പുറത്തിറങ്ങുന്ന ‘ആട് 3’ അവസാന ഭാഗം?

AADU-3-RELEASE-DATE-MARCH19-VIJAYBABU-SHAJIPAPPAN

മലയാളികളെ കുടുകുടെ ചിരിപ്പിച്ച ചിത്രമാണ് ആട്. ആടിന്റെ മൂന്നാം ഭാഗമാണ് ഈ മാർച്ച് 19ന് തിയേറ്ററുകൾ കീഴടക്കാൻ എത്തുന്നത്. ഒന്നും രണ്ടും ഭാഗങ്ങൾക്ക് കിട്ടിയ ജനസമ്മതി തന്നെയാണ് ആട് മൂന്നാം ഭാഗത്തിന്റെ പ്രതീക്ഷ കൂട്ടുന്നത്. ഷൂട്ടിംഗ് പൂർത്തിയായി പോസ്റ്റ് പ്രൊഡക്ഷൻ വർക്കിലാണ് ആട് 3.’ ഭൂതകാലം പുണരുന്നു’ എന്ന  ടൈറ്റിൽ ആണ് ആട് മൂന്നിനെ കുറിച്ച് അണിയറ  പ്രവർത്തകർ പുറത്തുവിട്ട വിവരം. അതുകൊണ്ടുതന്നെ ആട് 3 ടൈം ട്രാവൽ സിനിമയാണോ എന്നത് അടക്കമുള്ള ചോദ്യങ്ങൾ ഇതിനകം ഉയർന്നു കഴിഞ്ഞു. സിനിമയുടെ പ്രമോഷൻ വർക്കുകളും തുടങ്ങി. ഇതുവരെ ഫ്രൈഡേ ഫിലിം ഹൗസ് ആണ് ഒന്നും രണ്ടും ഭാഗം നിർമ്മിച്ചതെങ്കിൽ മൂന്നാം ഭാഗം ഫ്രൈഡേ ഫിലിംസും കാവ്യ ഫിലിംസും ചേർന്നാണ് പുറത്തിറക്കുന്നത്.

 ബിഗ് ബജറ്റ് ചിത്രം

 ഒന്നും രണ്ടും ഭാഗങ്ങൾ കണ്ടതിൽ നിന്ന് വ്യത്യസ്തമായി ബിഗ് ബജറ്റിൽ ആണ് ആട് മൂന്ന് നിർമ്മിച്ചിരിക്കുന്നത്. ബജറ്റ് ഉയർന്നതോടെയാണ് മറ്റൊരു നിർമ്മാണ കമ്പനിയെ കൂടി ആട് മൂന്നിന്റെ ഭാഗമാകാൻ ഫ്രൈഡേ ഫിലിം ഹൗസ്  ക്ഷണിച്ചതെന്ന് നിർമ്മാതാവ് വിജയ് ബാബു വ്യക്തമാക്കി. എന്നാൽ സിനിമയുടെ കഥ ഉൾപ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് പ്രതികരിക്കാൻ വിജയ് ബാബു തയ്യാറായില്ല.

 എപ്പിക്ക് ഫാന്റസി 

 ആട് മൂന്നിനെ കുറിച്ച് ഇതുവരെ പുറത്തുവന്ന വിവരങ്ങൾ ഇതു മാത്രമാണ്. ആട് മൂന്ന് ഒരു എപ്പിക്ക് ഫാന്റസി സിനിമയാണ്. കഥാപാത്രങ്ങളുടെ ഭൂതകാലത്തേക്കുള്ള സഞ്ചാരമാണോ എന്നതിനു പോലും സസ്പെൻസ് തുടരട്ടെ എന്ന ഉത്തരം മാത്രമാണ് നിർമ്മാതാവ് വിജയ് ബാബു പറഞ്ഞത്. ആടിന്റെ അവസാനഭാഗങ്ങളിലേക്കാണ് സിനിമ എത്തുന്നത് എന്നും വിജയ് ബാബു സൂചന നൽകി. ഒന്നും രണ്ടും  ഭാഗങ്ങളെ പോലെ കോമഡി ആണ് മൂന്നാം ഭാഗത്തിന്റെയും ആത്മാവ് എന്നും അദ്ദേഹം വ്യക്തമാക്കി.

 ഒന്നാം ഭാഗം വിജയിപ്പിച്ചത് ഇങ്ങനെ

 ആട് ഒന്ന് തിയേറ്ററുകളിൽ ബോക്സ് ഓഫീസ് പരാജയമായിരുന്നു. പിന്നീട് അത് വിജയിപ്പിക്കാൻ  എടുത്ത പണിയെ കുറിച്ച് വിജയ് ബാബു വ്യക്തമാക്കുന്നു. ടിവിയിലെ പ്രദർശനം ആണ് അന്ന് പ്രധാനം. ഓ ടി ടി പ്ലാറ്റ്ഫോമുകൾ അന്ന് നിലവിൽ വന്നിട്ടില്ല.  ടെലിവിഷനിൽ ഉണ്ടായ വലിയ വിജയമാണ് ആ സിനിമയെ ശ്രദ്ധേയമാക്കിയത്. അതിന് മുൻപ് ഡിവിഡി ആയി പുറത്ത് ഇറക്കാൻ ശ്രമിച്ചു എങ്കിലും ആരും സിനിമ ഏറ്റെടുത്തില്ല. തുടർന്ന് ഫ്രൈഡേ ഫിലിംസ് തന്നെ ഫ്രൈഡേ ഹോം എന്ന പേരിൽ ഡിവിഡി പുറത്തിറക്കുകയായിരുന്നു. ആദ്യം പുറത്തിറക്കിയ കോപ്പി കൂടാതെ കൂടുതൽ ആവശ്യക്കാർ വന്നതോടെ സിനിമ അത്തരത്തിൽ ഹിറ്റാകുമെന്ന് ഉറപ്പായി. ആ ഘട്ടത്തിൽ തന്നെ സിനിമയ്ക്ക് രണ്ടാം ഭാഗം എടുക്കാൻ തീരുമാനിക്കുകയായിരുന്നു എന്ന് നിർമ്മാതാവ് വ്യക്തമാക്കുന്നു.

 ആട് ഒന്നാം ഭാഗം തിയേറ്ററിൽ പരാജയപ്പെട്ടതുകൊണ്ടുതന്നെ രണ്ടാം ഭാഗം ഇറങ്ങിയപ്പോൾ തുടക്കത്തിൽ തിരിച്ചടി ഉണ്ടായി. അന്ന് അഞ്ചു സിനിമകൾ ഇതിന് പുറമേ റിലീസിന് ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ ആദ്യ ആഴ്ച 80 തിയേറ്ററുകളിൽ മാത്രമാണ് സിനിമ എത്തിയത്. ആദ്യ ആഴ്ച തന്നെ തിയേറ്റർ നിറഞ്ഞതോടെ തൊട്ടടുത്ത ആഴ്ച 250 തിയേറ്ററുകളിലേക്ക് ആട് എത്തിയ അനുഭവം വിജയ് ബാബു പറയുന്നു. ഏതായാലും ആടിന്റെ അവസാന ഭാഗത്തേക്കാണ് സിനിമ എത്തിയതെന്ന് അഭിമുഖങ്ങളിൽ വിജയ് ബാബു ബാബു പറയുന്നുണ്ട്. ആട് 4 പ്രതീക്ഷിക്കേണ്ടതില്ല എന്നർത്ഥം.

Share This Post

Leave a Reply

Your email address will not be published. Required fields are marked *