നിങ്ങൾ ആന പ്രേമികൾ ആണോ? ഇതെന്തൊരു ചോദ്യമാണല്ലേ! ആനപ്രേമികൾ അല്ലാത്ത ഏതെങ്കിലും മലയാളികൾ ഉണ്ടോ. ചിലർക്ക് നാട്ടാനകളെ ആയിരിക്കും ഇഷ്ടം. ചിലർക്ക് പക്ഷേ കാട്ടാനകളെ തന്നെ കാണണം. നാട്ടാനകളെ ഇങ്ങനെ ചങ്ങലയിൽ ബന്ധിച്ച് ഉത്സവപ്പറമ്പുകളിൽ ഒക്കെ നടത്തിക്കുന്നത് കണ്ടു രോഷം കൊള്ളുന്നവരും ഉണ്ട്. ആനകൾക്കെതിരായ പീഡനങ്ങൾക്കെതിരെ നിയമനടപടികൾ പോലും ഉണ്ടാകാറുണ്ട്. ഏതായാലും പറഞ്ഞു വരുന്നത് നാട്ടാനകളെ കുറിച്ചല്ല. നല്ല അസ്സൽ കാട്ടാനകൾ. അതും ഒന്നും രണ്ടും അല്ല,ഒരു കൂട്ടം കാട്ടാനകളെ തന്നെ നിങ്ങൾക്ക് കാണാം. കൊമ്പനും പിടിയും കുട്ടിയാനകളും എല്ലാമായി കുറഞ്ഞത് പത്ത് മുപ്പത് എണ്ണം എങ്കിലും കാണും. അങ്ങനെ ഒരു സ്ഥലത്തെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ. പറഞ്ഞുവരുന്നത് ഇടുക്കി ജില്ലയിലെ ആനക്കുളത്തെ കുറിച്ചാണ്. നിങ്ങൾ കേട്ടിട്ടുണ്ടെങ്കിലും ഏതാണ് ആനക്കുളത്തേക്ക് പോകാൻ പറ്റിയ സമയം എന്നറിയുമോ? ഇപ്പോൾ തന്നെ. ആനക്കുളത്ത് ആനകളെ കാണാൻ ഏറ്റവും പറ്റിയ സമയം ഈ വേനൽ കാലം തന്നെ.
ആനക്കുളത്തേക്ക് ആനകൾ കൂട്ടമായി എത്തുന്നത് വെള്ളം കുടിക്കാനാണ്. സാധാരണഗതിയിൽ വൈകുന്നേരങ്ങളിലാണ് പലപ്പോഴും ആനകൾ ഇങ്ങനെ കൂട്ടമായി വരാറുള്ളത്. എന്നാൽ അപൂർവമായി ചില ദിവസങ്ങളിൽ ആനകൾ ഇവിടെ വരാറുമില്ല. പക്ഷേ വേനൽക്കാലം എത്തിയതോടെ കാട്ടിലെ മറ്റ് ജലസ്രോതസ്സുകൾ വറ്റിയ സാഹചര്യമാണുള്ളത്. ഇതുകൊണ്ട് കൂടിയാണ് ആനകളെ ഇപ്പോൾ കൂടുതലായി കാണാൻ തുടങ്ങിയത്. മിക്ക ദിവസങ്ങളിലും ആനക്കുളത്തെ പുഴയിൽ ആനകൾ കൂട്ടമായി എത്തുന്നുണ്ട്. 30 മുതൽ 40 വരെയെണ്ണം ആനകൾ വരെ ചില ദിവസങ്ങളിൽ എത്താറുണ്ട്. വൈകുന്നേരങ്ങളിലാണ് പലപ്പോഴും കൂടുതലായി ആനകൾ എത്തുന്നത്.
ആലക്കുളത്തെ വെള്ളത്തിന് പ്രത്യേക രുചിയാണ് എന്നാണ് പറയപ്പെടുന്നത്. പുഴയിലെ ഒരു പ്രത്യേക സ്ഥലത്ത് നിന്നാണ് ആനകൾ വെള്ളം കുടിക്കാറുള്ളത്. പാറയുടെ സമീപത്ത് നിന്നും ഉയരുന്ന കുമിളകൾ ഉപ്പുരസം ഉള്ളതാണെന്നും അതുകൊണ്ടാണ് ആനകൾ കൂട്ടമായി ഇവിടെ എത്തുന്നത് എന്നുമാണ് പ്രദേശവാസികൾ പറയുന്നത്. ഏതായാലും ആനകളെ കാണാൻ ഇത്രയും പറ്റിയ ഒരു സ്ഥലം വേറെയില്ല. മാത്രമല്ല ഏറ്റവും പറ്റിയ സമയവും വേനൽക്കാലമാണ്
ആനകൾ പലപ്പോഴും അപകടകാരികളായി മാറാറുണ്ട്. ഒരു നിശ്ചിത അകലത്തിൽ നിന്ന് വേണം ആനകളെ പൊതുവേ കാണാൻ. എന്നാൽ ആനക്കുളം ഇതിൽ നിന്നൊക്കെ കുറച്ചു വ്യത്യസ്തമാണ്. ആനകളിൽ നിന്ന് ഒരുപാട് അകലെയല്ലാതെ നിന്നുകൊണ്ട് അവയുടെ കളികളും മറ്റും കാണാൻ കഴിയുന്നത്ര സേഫ് സ്ഥലം ആണ് ഇത്. ആനകൾ എത്തിയാൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർ ഉൾപ്പെടെ വന്ന് ആളുകളെ നിയന്ത്രിക്കാറുണ്ട്. ആനകളോടുള്ള കൗതുകം കൊണ്ട് ആളുകൾ കൂടുതൽ അടുത്തേക്ക് പോകുന്നതൊഴിവാക്കാനാണ് ഈ നിയന്ത്രണങ്ങൾ. എന്നാൽ കാര്യമായ അതിക്രമങ്ങൾ ഒന്നും ഇവിടുത്തെ കാട്ടാനകൾ ഇതുവരെ ജനങ്ങളോടോ വിനോദസഞ്ചാരികളോടോ നടത്തിയിട്ടില്ല എന്നതാണ് ഏറെ ആശ്വാസകരമായ ഉള്ളത്.
എങ്ങനെ പോകും?
മൂന്നാറിന് സമീപമാണ് ആനക്കുളം. എന്നാൽ മൂന്നാറിന് സമാനമായ കാലാവസ്ഥ അല്ല ഇവിടെയുള്ളത്. പൂർണ്ണമായും കാടിനോട് ചേർന്നു നിൽക്കുന്ന പ്രദേശമാണ് ഇത്. മൂന്നാറിൽ നിന്നും ലച്മി എസ്റ്റേറ്റ് വഴി മാങ്കുളത്ത് എത്താൻ സാധിക്കും. അവിടെനിന്ന് 7 കിലോമീറ്റർ സഞ്ചരിച്ചാൽ ആനക്കുളം ആകും. മൂന്നാറിൽ നിന്ന് കല്ലാർ എത്തി, അവിടെ നിന്നും തിരിഞ്ഞ് മാങ്കുളം വന്നും ആനക്കുളത്ത് എത്താം. മൂന്നാറിലേക്ക് പോകുന്ന വഴിയിൽ അടിമാലിയിൽ നിന്ന് തിരിഞ്ഞും ആനക്കുളത്തെത്താൻ വഴിയുണ്ട്. കെഎസ്ആർടിസി ഇവിടേക്ക് ജംഗിൾ സഫാരികൾ നടത്താറുണ്ട്.


