർത്തകർ ഉൾപ്പെടെയുള്ളവരും സിനിമയുടെ ഭാഗമാണ്.
അന്താരാഷ്ട്ര ചാരവൃത്തി ഉൾപ്പെടെയുള്ള കാര്യങ്ങൾ സിനിമയിൽ ഉണ്ടെന്നാണ് സൂചന. അതുകൊണ്ടുതന്നെ വിദേശരാജ്യങ്ങളിൽ ചിത്രീകരിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ വിദേശരാജ്യങ്ങളിൽ ചിത്രീകരിച്ച സിനിമ കൂടിയാണ് ‘പാട്രിയറ്റ്’. ഇന്ത്യക്ക് പുറമെ, യുകെ, അസർബൈജാൻ,യുഎഇ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങൾ ആയിരുന്നു പ്രധാന ലൊക്കേഷനുകൾ. ടീസർ ഇറങ്ങിയ സമയത്ത് തന്നെ സിനിമയെ വലിയ ആവേശത്തോടുകൂടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. സാധാരണഗതിയിൽ പതിവില്ലാത്തതാണ് മേക്കിങ് വീഡിയോകൾ പുറത്തുവിടുന്ന രീതി. പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായി കൂടിയാണ് ആരാധകരെ ത്രില്ലടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്തുവിട്ടത്. ഇപ്പോൾ കേട്ട വലിയ താരനിരയെ കൂടാതെ ആരൊക്കെ സസ്പെൻസ് ആയി സിനിമയിൽ രംഗത്ത് എത്തും എന്നതാണ് കാത്തിരുന്നു കാണേണ്ടത്. മലയാളത്തിന്റെ ഈ ബ്രഹ്മാണ്ഡ ചിത്രം നിർമ്മിക്കുന്നത് ആന്റോ ജോസഫ് ആണ്.


