പൊതുമരാമത്ത് പകുപ്പിന്റെ റസ്റ്റ് ഹൗസുകൾ സംസ്ഥാനത്ത് ഒട്ടാകെയുള്ളത് നിങ്ങൾക്ക് പരിചിതമായിരിക്കും. കുറഞ്ഞ നിരക്കിൽ സാധാരണക്കാർക്ക് താമസിക്കാം എന്നതാണ് പിഡബ്ല്യുഡി റസ്റ്റ് ഹൗസുകളുടെ പ്രത്യേകത. ഇതുകൂടാതെ ഗവൺമെന്റ് ഗസ്റ്റ് ഹൗസുകളും സംസ്ഥാനത്ത് ഒട്ടാകെ ഉണ്ട്. എന്നാൽ പൊതുമരാമത്ത് വകുപ്പിന്റെ റസ്റ്റ് ഹൗസുകൾ ആണ് കുറച്ചുകൂടി വിപുലമായി ഉള്ളത്. ഇതിന് പുറമേ വനമേഖലയിൽ അടക്കം കെഎസ്ഇബി ക്കും ഗസ്റ്റ് ഹൗസുകൾ ഉണ്ട്. വനം വകുപ്പിനും ഐബികൾ ഉൾപ്പെടെയുള്ള താമസസൗകര്യങ്ങൾ ഉണ്ട്. ഇതിന് പുറമെയാണ് അധികമാരും ശ്രദ്ധിക്കാതെ വാട്ടർ അതോറിറ്റിയുടെ ഗസ്റ്റ് ഹൗസുകൾ. അതും ഇടുക്കിയിൽ ഉള്ള ഗസ്റ്റ് ഹൗസ് സഞ്ചാരികളായ നിങ്ങൾക്ക് ഏറെ ഉപകാരപ്പെടുന്നതാണ്.

ഇടുക്കിയിൽ രണ്ടിടത്താണ് വാട്ടർ അതോറിറ്റി ഗസ്റ്റ് ഹൗസുകൾ ഉള്ളത്. ഇടുക്കി ജില്ലാ ആസ്ഥാനം സ്ഥിതിചെയ്യുന്ന പൈനാവിൽ ആണ് ഇതിൽ ഒന്ന് പ്രവർത്തിക്കുന്നത്. ചെറുതോണി ഡാമിന് സമീപമുള്ള ഗസ്റ്റ് ഹൗസാണ് ഇതിൽ രണ്ടാമത്തേത്. ഡാമുകളുടെ മനോഹര കാഴ്ചയും ഇടുക്കി വന്യജീവി സങ്കേതത്തിന്റെ അനുഭവമെല്ലാം അടുത്തറിയാൻ കഴിയുന്നതാണ് ഈ ഗസ്റ്റ് ഹൗസുകൾ. അടുത്തിടെ നിർമ്മിച്ച ഗസ്റ്റ് ഹൗസുകൾ ജനങ്ങൾക്കായി തുറന്നു കൊടുത്തു.
വിവിധ സൗകര്യങ്ങൾ കൊണ്ടുതന്നെ വ്യത്യസ്തമാണ് ഇവിടുത്തെ മുറികൾ. മുറിയിലിരുന്നു കൊണ്ട് തന്നെ ഡാം ആസ്വദിക്കാം എന്നതാണ് ഇതിന്റെ ഒരു പ്രധാന പ്രത്യേകത. അതായത് സുരക്ഷ മുൻകരുതൽ ഏറെയുള്ള പ്രദേശത്ത് നിങ്ങൾക്ക് സ്വസ്ഥമായിരുന്ന് ഡാം കാണാം. വിശാലമായ മുറികളാണ് ഇവിടുത്തെ ഒരു പ്രത്യേകത. കൊടുക്കുന്ന പണത്തിന് മതിയായ സൗകര്യം ലഭിക്കുന്നു എന്നത് ഗസ്റ്റ് ഹൗസുകളുടെ പ്രത്യേകത തന്നെയാണ്. വൃത്തിയുള്ള മുറികൾ കുടുംബത്തിനൊപ്പം താമസിക്കുന്നവർക്കും സ്വീകാര്യത വർദ്ധിപ്പിച്ചിട്ടുണ്ട്.

എസി സ്യൂട്ട് റൂമുകൾ രണ്ടെണ്ണമാണ് ഇവിടെ പ്രവർത്തിക്കുന്നത്. ഒരു എ സി സ്യൂട്ട് റൂമിന് ദിവസം 3000 രൂപയാണ് വാടക. വിവിധ ഡബിൾ റൂമുകളും ഇവിടെ ലഭ്യമാണ്. ക്ലാസ് എ വിഭാഗത്തിൽപ്പെട്ട ഡബിൾ റൂമിന് ആയിരം രൂപയാണ് ഒരു ദിവസത്തെ നിരക്ക്. ക്ലാസ് ബി വിഭാഗത്തിൽപ്പെട്ട ഡബിൾ റൂമിന് 800 രൂപ നൽകിയാൽ മതി. രണ്ട് ക്ലാസ് ബി ഡബിൾ റൂമുകളാണ് ഇവിടെയുള്ളത്.
ക്ലാസ് എ വിഭാഗത്തിൽപ്പെട്ട ഒരു സിംഗിൾ റൂമും ഇവിടെ പൊതുജനങ്ങൾക്ക് ലഭ്യമാണ്. 750 രൂപയാണ് ഈ റൂമിന് നിങ്ങൾ നൽകേണ്ടിവരിക. ഇതിനുപുറമേ 100 പേർക്ക് ഇരിക്കാൻ കഴിയുന്ന കോൺഫറൻസ് ഹാളും ഇവിടെ തന്നെ ലഭ്യമാണ്. 10000 രൂപയാണ് ഇതിന്റെ വാടക. 8547638464 എന്നാൽ ഫോൺ നമ്പറിൽ വിളിച്ചാൽ നിങ്ങൾക്ക് റൂമുകൾ ബുക്ക് ചെയ്യാൻ സാധിക്കും.ibkwaidukki@gmail.com എന്നാൽ ഇമെയിൽ വിലാസത്തിലും നിങ്ങൾക്ക് റൂമുകൾ ബുക്ക് ചെയ്യാൻ സാധിക്കും. ബുക്ക് ചെയ്യുന്നതിന് മുൻപ് മുകളിൽ നൽകിയിട്ടുള്ള ഫോൺ നമ്പറിൽ വിളിച്ച് സൗകര്യങ്ങൾ ഒന്നുകൂടി വിലയിരുത്തുക. ഏറെ തണുപ്പുള്ള സ്ഥലം ആയതുകൊണ്ട് തന്നെ എസി നിങ്ങൾക്ക് വേണ്ടിവരില്ല എന്നതാണ് ഒരു പ്രത്യേകത. കാലാവസ്ഥയിലെ മാറ്റം ഉൾപ്പെടെ ഇക്കാര്യത്തിൽ പരിശോധിക്കുന്നത് നല്ലതായിരിക്കും.
പ്രളയ സമയങ്ങളിൽ ഇടുക്കിയിലേക്കുള്ള യാത്ര കൂടുതൽ സുരക്ഷിതമാക്കാൻ ശ്രമിക്കുക. വഴിയിൽ മണ്ണിടിച്ചിൽ ഉണ്ടാകാനുള്ള സാധ്യത മുൻകൂട്ടി കണ്ട് ജാഗ്രത പാലിക്കുന്നത് നല്ലതായിരിക്കും. അത്തരം സന്ദർഭങ്ങളിൽ യാത്ര തടസ്സങ്ങൾ ഉണ്ടോ എന്ന് മുൻകൂട്ടി ഉറപ്പുവരുത്തിയ ശേഷം യാത്ര തുടങ്ങുന്നതായിരിക്കും നല്ലത്. ഏതായാലും ഒരിക്കലെങ്കിലും കാണേണ്ട ഒരിടം തന്നെയാണ് ഇടുക്കി. അവിടെ പുതിയതായി ഗസ്റ്റ് ഹൗസുകൾ നിർമ്മിച്ച വാട്ടർ അതോറിറ്റി പ്രശംസ അർഹിക്കുന്നു.


